kozhikode local

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ്: ജനകീയ സമരവുമായി ആക്ഷന്‍ കമ്മിറ്റി

കോഴിക്കോട്: മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് വികസനം യാഥാര്‍ഥ്യമാക്കാന്‍ ജനപ്രതിനിധികള്‍ സംഘടിക്കണമെന്ന്്് ആവശ്യമുയരുന്നു.
കഴിഞ്ഞ അഞ്ചു വര്‍ഷം ആക്ഷന്‍ കമ്മിറ്റിയുടെ ഭാഗമായി പ്രവര്‍ത്തിക്കുകയും സഹകരിക്കുകയും ചെയ്ത എം കെ രാഘവന്‍ എംപിയും എ പ്രദീപ് കുമാര്‍ എംഎല്‍എയും ഡോ.എം കെ മുനീര്‍ എംഎല്‍എയും റോഡ് വികസനം യാഥാര്‍്യമാക്കാന്‍ ചരിത്രകാരന്‍ ഡോ. എം ജി എസ് നാരായണനോടൊപ്പം 18ന് ആരംഭിക്കുന്ന അനിശ്ചിതകാല ഉപവാസ സമരത്തിന് നേതൃത്വം നല്‍കണമെന്ന് ആക്ഷന്‍ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയിച്ചാലുടന്‍ റോഡ് വികസനത്തിന് മുഴുവന്‍ ഫണ്ടും അനുവദിക്കുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം രണ്ടുവര്‍ഷം പിന്നിട്ടിട്ടും നടപ്പാക്കാന്‍ സര്‍ക്കാറിന് കഴിഞ്ഞിട്ടില്ല. തിരഞ്ഞെടുപ്പില്‍ മത്സരിച്ച മുന്നണി സ്ഥാനാര്‍ഥികളുടെ മുഖ്യ തിരഞ്ഞെടുപ്പ് പ്രചാരണവിഷയം ഈ റോഡ് വികസനമായിരുന്നു.
ഈ റോഡ് കിഫ്ബിയില്‍ ഉള്‍പ്പെടുത്തുമെന്നും സമ്മതപത്രവും ഒറിജിനല്‍ ആധാരങ്ങളും നല്‍കി കാത്തിരിക്കുന്ന ഭൂവുടമകള്‍ക്ക് മുഴുവന്‍ ഫണ്ടും 2017 മാര്‍ച്ച് 31 നകം നല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക്കും പൊതുമരാമത്ത് മന്ത്രി ജി സുധാകരനും എ പ്രദീപ് കുമാര്‍ എംഎല്‍എയുടെ സാന്നിധ്യത്തില്‍ കോഴിക്കോട്ടെ ജനങ്ങള്‍ക്ക് ഉറപ്പു നല്‍കിയതാണ്. അവസാനമായി ഈ വര്‍ഷം മാര്‍ച്ച് 8 ന് എംഎല്‍എ ഉന്നയിച്ച സബ്മിഷന് മറുപടിയായി കഴിഞ്ഞ മാര്‍ച്ച് 31 നകം 50 കോടി രൂപ അനുവദിക്കുമെന്ന് ധനമന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ചതും ഫലവത്തായില്ല.
15 വര്‍ഷം മുമ്പ് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ അംഗീകരിച്ച ഈ റോഡിന്റെ വികസനം ജനങ്ങളുടെ അടിയന്തിര ആവശ്യമാണ്. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ 25 പേരുടെ ജീവനാണ് ഈ റോഡില്‍ പൊലിഞ്ഞത്.
18 ന് രാവിലെ 10 മുതല്‍ കലക്ടറേറ്റിനുമുന്നിലാണ് അനിശ്ചിതകാല ഉപവാസസമരം ആരംഭിക്കുക. സമരത്തോടൊപ്പം റോഡ് വികസനത്തില്‍ സര്‍ക്കാറിന്റെ അനാസ്ഥയ്‌ക്കെതിരേ ആക്ഷന്‍ കമ്മിറ്റി ഹൈക്കോടതിയില്‍ കേസും ഫയല്‍ ചെയ്യുവാന്‍ തീരുമാനിച്ചു. സമരസഹായ സമിതിയുടെ വിപുലമായ യോഗം 12 ന് വൈകുന്നേരം 5 ന് നളന്ദ ഓഡിറ്റോറിയത്തില്‍ സാമൂഹിക-സാംസ്‌ക്കാരിക-രാഷ്ട്രീയ നേതാക്കളെ പങ്കെടുപ്പിച്ച് വിളിച്ചു ചേര്‍ക്കും.
11 ന്റെ വാഹനപ്രചര ജാഥയും 15 ലെ സ്മരണ ജ്വാലയും വിജയിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. യോഗത്തില്‍ പ്രസിഡണ്ട് ഡോ. എം ജി എസ് നാരായണന്‍ അധ്യക്ഷത വഹിച്ചു. സമരസഹായസമിതി പ്രസിഡന്റ് തായാട്ട് ബാലന്‍, മാത്യു കട്ടിക്കാന, എം പി വാസുദേവന്‍, കെ വി സുനില്‍കുമാര്‍, കെ പി വിജയകുമാര്‍, സാബു കെ ഫിലിപ്, ആര്‍ ജി രമേശ്, പി എം കോയ, സി ചെക്കുട്ടി ഹാജി, പ്രദീപ് മാമ്പറ്റ, കെ സത്യനാഥന്‍, എം ടി തോമസ് സംസാരിച്ചു.
Next Story

RELATED STORIES

Share it