Alappuzha local

മാന്നാറില്‍ ബജറ്റ് അവതരണം അലങ്കോലമായി

മാന്നാര്‍: ഗ്രമപ്പഞ്ചായത്തില്‍ ബജറ്റ് അവതരണം പ്രതിപക്ഷത്തിന്റെ വാക്കേറ്റത്തെ തുടര്‍ന്ന് അലങ്കോലപ്പെട്ടു. വൈസ് പ്രസിഡന്റിന്റെ പക്കല്‍ നിന്നും തട്ടിപ്പറിച്ച പ്രതിപക്ഷം ബജറ്റ് കീറിയെറിഞ്ഞ് പ്രതിഷേധിച്ചു. ബജറ്റില്‍ പുതിയ പദ്ധതികള്‍ ഉള്‍ക്കൊള്ളിച്ചില്ലെന്നും കഴിഞ്ഞ വര്‍ഷത്തെ ബജറ്റ് അതേ പടി വീണ്ടും അവതരിപ്പിക്കുകയാണെന്നും ആരോപിച്ചായിരുന്നു പ്രതിപക്ഷ ബഹളം.
വൈസ് പ്രസിഡന്റ് ഷൈനാ നാവാസ് ബജറ്റ് വായിച്ച് കഴിഞ്ഞ ഉടനെ സിപിഎം പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ പി എന്‍ ശെല്‍വരാജ് ഈ ബജറ്റ് അംഗീകരിക്കാന്‍ കഴിയില്ലെന്നാരോപിച്ച് രംഗത്തുവന്നു. സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനും സിപിഎം അംഗവുമായി ബി കെ പ്രസാദ് വൈസ് പ്രസിഡന്റിന്റെ പക്കല്‍ നിന്നു ബജറ്റ് തട്ടിപ്പറിച്ച് കീറിയെറിയുകയും ചെയ്തു.
തുടര്‍ന്ന് പ്രതിപക്ഷാംഗങ്ങള്‍ പഞ്ചായത്ത് സെക്രട്ടറിയെ തടഞ്ഞ് വച്ച് പ്രതിഷേധിച്ചു. എന്നാല്‍ ബഹളങ്ങള്‍ക്കിടയില്‍ ചര്‍ച്ചകള്‍ കൂടാതെ ബജറ്റ് അംഗീകരിച്ചതായി പ്രഖ്യാപിച്ച് കമ്മിറ്റി പിരിയുകയും ചെയ്തു. എന്നാല്‍ പുതിയ ബജറ്റ് അവതരിപ്പിക്കണമെന്ന ഉറച്ച നിലപാടിലാണ് പ്രതിപക്ഷം. പുതിയ പദ്ധതികള്‍ കൊണ്ട് വരുകയും ഈ വര്‍ഷത്തെ വര്‍ദ്ധിച്ച പദ്ധതി വിഹിത തുക ബജറ്റില്‍ കൂട്ടിചേര്‍ക്കുകയും ചെയ്തു കൊണ്ട് പുതിയ ബജറ്റ് അവതരിപ്പിക്കണമെന്ന് ശെല്‍വരാജ് പറഞ്ഞു.
ബജറ്റിലെ വരവും ചെലവും മിച്ചവും മാത്രം തയ്യാറാക്കി നല്‍കിയതിനാലാണ് എതിര്‍പ്പുമായി രംഗത്തുവന്നിരിക്കുന്നതെന്നും പ്രതിപക്ഷം പറയുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവില്‍ വന്നതിനാല്‍ പുതിയ പദ്ധതികളൊന്നും ഉള്‍ക്കൊള്ളിക്കരുതെന്നും കഴിഞ്ഞ വര്‍ഷത്തെ ബജറ്റ് അതേപടി അവതരിപ്പിച്ചാല്‍ മതിയെന്നുമുള്ള പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടറുടെ ഉത്തരവ് ഉള്ളതിനാലാണ് ഇത്തരത്തില്‍ ബജറ്റ് അവതരിപ്പിക്കേണ്ടി വന്നതെന്ന് പ്രസിഡന്റ് പ്രമോദ് കണ്ണാടിശേരില്‍ അറിയിച്ചു.
Next Story

RELATED STORIES

Share it