malappuram local

മാനോനില തെറ്റിയ യാചകനെ ക്രൂരമായി മര്‍ദിച്ച സംഭവം വധശ്രമത്തിന് കേസെടുത്തു; രണ്ടുപേര്‍ റിമാന്‍ഡില്‍

പൊന്നാനി: കുട്ടികളെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് പൊന്നാനിയില്‍ മാനസിക നിലതെറ്റിയ യാചകനെ മര്‍ദ്ദിച്ച സംഭവത്തില്‍ അറസ്റ്റിലായവര്‍ക്കെതിരേ വധശ്രമത്തിന് കേസെടുത്തു. പോലിസുകാരെ മര്‍ദ്ദിച്ചവരുള്‍പ്പെടെ 20 പേര്‍ക്കെതിരെയാണ് വധശ്രമമുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തിരിക്കുന്നത്. പൊന്നാനി പള്ളപ്രം സ്വദേശി തോട്ടുങ്ങല്‍ ഹാരിസ്(21), മീന്‍തെരുവ് സ്വദേശി കോയാലിക്കാരത്ത് റിയാദ്(25) എന്നിവരെയാണ് പൊന്നാനി സിഐ സണ്ണി ചാക്കോ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ഇവരെ കോടതി റിമാന്‍ഡ് ചെയ്തു. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് അന്വേഷണം ഊര്‍ജിതപ്പെടുത്തിയതായും മുഴുവന്‍ പ്രതികളെയും ഉടനെ അറസ്റ്റ് ചെയ്യുമെന്നും സിഐ പറഞ്ഞു. കുട്ടികളെ തട്ടിക്കൊണ്ടുപോയി അവയവങ്ങള്‍ എടുത്ത് വില്‍ക്കുന്ന സംഘങ്ങള്‍ കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ സജീവമാണെന്നും പിന്നില്‍ ഭിക്ഷാടന മാഫിയകളാണെന്നും സോഷ്യല്‍ മീഡിയകളില്‍ പ്രചാരണങ്ങള്‍ ശക്തമായതോടെയാണ് ജനങ്ങള്‍ കണ്ണില്‍ കാണുന്നവരെയെല്ലാം സംശയത്തോടെ നോക്കാന്‍ തുടങ്ങിയത്. കഴിഞ്ഞ ദിവസം എരമംഗലം സ്വദേശിയായ അച്ഛനെയും മകനെയും സംശയത്തിന്റെ പേരില്‍ നാട്ടുകാര്‍ തടഞ്ഞുവച്ച് പോലിസില്‍ ഏല്‍പിച്ചിരുന്നു. പ്രചാരണം ശക്തമായതോടെ പല സ്ഥലത്തും വാട്‌സ്ആപ്പ് കൂട്ടായ്മകള്‍ ഭിക്ഷാടനം നിരോധിച്ച് ഫഌക്‌സ് സ്ഥാപിക്കുകയും പ്രചാരണം ശക്തമാക്കുകയും ചെയ്തതാണ് പൊന്നാനിയില്‍ മാനസിക രോഗിയായ വയോദികന് മര്‍ദ്ദനമേല്‍ക്കാന്‍ കാരണം. ആളുകള്‍ കൂട്ടം ചേര്‍ന്ന് കെട്ടിയിട്ട് മര്‍ദ്ദിച്ച വയോദികന്‍ പൊന്നാനി താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലാണ്. അടുത്ത കാലത്തൊന്നും കുട്ടികളെ തട്ടിക്കൊണ്ടുപോയതായി ഒരു കേസ് പോലും എടുത്തിട്ടില്ലന്ന് പോലിസ് ആവര്‍ത്തിക്കുമ്പോഴും, പല വിധത്തിലുള്ള വീഡിയോ ഓഡിയോ ക്ലിപ്പുകള്‍ സഹിതം ഇത്തരം പ്രചാരണം നടത്തുന്നവര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കാന്‍ പോലിസിന് കഴിഞ്ഞിട്ടില്ല. സംസ്ഥാനത്തുനിന്ന് കുട്ടികളെ കാണാതായതായി പോലിസിന് ലഭിച്ച റിപോര്‍ട്ടുകള്‍ കോടതിക്ക് സമര്‍പ്പിച്ചിരുന്നു. കാണാതായ കേസുകളുടെ ഞെട്ടിപ്പിക്കുന്ന കണക്കുകളും വ്യാജ പ്രചാരണം നടത്തുന്ന സംഘം പുറത്തുവിടുന്നുണ്ട്. കുട്ടികള്‍ പ്രേമം നടിച്ച് ഒളിച്ചോടുന്നതും വീട്ടുകാരോട് പിണങ്ങി നാട് വിടുന്നതും പോലിസിന്റെ കണക്കില്‍പെടുന്ന പ്രധാന മിസ്സിങ്ങ് കേസുകളാണ്. പത്തിനും പതിനെട്ടിനും ഇടയില്‍ പ്രായമുള്ള കുട്ടികളുടെ മിസ്സിങ്ങ് കേസുകളുടെ റിപോര്‍ട്ടാണ് കേരളത്തില്‍ ആയിരക്കണക്കിന് കുട്ടികളെ തട്ടിക്കൊണ്ടുപോയി എന്ന രീതിയില്‍ പ്രചരിക്കുന്നത്. കേരളത്തില്‍ അടുത്ത കാലത്തൊന്നും ഇത്തരം സംഘങ്ങള്‍ കുട്ടികളെ തട്ടിക്കൊണ്ടുപോയതായി ഒരു കേസ് പോലും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നാണ് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം.
Next Story

RELATED STORIES

Share it