Editorial

മാനവ സാഹോദര്യത്തിന്റെ മഹനീയ മാതൃക

ഉത്തര തായ്‌ലന്‍ഡിലെ ചിയാങ് റായ് പ്രദേശത്തെ ഗുഹയ്ക്കുള്ളില്‍ പെട്ടുപോയ കുട്ടികളെ രക്ഷപ്പെടുത്താനുള്ള ഭഗീരഥപ്രയത്‌നം വിജയത്തിന് അടുത്തെത്തിയിരിക്കുന്നു. പത്തു ദിവസത്തെ കഠിനയത്‌നത്തിനുശേഷമാണ് ഗുഹയ്ക്കുള്ളില്‍ കൊടുംപ്രളയത്തില്‍ കൂരിരുട്ടില്‍ ഭക്ഷണമോ സഹായമോ ഇല്ലാതെ പെട്ടുപോയ കുട്ടികളെ കണ്ടെത്തിയത്. കൗമാരപ്രായക്കാരായ 12 കുട്ടികളും അവരുടെ 25കാരനായ ഫുട്‌ബോള്‍ കോച്ചുമാണ് ഗുഹയില്‍ കഴിഞ്ഞുകൂടിയത്.
വിശാലമായ ഒരു അന്താരാഷ്ട്രയത്‌നത്തിന്റെ ഗംഭീരവിജയമാണ് തായ്‌ലന്‍ഡില്‍ കണ്ടത്. അതീവ ദുര്‍ഘടമായ ഗുഹയില്‍ മണ്ണും ചളിയും പ്രളയജലവും തരണം ചെയ്ത് അതിസാഹസികമായി കുട്ടികളുടെ അടുത്ത് ആദ്യം എത്തിയത് രണ്ടു ബ്രിട്ടിഷ് മുങ്ങല്‍വിദഗ്ധരാണ്. തായ് നാവികസേനയുടെ അംഗങ്ങളും വൈകാതെ അവര്‍ക്കൊപ്പമെത്തി. കുട്ടികളെ രക്ഷപ്പെടുത്താനുള്ള യത്‌നത്തില്‍ ഏര്‍പ്പെട്ട സംഘത്തില്‍ ബ്രിട്ടനില്‍ നിന്നും അമേരിക്കയില്‍ നിന്നും മറ്റു ചില രാജ്യങ്ങളില്‍ നിന്നുമുള്ള വിദഗ്ധരും ഉള്‍പ്പെട്ടിരുന്നു. ആയിരത്തിലേറെ വരുന്ന സന്നദ്ധപ്രവര്‍ത്തകരാണ് പത്തു ദിവസമായി കൊടുംമഴയെയും പ്രകൃതിക്ഷോഭത്തെയും തൃണവല്‍ഗണിച്ച് അവിടെ കര്‍മനിരതരായിരുന്നത്.
കുട്ടികളെ കണ്ടെത്തിയെങ്കിലും അവരെ പുറംലോകത്തേക്ക് എത്തിക്കുകയെന്നത് ഇനിയും കടുത്ത പ്രതിസന്ധികള്‍ അതിജീവിച്ചു മാത്രമേ സാധ്യമാവുകയുള്ളൂ. കാരണം, പ്രദേശത്ത് ഇപ്പോഴും കനത്ത മഴ പെയ്യുകയാണ്. ഗുഹയിലെ വെള്ളം വറ്റിക്കാനുള്ള ശ്രമങ്ങള്‍ കാര്യമായ ഫലം ചെയ്യുന്നതായി കാണുന്നില്ല. ഗുഹയ്ക്കകത്ത് നാലു കിലോമീറ്ററിനപ്പുറം ഒരു പാറപ്പുറത്താണ് കുട്ടികള്‍ അഭയം തേടിയിരുന്നത്. അങ്ങോട്ടു കടക്കുകയെന്നത് അതീവ ദുഷ്‌കരമാണ്. കുട്ടികളെ പുറത്തെത്തിക്കാന്‍ ഓക്‌സിജന്‍ ടാങ്ക് അടക്കമുള്ള സംവിധാനങ്ങള്‍ എത്തിക്കണം. കൂരിരുട്ടില്‍ വെള്ളത്തിലൂടെ മുങ്ങി ദീര്‍ഘദൂരം തരണം ചെയ്യാനുള്ള ശാരീരികശേഷിയോ പരിശീലനമോ കുട്ടികള്‍ക്കില്ല. അതിനാല്‍ മഴ മാറി വെള്ളം ഒഴിവാകുന്നതു വരെ അവരെ പുറത്തെത്തിക്കുകയെന്നത് പ്രയാസമായിത്തീരും. അതിനാല്‍ അവര്‍ക്ക് ഭക്ഷണവും വൈദ്യസഹായവും തല്‍ക്കാലം ഗുഹയ്ക്കകത്ത് എത്തിക്കുകയെന്നത് മാത്രമാണ് പോംവഴി. ഏതായാലും എങ്ങനെ ഈ പ്രതിസന്ധി തരണം ചെയ്യാം എന്നതു സംബന്ധിച്ച് വിദഗ്ധ സംഘം പരിശോധിക്കുന്നുണ്ട്. അവര്‍ ഫലപ്രദമായ പരിഹാരം കണ്ടെത്തുമെന്ന് പ്രതീക്ഷിക്കുക.
കുട്ടികളെ ഗുഹയ്ക്കകത്തു നിന്നു രക്ഷപ്പെടുത്താനുള്ള നീക്കങ്ങളും അതിനു ലഭിച്ച അന്താരാഷ്ട്ര പിന്തുണയും വളരെയേറെ സ്വാഗതാര്‍ഹമായ വസ്തുതകളാണ്. പ്രതിസന്ധിഘട്ടങ്ങളില്‍ എങ്ങനെയാണ് ലോകം ഒന്നിച്ചു കൈകോര്‍ത്തുനില്‍ക്കുന്നത് എന്നതിന് ഉജ്ജ്വലമായ മാതൃകയാണ് തായ്‌ലന്‍ഡിലെ വനാന്തരത്തില്‍ കണ്ടത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള വിദഗ്ധരാണ് സ്വമേധയാ അവിടെ എത്തിച്ചേര്‍ന്നത്. തായ് സര്‍ക്കാര്‍ സംവിധാനവുമായി യോജിച്ചുകൊണ്ടാണ് അവര്‍ അവിടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായത്. ഇത് ലോകത്തിനു മഹത്തായ ഒരു മാതൃകയാണ്; മാനവ സാഹോദര്യത്തിന്റെ മഹനീയമായ ഉദാഹരണവും.
Next Story

RELATED STORIES

Share it