മാപ്പിളശീലുകളുടെ തോഴിക്ക് കന്നിയങ്കത്തില്‍ ഉര്‍ദു പദ്യത്തിന് എ ഗ്രേഡ്

പി പി ഷിയാസ്

തിരുവനന്തപുരം: തേരീ നഫ്‌രതേ ജഹാതക് മേരീ ചാഹതേ വഹാ തക്... ഇബ്രാഹിം സൗക്കിന്റെ ഈ വരികള്‍ ആബിദ വേദിയില്‍ അവതരിപ്പിച്ചപ്പോള്‍ ലഭിച്ച എ ഗ്രേഡിന് പത്തരമാറ്റ്. മാപ്പിളശീലുകളുടേയും അറബിക് ഈരടികളുടേയും മല്‍സര വേദിയിലെ നിരന്തര നേട്ടത്തിന്റെ ഊര്‍ജം കൈമുതലാക്കി ഉറുദു പദ്യം ചൊല്ലലില്‍ കന്നിയങ്കത്തിനെത്തിയ ആബിദക്കിത് പെരുത്ത് സന്തോഷത്തിന്റെ നിമിഷം.
എല്‍പി വിഭാഗം മുതല്‍ മാപ്പിളപ്പാട്ട് രംഗത്ത് തിളക്കമാര്‍ന്ന പ്രകടനം കാഴ്ചവയ്ക്കുന്ന ആബിദക്ക് സംസ്ഥാന സ്‌കൂള്‍ കലോല്‍സവം ഒരു പുത്തരിയല്ല. തെക്കന്‍കേരളത്തിലെ പൊന്നാനിയെന്നറിയപ്പെടുന്ന ഈരാറ്റുപേട്ടയിലെ മുസ്‌ലിം ഗേള്‍സ് എച്ച്എസ്എസ് പ്ലസ്- ടു ഹ്യുമാനിറ്റീസ് വിദ്യാര്‍ഥിനിയായ ആബിദ അനന്തപുരിയില്‍ നിന്നും എച്ച്എസ്എസ് വിഭാഗം ഉറുദു പദ്യംചൊല്ലലില്‍ എ ഗ്രേഡുമായാണ് മടങ്ങിയത്. 6 വര്‍ഷം മുമ്പ് സംസ്ഥാനതലത്തില്‍ മാപ്പിളപ്പാട്ടില്‍ ഒന്നാംസ്ഥാനത്തോടെ വിജയഗാഥ തുടങ്ങിയ ആബിദ അന്നുമുതല്‍ ഇതുവരെ തുടര്‍ച്ചയായി വേദിയിലുണ്ട്. മാപ്പിളപ്പാട്ടിനും അറബിക് ഗാനത്തിനുമൊപ്പം നാടന്‍പാട്ടിലും ആബിദ തിളങ്ങിയിട്ടുണ്ട്. കഴിഞ്ഞ തവണ കോഴിക്കോട് നടന്ന കലാമേളയിലാണ് നാടന്‍പാട്ടിന് എ ഗ്രേഡ് കൈക്കലാക്കിയത്. ഒപ്പം, ആബിദ അടങ്ങുന്ന ടീമിന് മൂന്നാംസ്ഥാനവും ലഭിച്ചിരുന്നു. പത്താംക്ലാസില്‍ പഠിക്കുമ്പോള്‍ അറബിക് സംഘഗാനം, ഒമ്പതില്‍ മാപ്പിളപ്പാട്ട്, അതേവര്‍ഷംതന്നെ അറബിക് സംഘഗാനം, എട്ടാം തരത്തില്‍ പഠിക്കുമ്പോള്‍ അറബിക് ഗാനം, ഒപ്പം അറബിക് സംഘഗാനം എന്നിവയ്ക്ക് എ ഗ്രേഡ് തന്റെ അക്കൗണ്ടിലാക്കിയിട്ടുണ്ട്. കൂടാതെ യുപി വിഭാഗത്തില്‍ മാപ്പിളപ്പാട്ടിന് ഒന്നാംസ്ഥാനവും അറബിക് പദ്യം ചൊല്ലലിന് രണ്ടാം സ്ഥാനവും ലഭിച്ചിട്ടുണ്ട്.
മാപ്പിളപ്പാട്ട് രംഗത്തെ ആബിദയുടെ ഗുരുവായ ജ്യേഷ്ട സഹോദരി ആസിയ 2009 ല്‍ എച്ച്എസ് വിഭാഗത്തില്‍ മാപ്പിളപ്പാട്ടിന് സംസ്ഥാനതലത്തില്‍ എ ഗ്രേഡ് കരസ്ഥമാക്കിയിട്ടുണ്ട്. മലപ്പുറം സ്വദേശിയായ ഹബീബ് മാസ്റ്ററാണ് ആബിദയെ ഉറുദു പദ്യം ചൊല്ലലിന് വേദിയിലെത്തിച്ചത്. കച്ചവടക്കാരനായ സൈനുദ്ദീന്‍- ബീന ദമ്പതികളുടെ മകളാണ് .
Next Story

RELATED STORIES

Share it