malappuram local

മാപ്പിള സാഹിത്യം ആത്മവിശ്വാസത്തിന്റെ സാക്ഷരത

കൊണ്ടോട്ടി: ഇന്ത്യന്‍ മുസ്‌ലിംകള്‍ നേടിയ ആത്മവിശ്വാസത്തിന്റെ സാക്ഷരതയാണ് മാപ്പിള സാഹിത്യമെന്ന് എഴുത്തുകാരനും ആക്ടിവിസ്റ്റുമായ പ്രൊഫ. എം എ റഹ്മാന്‍ പറഞ്ഞു. കെ കെ മുഹമ്മദ് അബ്ദുല്‍ കരീം ഫൗണ്ടേഷന്‍ പ്രസിദ്ധീകരിച്ച ഡോ. പി സക്കീര്‍ ഹുസൈന്‍ രചിച്ച കുഞ്ഞായിന്‍ മുസ്‌ലിയാരുടെ നൂല്‍മാല മൊഴിയും പൊരുളും എന്ന പുസ്തകം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഖാളി മുഹമ്മദിനും കുഞ്ഞായിന്‍ മുസ്‌ലിയാര്‍ക്കും അപ്പുറം അറിയപ്പെടാത്ത മുത്തുകള്‍ പലതും മാപ്പിള സാഹിത്യത്തില്‍ കണ്ടെടുക്കാനുണ്ട്. കെ കെ മുഹമ്മദ് അബ്ദുല്‍ കരീം 1980-ല്‍ കണ്ടെത്തിയ ഒരു ഗ്രന്ഥത്തിന് വ്യാഖ്യാനം ചമയ്ക്കാന്‍ പോലും മലയാളി മുപ്പത്തിയഞ്ച് വര്‍ഷം എടുത്തു എന്നത് കുറ്റകരമായ തിരിച്ചറിവാണ്. നിരൂപകനും പ്രഭാഷകനുമായ പ്രൊഫ. രാജേന്ദ്രന്‍ എടത്തുംകര പുസ്തകം ഏറ്റുവാങ്ങി. മാപ്പിളമാരെ മാത്രം അഭിസംബോധനം ചെയ്ത കാലത്ത് നിന്ന് പാര്‍ശ്വവത്കരിക്കപ്പെട്ട സാഹിത്യ സംഭാവനകള്‍ മലയാളത്തിന്റെ പൊതുമണ്ഡലം ആവേശപൂര്‍വം നെഞ്ചേറ്റുന്ന കാഴ്ചയാണ് ഇന്നുള്ളത് എന്ന് രാജേന്ദ്രന്‍ നിരീക്ഷിച്ചു. ഡോ. വി ഹിക്മത്തുല്ല പുസ്തകം പരിചയപ്പെടുത്തി.
മാനേജിങ് ട്രസ്റ്റി ഡോ. കെ കെ മുഹമ്മദ് അബ്ദുല്‍ സത്താര്‍ അധ്യക്ഷത വഹിച്ചു. ഡോ. സക്കീര്‍ ഹുസൈന്റെ തന്നെ പ്രവാചകന്റെ മദീന എന്ന പുസ്തകം വൈദ്യര്‍ അക്കാദമി സെക്രട്ടറി ആസാദ് വണ്ടൂരിന് നല്‍കി. ബാലകൃഷ്ണന്‍ വള്ളിക്കുന്ന് പ്രകാശനം ചെയ്തു. യോഗ്യന്‍ ഹംസ മാസ്റ്റര്‍ നൂല്‍മാലയില്‍ നിന്ന് ഏതാനും ഇശലുകള്‍ അവതരിപ്പിച്ചു.ഡോ. മുഹമ്മദ് റഫീഖ് സംസാരിച്ചു
Next Story

RELATED STORIES

Share it