kozhikode local

മാനാഞ്ചിറ അന്‍സാരി പാര്‍ക്ക് ശുചീകരിച്ചു

കോഴിക്കോട്: വൈകല്യം മറന്ന് ഒത്തുകൂടിയ ഭിന്നശേഷി വിദ്യാര്‍ഥികളുടെയും ഒരു പറ്റം സന്നദ്ധ സേവകരുടെയും കൂട്ടായ്മയില്‍ അന്‍സാരി പാര്‍ക്ക് വീണ്ടും മനോഹരിയായി. കൈക്കോട്ടും പിക്കാസുമെടുത്ത് പുല്ല് ചെത്തിയും ഒടിഞ്ഞുവീണ മരച്ചില്ലകള്‍ വെട്ടിമാറ്റിയും മാലിന്യങ്ങള്‍ നീക്കിയും വൈകല്യങ്ങള്‍ വകവയ്ക്കാതെ ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ വളരെ സജീവമായാണ് ശുചീകരണ പ്രവര്‍ത്തികളില്‍ പങ്കാളികളായത്. മാനാഞ്ചിറയിലെ കുട്ടികളുടെ കളിയിടവും വിശ്രമ സ്ഥലവുമായ അന്‍സാരി പാര്‍ക്കില്‍ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കുമൊപ്പം പകല്‍ നേരങ്ങളില്‍ ഒത്തുചേര്‍ന്ന് ആഹ്ലാദം പങ്കുവയ്ക്കാന്‍ കോര്‍പറേഷന്‍ അനുവാദം നല്‍കിയിരുന്നു.
എന്നാല്‍, പുല്ലും കാടും പടര്‍ന്ന് ഇവിടെ ആകെ അലങ്കോലമായി മാറിയിരുന്നതിനാല്‍ കുട്ടികളുള്‍പ്പെടെ ഭയത്തോടെയാണ് ഇങ്ങോട്ട് പ്രവേശിക്കാറുള്ളത്. മാത്രമല്ല, വലിയ മരങ്ങളുടെ ശാഖകള്‍ പൊട്ടിവീഴുന്നതും ലിറ്റററി പാര്‍ക്കിന്റെ ഭാഗമായി സ്ഥാപിച്ച സാഹിത്യ കൃതികളിലെ കഥാ പാത്ര ശില്‍പങ്ങള്‍ തകര്‍ന്നുകിടക്കുന്നതും കുട്ടികള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു.
ശുചീകരണ വാരാചരണത്തിന്റെ ഭാഗമായാണ് പാര്‍ക്ക് വൃത്തിയാക്കിയത്. എല്ലാ മാസവും മൂന്നാമത്തെ ഞായറാഴ്ച്ച അന്‍സാരി പാര്‍ക്കില്‍ ഒത്തുകൂടുന്ന ഭിന്നശേഷി വിദ്യാര്‍ഥികളുടെ കൂട്ടായ്മയായ പരിവാറുമായി സഹകരിച്ചായിരുന്നു ശുചീകരണം. ശുചീകരണ യജ്ഞത്തില്‍ കോഴിക്കോട് കോര്‍പറേഷന്‍, സന്നദ്ധ സംഘടനകളായ ലീഗല്‍ സര്‍വീസ് അതോറിറ്റി, നാഷനല്‍ ട്രസ്റ്റ്, മുക്കം എംഎഎംഒ കോളജ് എന്‍എസ്എസ് വോളന്റിയര്‍മാര്‍, ഇസാഫ് എന്നിവയും പങ്കാളികളായി. ബുദ്ധിപരമായി വെല്ലുവിളി നേരിടുന്നവരെ പൊതുരംഗങ്ങളില്‍ പങ്കാളികളാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചതെന്ന് ലീഗല്‍ സര്‍വീസ് അതോറിറ്റി മുന്‍ സെക്രട്ടറി ആര്‍ എല്‍ ബൈജു പറഞ്ഞു.
ഇത്തരം പരിപാടികള്‍ ഇനിയും തുടരുമെന്നും ഭിന്നശേഷി വിദ്യാര്‍ഥികളെ ഇതിന്റെ ഭാഗമാക്കുമെന്നും അദ്ദേഹം അറിയിച്ചു. ഭിന്നശേഷി വിദ്യാര്‍ഥികളുടെ ഉന്നമനത്തിന് വേണ്ടിയുള്ള പരിപാടികള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കുമെന്ന് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കാണാനെത്തിയ ടൗണ്‍ സിഐ എ ഉമേഷ് പറഞ്ഞു. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രഫ. കോയട്ടി, പി സിക്കന്ദര്‍, ഇസാഫ് പ്രതിനിധി സബീല്‍, പരിവാര ഭാരവാഹികള്‍, ഭിന്നശേഷി വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ നേതൃത്വം നല്‍കി.



Next Story

RELATED STORIES

Share it