മാനസിക വളര്‍ച്ചയില്ലാത്ത കുട്ടിയെ ലൈംഗികവ്യാപാരത്തിനുപയോഗിക്കാന്‍ ശ്രമം; അമ്മയുള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

കൊച്ചി: പ്രായപൂര്‍ത്തിയാവാത്ത മാനസിക വളര്‍ച്ചയില്ലാത്ത പെണ്‍കുട്ടിയെ ലൈംഗികവ്യാപാരത്തിനുപയോഗിക്കാന്‍ ശ്രമിച്ച കേസില്‍ പെണ്‍കുട്ടിയുടെ അമ്മ ഉള്‍പ്പെടെ മൂന്നുപേരെ ഷാഡോ പോലിസ് എസ്‌ഐ വി ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ അമ്മ കൊല്ലം കൊട്ടാരക്കര അംബികാവിലാസം വീട്ടില്‍ ശോഭ എന്നു വിളിക്കുന്ന അശോക(42), എറണാകുളം ചേരാനെല്ലൂര്‍ നിരപ്പില്‍ പുത്തന്‍വീട്ടില്‍ താമസിക്കുന്ന പുഷ്പ ഹരിശങ്കര്‍(37), പുഷ്പയുടെ ഭര്‍ത്താവ് ഹരിശങ്കര്‍(29) എന്നിവരാണ് പോലിസ് പിടിയിലായത്. ഡെപ്യൂട്ടി പോലിസ് കമ്മീഷണര്‍ അരുള്‍ ആര്‍ ബി കൃഷ്ണയ്ക്കു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുമ്പാകെ ഹാജരാക്കുമെന്നു കൊച്ചി സിറ്റി ഡെപ്യൂട്ടി പോലിസ് കമ്മീഷണര്‍ അറിയിച്ചു.  കഴിഞ്ഞദിവസം രാത്രി എട്ടുമണിയോടെയാണ് ഓപ്പറേഷന് പോലിസ് തുടക്കംകുറിച്ചത്. ചേരാനെല്ലൂര്‍ സ്വദേശി പുഷ്പ എന്ന സ്ത്രീ 16 വയസ്സുള്ള ഒരു പെണ്‍കുട്ടിയെ വേശ്യാവൃത്തിക്കായി കൊണ്ടുനടക്കുന്നതായി രഹസ്യവിവരം ലഭിച്ച ഡെപ്യൂട്ടി കമ്മീഷണര്‍ ബന്ധപ്പെടേണ്ട ഫോണ്‍നമ്പര്‍ സഹിതം ഷാഡോ പോലിസ് ടീമിനു കൈമാറുകയായിരുന്നു. കോഴിക്കോട് കേന്ദ്രീകരിച്ച് ചെമ്മീന്‍ വ്യാപാരം നടത്തുന്ന വ്യവസായി ആണെന്ന വ്യാജേന ഷാഡോ എസ്‌ഐ പുഷ്പയെ ഫോണില്‍ വിളിക്കുകയായിരുന്നു. നാലുലക്ഷം രൂപ തന്നാല്‍ മാത്രമേ പെണ്‍കുട്ടിയെ തരികയുള്ളൂവെന്ന് പുഷ്പ ഉറപ്പിച്ചു. തുടര്‍ന്ന് വിലപേശി 35,0000 രൂപയ്ക്കു കച്ചവടമുറപ്പിക്കുകയായിരുന്നു.
ഇന്നലെ രാവിലെ 11ന് മറൈന്‍ഡ്രൈവില്‍ വാക്ക് വേയില്‍ കുട്ടിയെ എത്തിക്കാന്‍ പോലിസിന്റെ നിര്‍ദേശമനുസരിച്ചെത്തിയ ശോഭയെയും കുട്ടിയെയും പോലിസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് ഇവരെ കൂട്ടിക്കൊണ്ടുവന്ന പുഷ്പയുടെ ഭര്‍ത്താവ് ഹരിശങ്കറിനെയും പോലിസ് കസ്റ്റഡിയിലെടുത്തു.
ഇവര്‍ക്കെതിരേ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുവന്നതിനും ലൈംഗിക വ്യാപാരത്തിനുപയോഗിക്കാന്‍ ശ്രമിച്ചതിനും കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് കേസന്വേഷണത്തിനു നേതൃത്വം നല്‍കിയ കൊച്ചി സിറ്റി സ്‌പെഷ്യല്‍ ബ്രാഞ്ച് അസി. കമ്മീഷണര്‍ കെ ജി ബാബുകുമാര്‍ അറിയിച്ചു. സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍മാരായ ടി എസ് വാവ, സാനു, ഉമ്മര്‍, ആന്റണി, അനില്‍, യൂസഫ്, അനസ് എന്നിവരടങ്ങുന്ന സംഘമാണു പ്രതികളെ അറസ്റ്റ് ചെയ്തത്.
Next Story

RELATED STORIES

Share it