മാന്‍ഹോളില്‍ വിഷവാതകം ശ്വസിച്ച് 3 പേര്‍ മരിച്ചു

കോഴിക്കോട്: കെഎസ്‌യുഡിപി നടപ്പാക്കുന്ന അഴുക്കുചാല്‍ പദ്ധതിയുടെ മാന്‍ഹോള്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ രണ്ട് ആന്ധ്ര സ്വദേശികളും രക്ഷിക്കാന്‍ ശ്രമിച്ച ഓട്ടോറിക്ഷാ ഡ്രൈവറും മരിച്ചു. തളി ജയ ഓഡിറ്റോറിയത്തിനു സമീപമുള്ള ഭൂഗര്‍ഭ അഴുക്കുചാലിലെ മാന്‍ഹോളില്‍ ഇറങ്ങിയവരാണ് വിഷവാതകം ശ്വസിച്ച് അപകടത്തില്‍പ്പെട്ടത്. ഓട്ടോ ഡ്രൈവര്‍ കരുവശ്ശേരി മാളിക്കടവ് സ്വദേശി മേപ്പക്കുടി പി നൗഷാദ് (33), കെഎസ്‌യുഡിപിയിലെ കരാര്‍ തൊഴിലാളികളും ആന്ധ്രപ്രദേശിലെ ഹര്‍ഷാപൂര്‍ സ്വദേശികളുമായ നരസിംഹം (41), ഭാസ്‌കര്‍ (42) എന്നിവരുമാണ് മരിച്ചത്. ഇന്നലെ രാവിലെ 10.30നാണ് സംഭവം.
ഓടയിലിറങ്ങിയ കരാര്‍ജോലിക്കാരില്‍ ഒരാളാണ് ആദ്യം വീണത്. ഇയാളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മറ്റേയാളും ശ്വാസംമുട്ടി മാന്‍ഹോളിലേക്കു വീണു. ഇതു കണ്ട് സമീപത്തെ കടയില്‍ ചായ കുടിക്കാന്‍ കയറിയ നൗഷാദ് ഓടിവന്ന് ഇവരെ രക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നു. സമീപത്തുള്ളവര്‍ തടഞ്ഞെങ്കിലും താന്‍ രക്ഷാപ്രവര്‍ത്തനം നടത്താറുണ്ടെന്നു പറഞ്ഞ് ഇവരെ പിടിച്ചുകയറ്റാന്‍ ശ്രമിച്ചു. ഇതിനിടെ നൗഷാദും ശ്വാസംമുട്ടി മാന്‍ഹോളിലേക്ക് വീണു. വിവരമറിഞ്ഞെത്തിയ പോലിസും അഗ്നിശമനസേനയും അരമണിക്കൂറോളം നടത്തിയ തിരച്ചിലിനൊടുവിലാണ് ഇവരെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചത്. നൗഷാദ്, ഭാസ്‌കര്‍ എന്നിവരെ മെഡിക്കല്‍ കോളജിലേക്കും നരസിംഹത്തെ ബീച്ച് ആശുപത്രിയിലേക്കുമാണ് കൊണ്ടുപോയത്. പോസ്റ്റ്‌മോര്‍ട്ടത്തിനായി നരസിംഹത്തിന്റെ മൃതദേഹവും മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു. ആന്ധ്ര സ്വദേശികളുടെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
12 അടി താഴ്ചയുള്ള മാന്‍ഹോളില്‍ ഒരു മീറ്ററിലധികം അഴുക്കുവെള്ളവും ചളിയും നിറഞ്ഞുകിടക്കുന്നുണ്ടായിരുന്നു. യാതൊരുവിധ സുരക്ഷാ സംവിധാനങ്ങളും ഇല്ലാതെയാണ് തൊഴിലാളികള്‍ അഴുക്കുചാലില്‍ ഇറങ്ങിയത്. വിഷവാതകം ഉണ്ടോയെന്നു പരിശോധിക്കാനുള്ള മുന്‍കരുതല്‍ പോലും എടുത്തിരുന്നില്ലെന്ന് അഗ്നിശമനസേന അസിസ്റ്റന്റ് ഡിവിഷനല്‍ ഓഫിസര്‍ അരുണ്‍ ഭാസ്‌കര്‍ പറഞ്ഞു. മരിച്ചവരുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ അടിയന്തര ധനസഹായം നല്‍കുമെന്ന് മന്ത്രി എം കെ മുനീര്‍ അറിയിച്ചു. വിദേശത്തായിരുന്ന നൗഷാദ് രണ്ടു വര്‍ഷം മുമ്പാണ് വിവാഹിതനായത്. മാതാവ് അസ്മാബി. ഭാര്യ സഫ്രീന. സഹോദരി ശബ്‌ന. സൗദിയിലുള്ള പിതാവ് സിദ്ദീഖ് എത്തിയ ശേഷം മൃതദേഹം ഇന്നു കക്കോടി ജുമാമസ്ജിദില്‍ ഖബറടക്കും. പരേതരായ വീരസ്വാമി-ഉച്ചാരമ്മ ദമ്പതികളുടെ മകനാണ് ഭാസ്‌കര്‍. സഹോദരങ്ങള്‍: പാണ്ഡു, താസ്തറാവു, പൃഥിരാജ്, നാഗേശ്വരറാവു.
Next Story

RELATED STORIES

Share it