Flash News

മാന്‍ഹട്ടനില്‍ ആക്രമണം : എട്ടുപേര്‍ കൊല്ലപ്പെട്ടു



ന്യൂയോര്‍ക്ക്: യുഎസിലെ മാന്‍ഹട്ടനില്‍ വേള്‍ഡ് ട്രേഡ് സെന്ററിന് സമീപം ബൈക്ക് പാത്തിലേക്ക് ട്രക്ക് ഇടിച്ചുകയറ്റി ഏട്ടുപേര്‍ കൊല്ലപ്പെട്ടു. 11 പേര്‍ക്കു പരിക്കേറ്റു. ആക്രമണത്തിനു പിന്നില്‍ ഐഎസ് ആണെന്നു സംശയിക്കുന്നതായി പോലിസ് അറിയിച്ചു.ട്രക്ക് ഇടിച്ചു കയറ്റിയ ഉസ്ബക്കിസ്താന്‍ പൗരന്‍ സെയ്ഫുല്ലാ സായ്‌പോപിനെ പോലിസ് അറസ്റ്റ് ചെയ്തു. 29കാരനായ സെയ്ഫുല്ലാ 2010ലാണ് അമേരിക്കയില്‍ എത്തിയത്. അപകടം നടത്തിയ ട്രക്കില്‍ നിന്ന് ഐഎസിന്റേതെന്നു കരുതുന്ന കുറിപ്പ് കണ്ടെത്തിയതായി ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രീവ് കൗമു മാധ്യമങ്ങളെ അറിയിച്ചു.  അപകടമുണ്ടാക്കി രക്ഷപ്പെടാന്‍ ശ്രമിച്ച ഡ്രൈവറെ പോലിസ് വെടിവച്ച് വീഴ്ത്തിയ ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് അയാളെ ശസ്ത്രക്രിയയ്ക്കു വിധേയമാക്കി. പ്രതി അപകടനില തരണം ചെയ്തതായി പോലിസ് അറിയിച്ചു. ന്യൂ ജേഴ്‌സിയില്‍ താമസിക്കുന്ന ഇയാളുടെ കൈവശമുള്ളത് ഫ്‌ളോറിഡയിലെ ലൈസന്‍സാണ്. മരിച്ചവരില്‍ അഞ്ചുപേര്‍ അര്‍ജന്റീനക്കാരാണെന്ന്് അര്‍ജന്റീന വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.  യുഎസിലെ കമ്പനി ഉടമയും സുഹൃത്തുക്കളുമാണ് മരിച്ച അര്‍ജന്റീനക്കാര്‍. 31കാരിയായ മാതാവും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടും. മറ്റു രണ്ടുപേരെ തിരിച്ചറിഞ്ഞിട്ടില്ല.  പ്രദേശം പോലിസ് നിയന്ത്രണത്തിലാണ്. മരണസംഖ്യ കൂടിയേക്കുമെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. ഇന്ത്യന്‍ സമയം പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു അപകടം.  തിരക്കുള്ള ബൈക്ക് പാതയില്‍ ട്രക്ക് വേഗത്തില്‍ ഓടിക്കുകയായിരുന്നു. സൈക്കിള്‍ യാത്രക്കാരെ ഇടിച്ചുവീഴ്ത്തി മുന്നോട്ടു പോയ ട്രക്ക് പിന്നീട് സ്‌കൂള്‍ ബസ്സില്‍ ഇടിച്ചു. സംഭവത്തെ തുടര്‍ന്ന് മാന്‍ഹട്ടനിലെ ഹഡ്‌സണ്‍ നദിയോടു ചേര്‍ന്നുള്ള തെരുവുകള്‍ പോലിസ് അടച്ചിട്ടു.  ആക്രമണത്തെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അപലപിച്ചു. യുഎസില്‍ ഐഎസിന്റെ പ്രവര്‍ത്തനം അനുവദിക്കില്ലെന്നും വേരോടെ പറിച്ചെറിയുമെന്നും ട്രംപ് മുന്നറിയിപ്പു നല്‍കി.
Next Story

RELATED STORIES

Share it