World

മാപ്പിരന്ന് കോച്ച്; തിരിച്ചെത്തുമ്പോള്‍ കോഴിവിഭവം വേണമെന്ന് കുട്ടികള്‍

ബാങ്കോക്ക്: തായ്‌ലന്‍ഡിലെ ഗുഹയില്‍ കുടുങ്ങിയ കുട്ടികളുടെ രക്ഷിതാക്കളോടു മാപ്പിരന്ന് കോച്ച് തുവാം ഗുവാങ്. എല്ലാ രക്ഷിതാക്കളോടും ഞാന്‍ മാപ്പുചോദിക്കുന്നു. നിങ്ങളുടെ മക്കള്‍ ഇപ്പോള്‍ സുരക്ഷിതരാണ്,  മക്കളെ ഞാന്‍ നന്നായി നോക്കും, നിങ്ങള്‍ നല്‍കിയ മാനസിക പിന്തുണയ്ക്കു നന്ദി. രക്ഷാപ്രവര്‍ത്തനത്തിനെത്തിയ മുങ്ങല്‍വിദഗ്ധന്‍ വഴി തുവാം ഗുവാങ്  രക്ഷിതാക്കള്‍ക്കയച്ച കുറിപ്പിലെ വരികളാണിവ.
തുവാം രക്ഷാപ്രവര്‍ത്തകരുടെ കൈവശം നല്‍കിയ കുറിപ്പ് തായ് സൈന്യത്തിന്റെ ഫേസ്ബുക്കില്‍ പ്രസിദ്ധീകരിക്കുകയായിരുന്നു. മണ്‍സൂണ്‍  കാലത്ത് കുട്ടികളെയും കൊണ്ട് ഗുഹയിലേക്കു പോയ കോച്ചിന്റെ നടപടി വിമര്‍ശനം ക്ഷണിച്ചുവരുത്തിയിരുന്നു.
ഗുഹയില്‍ നിന്ന് കുട്ടികള്‍ രക്ഷിതാക്കള്‍ക്കെഴുതിയ കത്തുകളും പുറത്തുവിട്ടു.
വിഷമിക്കണ്ട, താന്‍ സുരക്ഷിതനാണെന്നാണ് പോങ് എന്നു വിളിക്കുന്ന കുട്ടി പറയുന്നത്.  വീട്ടില്‍ തിരിച്ചെത്തിയാല്‍ പൊരിച്ച കോഴിയിറച്ചിയും ഹോട്ട് പാന്‍ ബാര്‍ബിക്യൂവും കഴിക്കാന്‍ തരണമെന്നാണ് മറ്റൊരു കുട്ടിയുടെ കത്ത്. ടീച്ചര്‍, അധികമായി ഹോംവര്‍ക്ക് തരരുതെന്നാണ് മറ്റൊരാളുടെ അപേക്ഷ.
ഞാന്‍ അച്ഛനെയും അമ്മയെയും സ്‌നേഹിക്കുന്നു എന്നു പറയുന്ന മറ്റൊരു കുട്ടിയുടെ കുറിപ്പില്‍ പന്നിയിറച്ചി കൊണ്ട് തയ്യാറാക്കിയ വിഭവമായ പോര്‍ക്ക് ഷാബു വാങ്ങിത്തരണമെന്ന് ആവശ്യപ്പെടുന്നു. ഇത്തരത്തില്‍ വീട്ടുകാരെ ആശ്വസിപ്പിച്ചും തങ്ങളുടെ ഇഷ്ടവിഭവങ്ങളും അനിഷ്ടങ്ങളും വെളിപ്പെടുത്തിയുമാണ് കുട്ടികള്‍ കുറിപ്പുകള്‍ കൈമാറിയത്.
Next Story

RELATED STORIES

Share it