മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് തടവുചാടിയ നസീമ പിടിയില്‍

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നു തടവു ചാടിയ കവര്‍ച്ചാക്കേസിലെ പ്രതി നസീമ (30)യെ സിറ്റി പോലിസ് പിടികൂടി. മാനസികരോഗം അഭിനയിച്ചതിനെ തുടര്‍ന്ന് രണ്ടു ദിവസം മുമ്പ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നസീമ ബുധനാഴ്ച അര്‍ധരാത്രിയാണ് സെല്ലിലെ ജനല്‍ക്കമ്പി ഇളക്കിമാറ്റി തടവു ചാടിയത്.
ഇന്നലെ പുലര്‍ച്ചെ നാലു മണിയോടെയാണ് ആശുപത്രി അധികൃതര്‍ വിവരമറിഞ്ഞത്. തുടര്‍ന്ന് പോലിസ് നടത്തിയ അന്വേഷണത്തിലാണ് നസീമ പിടിയിലായത്. മൊഫ്യൂസല്‍ ബസ്സ്റ്റാന്റില്‍ നസീമ ഇരിക്കുന്നതായി വിവരം ലഭിച്ച നടക്കാവ് പോലിസ് സ്ഥലത്തെത്തി നസീമയെ കസ്റ്റഡിയിലെടുത്ത് മെഡിക്കല്‍ കോളജ് പോലിസിനു കൈമാറുകയായിരുന്നു. പണമില്ലാത്തതാണ് നസീമ നഗരം വിട്ടുപോവാതിരിക്കാന്‍ കാരണം. പണം പിരിവ് നടത്തി കോഴിക്കോട്ടു നിന്ന് രക്ഷപ്പെടാനായിരുന്നു പദ്ധതി. നസീമയുടെ കൈവശം ഒന്നില്‍ കൂടുതല്‍ ഷാളുകള്‍ എങ്ങനെയെത്തി എന്നതും ഒരിക്കല്‍ തടവുചാടിയ പ്രതിയെ ഉറപ്പില്ലാത്ത സെല്ലില്‍ അടച്ചതിനെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഇരുപതോളം കവര്‍ച്ചാക്കേസിലെ പ്രതിയായ നസീമ ആഗസ്ത് 16നാണ് കുതിരവട്ടത്തെ ആശുപത്രിയിലെ സെല്ലില്‍ നിന്നു തടവുചാടിയത്.
കല്‍മഴു ഉപയോഗിച്ചു ഭിത്തിയില്‍ ദ്വാരമുണ്ടാക്കിയായിരുന്നു അന്നു രക്ഷപ്പെട്ടത്. എറണാകുളത്തെ ഫഌറ്റില്‍ ഒളിച്ചു താമസിക്കുകയായിരുന്ന നസീമയെ മൂന്നു മാസത്തിനു ശേഷമാണ് പോലിസ് പിടികൂടിയത്. മുമ്പ് കവര്‍ച്ചാക്കേസില്‍ മലപ്പുറം വേങ്ങര പോലിസ് അറസ്റ്റ് ചെയ്ത ശേഷം മാനസികരോഗം അഭിനയിച്ചായിരുന്നു ആശുപത്രിയിലെത്തിയത്. നസീമയെ മെഡിക്കല്‍ കോളജ് പോലിസ് കുന്ദമംഗലം കോടതിയില്‍ ഹാജരാക്കി.
Next Story

RELATED STORIES

Share it