palakkad local

മാപ്പിളപ്പാട്ടിന് ഇടയ്ക്കനാദം പകര്‍ന്ന് ഞെരളത്ത് ഹരിഗോവിന്ദന്‍



സുനു ചന്ദ്രന്‍ ആലത്തൂര്‍

ആലത്തൂര്‍: കേരളീയ ക്ഷേത്രകലാരൂപമായ സോപാന സംഗീതത്തില്‍ റമദാന്‍ ഗീതമൊരുക്കി ശ്രദ്ധേയമായിരിക്കുകയാണ് ഞരളത്ത് രാമ പൊതുവാളിന്റെ മകനും പ്രശസ്ത സോപാന സംഗീത കലാകാരനുമായ ഞരളത്ത് ഹരിഗോവിന്ദന്‍. ഇമ്പമാര്‍ന്ന മുസ്‌ലിം ഗാനങ്ങളില്‍ പാരമ്പര്യവാദ്യങ്ങളായ അറബനമുട്ടും, ദഫ് വാദ്യവും ഉള്‍പ്പെടുത്തി നിരവധിഗാനങ്ങള്‍ പുറത്തിറങ്ങുമ്പോള്‍ ഇടക്ക നാദത്തില്‍ ഒരുക്കിയ റമദാന്‍ ഗീതം ആസ്വാദന രംഗത്ത് വേറിട്ട അനുഭൂതിയാണ് സമ്മാനിച്ചിരിക്കുന്നത്. ഇതിന്  നവ മാധ്യമങ്ങളി വന്‍ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.യൂ ട്യൂബ്, ഫെയ്‌സ് ബുക്ക്, വാട്‌സ് ആപ്പ് തുടങ്ങിയവയിലൂടെ വലിയ ഒരു തരംഗം തന്നെയാണ് ഈ റമദാന്‍ ഗീതം സൃഷ്ടിച്ചിരിക്കുന്നത്.  “ ലൈലത്തുല്‍ ഖദിറിന്റെ മാസം റമദാന്‍, റസൂലിന്റെ പാവന പുണ്യം റമദാന്‍ “ എന്നു തുടങ്ങുന്ന 10 ഓളം  വരികളുള്ള ഗീതമാണ് ഇടക്ക വിസ്മയത്തിലൂടെ തീര്‍ത്തിരിക്കുന്നത്. മതാതീതമായ മനുഷ്യ സൗഹാര്‍ദെത്ത സംബന്ധിച്ച കാഴ്ച്ചപ്പാടിനെ അവതരിപ്പിക്കാന്‍ ശ്രമിക്കുകയാണ് റമദാന്‍ ഗീതത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ഞരളത്ത് ഹരിഗോവിന്ദന്‍ പറയുന്നു. കേരളത്തിലെ ക്ഷേത്ര കലാരൂപമായ സോപാനസംഗീതം ഒരു ക്ഷേത്രകല മാത്രമായി ഒതുങ്ങുമ്പോള്‍ പ്രത്യേകിച്ച് സാമൂഹിക  ഇടപെടലുകള്‍ ഉണ്ടാകുന്നില്ല. വിശ്വാസികളുടെ ആചാരങ്ങള്‍ പൂര്‍ത്തീകരിക്കാനും വിശ്വാസത്തെ കൊണ്ടു നടക്കാനും മാത്രമേ ഈ കല കൊണ്ടു കഴിയുകയുള്ളു. മതാതീതമായ ആത്മീയതയില്‍ ചിന്തിക്കുമ്പോള്‍ ഇത്തരം കലാരൂപങ്ങളുടെ സങ്കേതത്തെ എല്ലാ വിഭാഗം മനുഷ്യമനസ്സുകളുടേയും  ഇടപെടലുകളിലേക്ക് ലയിപ്പിക്കാന്‍ സാധിക്കുന്ന ഒന്നാക്കി പരിവര്‍ത്തിപ്പിക്കലാണ് ഒരു കലാകാരന്റെ ധര്‍മം. പഠിച്ചത് അത് പോലെ പാടുകയും കൊട്ടുകയും ചെയ്യുന്നതില്‍ കലാകാരന്‍മാര്‍ക്ക് അതു കൊണ്ട്് സാമൂഹികപരമായി ഒരു ധര്‍മവുമില്ല എന്ന് അദ്ദേഹം പറഞ്ഞു. മതാതീതമായിട്ടുള്ള ആത്മീയ സമീപനമായിട്ടാണ് താന്‍ എപ്പോഴും ജീവിതത്തെ കാണുന്നത്. പ്രണയം, ആത്മീയം വിഷയങ്ങളില്‍ വിപ്ലവകരമായ സമീപനം സ്വീകരിക്കുമ്പോള്‍ മാത്രമാണ് അതിന് ഒരു ഉള്‍ക്കരുത്ത് ലഭിക്കുന്നത്. ഇതില്‍ കേരളത്തില്‍ നടന്ന ചില മൃഗീയ കൊലപാതകങ്ങള്‍, മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഉണ്ടായചേരിതിരിവ്, നോട്ട് നിരോധനം കൊണ്ട്് ജനങ്ങള്‍ അനുഭവിച്ച ദുരിതം തുടങ്ങിയ വിഷയങ്ങളെ കുറിച്ച് പാട്ടെഴുതി ഇടക്ക നാദത്തോടെ ആലപിച്ച ഗീതങ്ങള്‍ ഒരുപാട് ശ്രദ്ധേയമായതാണ്. ഇന്ത്യക്കകത്തും, വിദേശ രാജ്യങ്ങളിലുമായി നിരവധി വേദികളില്‍ ഇടക്കനാദ വിസ്മയം തീര്‍ക്കുന്ന ഞരളത്ത് ഹരിഗോവിന്ദനെ നിരവധി പുരസ്‌കാരങ്ങളും തേടി എത്തിയിട്ടുണ്ട്്. കഴിഞ്ഞ മാസം തിരുവനന്തപുരത്ത് വച്ച് നടന്ന കേരള സംഗീത നാടക അക്കാദമിയുടെ  അവാര്‍ഡ് വിതരണത്തില്‍ ഈ വര്‍ഷത്തെ സോപാന സംഗീതത്തിനുള്ള സംസ്ഥാന സര്‍ക്കാറിന്റെ പുരസ്‌കാരം സാംസ്‌കാരിക മന്ത്രി എകെ ബാലനില്‍ നിന്നും ഞരളത്ത് ഹരിഗോവിന്ദന്‍ ഏറ്റുവാങ്ങിയിരുന്നു.
Next Story

RELATED STORIES

Share it