മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ രോഗവിമുക്തി കൈവരിച്ചവര്‍ക്കായി സ്‌നേഹക്കൂട് പദ്ധതി

തിരുവനന്തപുരം: മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ ചികില്‍സാനന്തരം രോഗവിമുക്തി കൈവരിച്ചവരെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാനായി ആരോഗ്യവകുപ്പിന്റെ കീഴില്‍ സ്‌നേഹക്കൂട് എന്ന പേരില്‍ പുനരധിവാസപദ്ധതി തയ്യാറാവുന്നു. ആരോഗ്യ കേരളം, ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദി ബന്യാന്‍, ടിസ്സ്, ഹാന്‍സ് ഫൗണ്ടേഷന്‍ എന്നിവ സംയുക്തമായാണ് ഈ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.
പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ വൈകീട്ട് മൂന്നിന് പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. മന്ത്രി കെ കെ ശൈലജ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. ഇതിന്റെ ഭാഗമായി പുനരധിവാസ ധാരണാപത്രവും ഒപ്പുവയ്ക്കും. കൂടാതെ നാലുകോടി രൂപ സര്‍ക്കാര്‍ ധനസഹായത്തോടെ നിര്‍മിക്കുന്ന പുരുഷന്‍മാര്‍ക്കുള്ള ആധുനിക ചികില്‍സാ നിരീക്ഷണ വാര്‍ഡിന്റെ തറക്കല്ലിടല്‍ ചടങ്ങും നടക്കും.
തിരുവനന്തപുരം, കോഴിക്കോട്, തൃശൂര്‍ എന്നിങ്ങനെ മൂന്ന് മാനസികാരോഗ്യ കേന്ദ്രങ്ങളാണ് കേരളത്തിലുള്ളത്. ഈ കേന്ദ്രങ്ങളില്‍ 300 ഓളം പേരാണ് ആരും ഏറ്റെടുക്കാനില്ലാതെ ജീവിതം വഴിമുട്ടിനില്‍ക്കുന്നത്. ഇവരില്‍ 130 പേരാണ് ആദ്യഘട്ടത്തില്‍ മലപ്പുറത്ത് സജ്ജമാക്കിയിട്ടുള്ള ദി ബന്യാന്‍ സംഘടനയുടെ സ്‌നേഹവീട്ടിലേക്ക് എത്തുക.
തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് 45 പേരും തൃശൂര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് 25 പേരും കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് 60 പേരുമാണുള്ളത്. ഇവര്‍ക്ക് മതിയായ തൊഴിലും നല്‍കും.
Next Story

RELATED STORIES

Share it