kozhikode local

മാനാഞ്ചിറ ചത്വരത്തില്‍ ഇനി ഉയരട്ടെ പൈതൃക വാസ്തു ശില്‍പ കൂടാരം

കോഴിക്കോട്: പൈതൃകത്തെരുവായ മിഠായിത്തെരുവിന്റെ കവാടത്തിലെ നഗരസഭാ കെട്ടിടത്തില്‍ നിന്നും വിനോദസഞ്ചാര വകുപ്പിന്റെ വിശ്രമകേന്ദ്രം ഇന്നലെ മുതല്‍ ഇല്ലാതായി. പഴയകാലത്ത് നഗരത്തിലെ സത്രം എന്ന പേരില്‍ അത്യാധുനിക സൗകര്യങ്ങളൊന്നുമില്ലാത്ത ലൈന്‍മുറികളെ ഓര്‍മ്മിപ്പിക്കുന്ന വിശ്രമസങ്കേതമായിരുന്നു ഇവിടം.
ആ സത്രം പൊളിച്ചാണ് നഗരസഭ ഇപ്പോഴത്തെ കെട്ടിടം ഉയര്‍ത്തിയത്. കെ ഇമ്പിച്ചി ദമയന്തി സണ്‍സ് എന്നത് 'കിഡ്‌സണ്‍' എന്ന ചുരുക്കപേരില്‍ സ്വകാര്യ വ്യക്തി കോര്‍പറേഷനില്‍ നിന്നും ലോഡ്ജും റസ്റ്റാറന്റിനുമായി ലീസിനെടുത്തു. കോഴിക്കോട്ടെ സാമൂഹ്യസാംസ്‌കാരിക രംഗത്ത് നിറ സാന്നിധ്യമായിരുന്ന കെ സിദ്ധാര്‍ഥന്റെ മേല്‍നോട്ടമായിരുന്നു കിഡ്‌സണ്‍ ടൂറിസ്റ്റ് ഹോമിന്. 'കിഡ്‌സണ്‍' ഒഴിഞ്ഞ ശേഷമാണ് കെടിഡിസി കെട്ടിടം ഏറ്റെടുക്കുന്നത്. വിദേശസഞ്ചാരികളെ പാര്‍പ്പിക്കാനായിരുന്നു കെടിഡിസിയുടെ തീരുമാനം.
കുറച്ചു വര്‍ഷം സഞ്ചാരികള്‍ ഇവിടെ പാര്‍ത്തു. എന്നാല്‍ കെട്ടിടത്തില്‍ അറ്റകുറ്റപ്പണികള്‍ നടത്താത്തതിനെതുടര്‍ന്ന് സഞ്ചാരികളുടെ ഒഴുക്ക് നിലച്ചു. താഴത്തെ നിലയില്‍ അക്കാലം മുതല്‍ തന്നെ ബിയര്‍ പാര്‍ലര്‍ പ്രവര്‍ത്തിച്ചു പോന്നു. ഒടുവില്‍ ഒട്ടും നിലവാരം ഇല്ലാത്ത ഒരു മദ്യവില്‍പന കേന്ദ്രത്തിന്റെ അവസ്ഥയിലായി.
ഇന്നലെ മുതല്‍ അതും പൂട്ടി. കെട്ടിടത്തിന്റെ താഴെ നിലയില്‍ സ്വര്‍ണ കടകള്‍, മെഡിക്കല്‍ ഷോപ്പുകള്‍, തുണിക്കടകള്‍, പ്രശസ്തമായ ജുസ്‌കട തുടങ്ങിയ വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്.
ഇവര്‍ക്ക് ഒഴിയേണ്ടി വന്നാല്‍ ബദല്‍ സംവിധാനം കോര്‍പറേഷന്‍ ഏര്‍പ്പെടുത്തി നല്‍കേണ്ടതായും വരും. കിഡ്‌സണ്‍ ടൂറിസ്റ്റ് ഹോമായി പ്രവര്‍ത്തിച്ചിരുന്ന കാലത്ത് നഗരത്തിലെത്തുന്ന പ്രഗല്‍ഭരായ എഴുത്തുകാര്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും ഇഷ്ട ഇടതാവളമായിരുന്നു. ഒട്ടേറെ സാംസ്‌കാരിക, രാഷ്ട്രീയ സമ്മേളനങ്ങള്‍ക്കും കാബറസമരം പോലുള്ള പോരാട്ടങ്ങള്‍ക്കും സ്വാഗതസംഘങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നത് ഈ കെട്ടിടത്തിലെ മുറികളിലായിരുന്നു. മാനാഞ്ചിറ മൈതാനിയില്‍ നടന്ന കലോല്‍സവങ്ങള്‍ക്കും പ്രവര്‍ത്തന മണ്ഡലമായി പ്രവര്‍ത്തിച്ച ചരിത്രവുമുണ്ട്.
ഈ നഗരസഭാകെട്ടിടം ഇനി പുതിയ രൂപത്തിലും ഭാവത്തിലും പുനര്‍നിര്‍മ്മിക്കുമെന്നാണ് പറയുന്നത്. ചരിത്രനഗരിയായ കോഴിക്കോടിന്റെ പൈതൃകത്തെരുവിന്റെ കവാടത്തിലെ ഈ കെട്ടിടം പാരമ്പര്യ വാസ്തു ശില്‍പ മാതൃകയിലാണ് നിര്‍മിക്കേണ്ടത്.
നഗരത്തിലെത്തുന്ന സഞ്ചാരികള്‍ക്ക് കേരളീയ വാസ്തു ശില്‍പ ഭംഗിയുടെ ചാരുത ആസ്വദിച്ച് രാപ്പാര്‍ക്കാനുള്ള ഇടം കൂടിയായി കെട്ടിടത്തെ പുനര്‍ നിര്‍മ്മിക്കണമെന്നാണ് ജനങ്ങളുടെ ആഗ്രഹം. മാനാഞ്ചിറ ചത്വരത്തില്‍ ഇനി ഉയരുന്നത് ഒരു മാതൃകാ കെട്ടിടമാകട്ടെ.
Next Story

RELATED STORIES

Share it