മാനസിക വെല്ലുവിളികളുള്ള തടവുകാരെ പുനരധിവസിപ്പിക്കാന്‍ പ്രത്യേക പദ്ധതി

തിരുവനന്തപുരം: ശിക്ഷാ കാലാവധി കഴിഞ്ഞും ഏറ്റെടുക്കാനാരുമില്ലാതെ വിവിധ ജയിലുകളിലും മാനസികാരോഗ്യ കേന്ദ്രങ്ങളിലും കഴിയുന്ന മാനസിക വെല്ലുവിളികളുള്ള തടവുകാരുടെ മോചനം സാധ്യമാക്കി പുനരധിവസിപ്പിക്കുന്നതിനുവേണ്ടി പദ്ധതിയാവിഷ്‌കരിക്കാന്‍ സാമൂഹികനീതി വകുപ്പ് തീരുമാനിച്ചതായി മന്ത്രി കെ കെ ശൈലജ.
അത്തരം തടവുകാരുടെ വ്യക്തിപരമായതും മാനസികാരോഗ്യപരവുമായ വിവരങ്ങള്‍ ശേഖരിച്ച് വിലയിരുത്തിയ ശേഷമായിരിക്കും ലിസ്റ്റ് തയ്യാറാക്കുക. പുനരധിവാസത്തിന് താല്‍പര്യമുള്ള സര്‍ക്കാരിതര സന്നദ്ധസംഘടനകളെ ഉള്‍പ്പെടുത്തിയായിരിക്കും പദ്ധതി സാധ്യമാക്കുകയെന്നും മന്ത്രി വ്യക്തമാക്കി.
ഈ പദ്ധതി നടപ്പാക്കുന്നതിന് സാമൂഹികനീതി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി ചെയര്‍മാനായി ഒരു ഉന്നതാധികാര സമിതി രൂപീകരിക്കും. ആഭ്യന്തരവകുപ്പ്, നിയമവകുപ്പ്, ആരോഗ്യവകുപ്പ് സെക്രട്ടറിമാരുടെയും കേരള ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെയും നേതൃത്വത്തിലായിരിക്കും സമിതി പ്രവര്‍ത്തിക്കുക.
മാനസികാരോഗ്യകേന്ദ്രങ്ങള്‍, ജയില്‍ ആസ്ഥാനം, മെന്റല്‍ ഹെല്‍ത്ത് അതോറിറ്റി എന്നിവയുടെ പ്രതിനിധികളും സമിതിയില്‍ അംഗങ്ങളാണ്. ജയിലുകളും മാനസികാരോഗ്യ കേന്ദ്രങ്ങളുമാണ് പുനരധിവസിപ്പിക്കാന്‍ കഴിയുന്നവരുടെ ലിസ്റ്റ് തയ്യാറാക്കി ഈ സമിതിക്ക് മുമ്പാകെ സമര്‍പ്പിക്കുന്നത്. പൂര്‍ണമായും രോഗം ഭേദമായവര്‍, മരുന്ന് കഴിച്ചാല്‍ നിയന്ത്രണത്തില്‍ വരുന്നവര്‍, ഗുരുതര രോഗമുള്ളവര്‍ എന്നിങ്ങനെ തരംതിരിച്ചായിരിക്കും ലിസ്റ്റ് തയ്യാറാക്കുക. ഈ ലിസ്റ്റ് വിദഗ്ധ സമിതി വിലയിരുത്തി ലിസ്റ്റിന് അന്തിമ രൂപം നല്‍കും. ഇക്കാര്യം ഹൈക്കോടതി മുമ്പാകെ കൊണ്ടുവന്ന ശേഷമായിരിക്കും പുനരധിവാസം സാധ്യമാക്കുക. 80 ഓളം പേരാണ് പ്രാഥമിക ലിസ്റ്റില്‍ വന്നിട്ടുള്ളത്.
2017ലെ മാനസികാരോഗ്യ പരിരക്ഷാ നിയമത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് കേരളം ഇത്തരമൊരു നിലപാടെടുത്തത്. ഇന്ത്യയില്‍ ആദ്യമായി മാനസികാരോഗ്യ നിയമം നടപ്പാക്കാന്‍ പരിശ്രമിക്കുന്ന സംസ്ഥാനംകൂടിയാണ് കേരളം. 2 വര്‍ഷം മുതല്‍ 40 വര്‍ഷം വരെയുള്ളവരാണ് വിവിധ ജയിലുകളിലും മാനസികാരോഗ്യ കേന്ദ്രങ്ങളിലുമായി ഏറ്റെടുക്കാനാരുമില്ലാതെ കഴിയുന്നത്.



Next Story

RELATED STORIES

Share it