kozhikode local

മാനാഞ്ചിറ ലൈബ്രറിയും കെട്ടിടവും ലൈബ്രറി കൗണ്‍സിലിന്‌



കോഴിക്കോട്: മാനാഞ്ചിറയിലെ പ്രശസ്തമായ പബ്ലിക്ക് ലൈബ്രറിയും കെട്ടിടവും കോഴിക്കോട് ജില്ലാ ലൈബ്രറി കൗണ്‍സില്‍ ഏറ്റെടുത്തു. കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രതിനിധികള്‍, പബ്ലിക്ക് ലൈബ്രറി ചീഫ് ലൈബ്രേറിയന്‍ എന്നിവരുടെ യോഗ തീരുമാനപ്രകാരമാണ് ൈലബ്രറി കൗണ്‍സിലിന് വിട്ടുകൊടുത്തത്.മദ്രാസ് പബ്ലിക്ക് ലൈബ്രറി ആക്ട് അനുസരിച്ച് കോഴിക്കോട് മുനിസിപ്പാലിറ്റിയുടെ ഉടമസ്ഥതയിലായിരുന്നു ഇവിടെ ലൈബ്രറിക്ക് തുടക്കം കുറിച്ചത്. പിന്നീട് 1965ല്‍ ഇത് ലോക്കല്‍ ലൈബ്രറി അതോറിറ്റി ഏറ്റെടുക്കുകയായിരുന്നു. പിന്നീട് സര്‍ക്കാരില്‍ നിന്ന് 30 സെന്റ് സ്ഥലം വാങ്ങി കെട്ടിടം പണിഞ്ഞു. കാലപ്പഴക്കം കാരണം കെട്ടിടം പൊളിക്കുവാനും പുതിയ കെട്ടിടം നിര്‍മിക്കുവാനും 93ല്‍ സര്‍ക്കാര്‍ ഉത്തരവായി. പണി പൂര്‍ത്തീകരിച്ചുകഴിഞ്ഞാല്‍ കെട്ടിടം ജില്ല സെന്‍ട്രല്‍ ലൈബ്രറിക്ക് നല്കുവാനും സര്‍ക്കാര്‍ കലക്ടറെ ചുമതലപ്പെടുത്തി.എന്നാല്‍ അന്നത്തെ കലക്ടര്‍ അമിതാഭ്കാന്ത് പണി പൂര്‍ത്തീകരിക്കുന്നതിനുമുന്‍പേ ലൈബ്രറി മാനേജ്‌മെന്റ് ഒരു സൊസൈറ്റിയെ ഏല്പിക്കുകയായിരുന്നു. ലൈബ്രറി കൗണ്‍സില്‍ ഈ അനധികൃത ഉത്തരവിനെതിരെ ഹൈക്കോടതിയിലടക്കം നിയമപോരാട്ടത്തിലായിരുന്നു. 2005ല്‍ കേരള ഹൈക്കോടതി ഇതു സംബന്ധിച്ച കേസില്‍ വിധി പറഞ്ഞു. കെട്ടിടവും സ്ഥലവും ലൈബ്രറികൗണ്‍സിലിന് തിരിച്ചുനല്കണമെന്നും ഇതിനായുള്ള നടപടികള്‍ എടുക്കുവാനും നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇതുസംബന്ധമായി യോഗങ്ങള്‍ വിളിക്കുകമാത്രമാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്. പിന്നീട് 2010 ഡിസംബറില്‍ സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. പിന്നീട് അന്നത്തെ ജില്ലാ കലക്ടര്‍ ഉത്തരവും നടപ്പിലാക്കാതെ നീട്ടിക്കൊണ്ടുപോയി. പിന്നീട് സൊസൈറ്റി അംഗങ്ങള്‍ തന്നെ ഇതിനെതിരെ ഹൈക്കോടതിയില്‍ പോയെങ്കിലും അവര്‍ പിന്നീട് ഇതില്‍ നിന്ന് പിന്മാറുകയായിരുന്നു. അങ്ങനെയാണ് കലക്ടര്‍ യോഗം വിളിക്കുകയും ലൈബ്രറി കൗണ്‍സിലിനു തന്നെ കെട്ടിടം തിരിച്ചുനല്കാന്‍ തീരുമാനമാകുകയും ചെയ്തത്. ദിനേന ക്ഷയിച്ചുകൊണ്ടിരുന്ന സെന്‍ട്രല്‍ ലൈബ്രറി അങ്ങനെ വീണ്ടും കോഴിക്കോട്ടെ പുസ്തകപ്രേമികളുടെ താല്പര്യാര്‍ഥം ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകരുടെ ൈകകളിലുടെ അക്ഷരസ്‌നേഹികള്‍ക്ക് കൂടുതല്‍ സൗകുമാര്യം നല്കുന്ന കേന്ദ്രമായി മാറുമെന്ന പ്രതീക്ഷയാണ് ഈ സന്ദര്‍ഭത്തില്‍ ഉയരുന്നത്.
Next Story

RELATED STORIES

Share it