ernakulam local

മാനസികാസ്വാസ്ഥ്യമുള്ള സ്ത്രീയെ മര്‍ദ്ദിച്ച 3 സ്ത്രീകളെ കോടതി റിമാന്റ് ചെയ്തു

വൈപ്പിന്‍: മാനസികാസ്വാസ്ഥ്യമുള്ള സ്ത്രീയെ മര്‍ദ്ദിച്ച കേസില്‍ പിടിയിലായ മൂന്നു സ്ത്രീകളെയും ഞാറക്കല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേട്ട് കോടതി റിമാന്റ് ചെയ്തു. ഇവരെ ചൊവ്വാഴ്ച രാത്രിതന്നെ കാക്കനാട് സബ്ജയിലിലേക്കു മാറ്റി. കൈപ്പാശേരി വീട്ടില്‍ ലിജി അഗസ്റ്റിന്‍ (47), അച്ചാരുപറമ്പില്‍ മോളി (44), പാറക്കാട്ടില്‍  ഡീന (37) എന്നിവരാണ് റിമാന്റിലായത്. അതേസമയം തന്നെ മര്‍ദ്ദിച്ചെന്നാരോപിച്ച് ലിജിയുടെ ഭര്‍ത്താവ് അഗസ്റ്റിനെതിരെ സിന്‍ട്രയുടെ മകള്‍ ശില്‍പ മുനമ്പം പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.മര്‍ദ്ദനമേറ്റ കോണ്‍വെന്റ് കിഴക്ക് കാവാലംകുഴി സിന്‍ട്ര ആന്റണിയെ (48) തൃശൂര്‍ മാനസികാരോഗ്യ കേന്ദ്രത്തിലേക്കു മാറ്റി. ഇന്നലെ രാവിലെ എറണാകുളം ജനറല്‍ ആശുപത്രിയിലെത്തിച്ച ഇവരെ മാനസിക ബുദ്ധിമുട്ടുള്ളതിനാലാണ് തൃശൂരിലേക്ക് മാറ്റിയത്. പള്ളിപ്പുറം പഞ്ചായത്ത് വൈസ്പ്രസിഡന്റ് രമണി അജയന്‍, ബ്ലോക്ക് പഞ്ചായത്തംഗം സുബോധ ഷാജി തുടങ്ങിയവര്‍ ഇവര്‍ക്കൊപ്പം ജനറല്‍ ആശുപത്രിയില്‍ എത്തിയിരുന്നു. ഇന്നലെ രാവിലെ മുനമ്പം പോലിസ് സ്‌റ്റേഷനില്‍ കൊണ്ടുവന്ന സിന്‍ട്രയെ മൊഴിയെടുത്ത ശേഷം മുനമ്പം ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷകള്‍ നല്‍കി. പിന്നീട് ആംബുലന്‍സില്‍ എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഭര്‍ത്താവ് ആന്റണിയും ഇളയമകളും അവര്‍ക്കൊപ്പമുണ്ടായിരുന്നു.
Next Story

RELATED STORIES

Share it