മാപ്പ് പറയാമെന്ന് എഡിജിപിയുടെ മകള്‍; കേസുമായി മുന്നോട്ട് പോവുമെന്ന് ഗവാസ്‌കര്‍

തിരുവനന്തപുരം: എഡിജിപി സുദേശ് കുമാറിന്റെ മകള്‍ പോലിസ് ഡ്രൈവറെ മര്‍ദിച്ച സംഭവം ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമം പൊളിഞ്ഞതിനു പിന്നാലെ പുതിയ നീക്കവുമായി എഡിജിപിയുടെ കുടുംബം. സംഭവത്തില്‍ ഗവാസ്‌കറോട് മാപ്പ് പറയാന്‍ യുവതി തയ്യാറാണെന്ന് അറിയിച്ചു.
എന്നാല്‍, ഗവാസ്‌കര്‍ ഇതിനു വഴങ്ങിയില്ല. കേസ് ഒത്തുതീര്‍പ്പാക്കുന്നതിനായി അഭിഭാഷകതലത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് മാപ്പ് പറയാന്‍ തയ്യാറാണെന്നു യുവതി അറിയിച്ചത്. എന്നാല്‍, ഒത്തുതീര്‍പ്പിനില്ലെന്നും എന്തുവന്നാലും കേസുമായി മുന്നോട്ടു തന്നെ പോവുമെന്നും ഗവാസ്‌കറിന്റെ കുടുംബം വ്യക്തമാക്കി. നിയമനടപടികള്‍ തുടരട്ടേയെന്ന നിലപാടാണ് തങ്ങള്‍ക്കുള്ളതെന്നും എഡിജിപിയുടെ മകളുടെ അഭിഭാഷകനെ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് യുവതിയെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി തടഞ്ഞിരുന്നില്ല. എന്നാല്‍, യുവതിയെ അറസ്റ്റ് ചെയ്യാന്‍ ക്രൈംബ്രാഞ്ച് തയ്യാറായിട്ടില്ല. പോലിസുകാരന്റെ ഡ്യൂട്ടി തടസ്സപ്പെടുത്തിയെന്ന നിസ്സാര വകുപ്പാണ് യുവതിക്കെതിരേ ചുമത്തിയിട്ടുള്ളത്. ഈ വകുപ്പു ചുമത്തിയാല്‍ അറസ്റ്റ് നിര്‍ബന്ധമല്ലെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. പരമാവധി നാലു വര്‍ഷം തടവുശിക്ഷ കിട്ടാവുന്ന വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ഏഴുവര്‍ഷത്തില്‍ താഴെ ശിക്ഷയുള്ള കേസുകളില്‍ സ്ത്രീകളുടെ അറസ്റ്റ് നിര്‍ബന്ധമില്ലെന്നു നിയമമുണ്ടെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നു. മര്‍ദനമുണ്ടായ കനകക്കുന്നില്‍ സിസിടിവി ഇല്ല. സാക്ഷികളുമില്ല. ഈ സാഹചര്യത്തില്‍ സാഹചര്യ, ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കേണ്ടതുണ്ടെന്നും അതിനുശേഷം കോടതിയില്‍ റിപോര്‍ട്ട് നല്‍കിയാല്‍ മതിയെന്നുമാണ് ക്രൈംബ്രാഞ്ച് നിലപാട്.
Next Story

RELATED STORIES

Share it