Editorial

മാനവികതയ്ക്ക് അടിവരയിട്ട കൈകോര്‍ക്കല്‍

രു വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്റെ സഹായത്തോടെ ഒരു റൂട്ടില്‍ ഓടുന്ന 15 ബസ്സുകളുടെ ഒരു ദിവസത്തെ വരുമാനം മുഴുവന്‍ രണ്ടു വൃക്കയും തകരാറിലായ ഒരു പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിക്കാനുള്ള ശസ്ത്രക്രിയക്കു നല്‍കുക, ആ സംരംഭത്തില്‍ നാട്ടുകാരെല്ലാം സഹകരിക്കുക- കാരുണ്യവും സന്നദ്ധതയുമുള്ള മനുഷ്യരുണ്ടെങ്കില്‍ അസാധ്യമെന്നു തോന്നുന്ന ദൗത്യങ്ങള്‍ വരെ പൂര്‍ത്തിയാക്കാന്‍ കേരളീയര്‍ക്കു കഴിയുമെന്നതിന്റെ തെളിവാണീ സംഭവം.

കോഴിക്കോട് പേരാമ്പ്രയിലെ വിഷ്ണുപ്രിയ എന്ന പെണ്‍കുട്ടിക്കാണ് ജനകീയ കൂട്ടായ്മയിലൂടെ നവംബര്‍ 16ന് എട്ടു ലക്ഷം രൂപ ചികില്‍സയ്ക്കായി ലഭിച്ചത്. വിഷ്ണുപ്രിയ ആഴ്ചയില്‍ പല പ്രാവശ്യം ഡയാലിസിസ് നടത്തിയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. മകളുടെ ചികില്‍സയ്ക്കായി പണം ചെലവഴിച്ചുകൊണ്ടിരിക്കുന്നതിനാല്‍ ദരിദ്രരായ മാതാപിതാക്കള്‍ വലിയ ബുദ്ധിമുട്ടിലായിരുന്നു. ഇതറിഞ്ഞ ദയാലുക്കളായ ചില പൗരപ്രമുഖരാണ് പുതുമയാര്‍ന്ന പദ്ധതിയുമായി വിഷ്ണുപ്രിയയെ സഹായിക്കാനെത്തിയത്. കോഴിക്കോട്-കുറ്റിയാടി റൂട്ടിലോടുന്ന ബസ്സുകള്‍ ഒരു ദിവസത്തെ വരുമാനം വിഷ്ണുപ്രിയ ഫണ്ടിലേക്കു നല്‍കാന്‍ തീരുമാനിച്ചു. ഓട്ടോറിക്ഷാ ഡ്രൈവര്‍മാരും ഒരു ദിവസത്തെ വരുമാനം പെണ്‍കുട്ടിയുടെ ചികില്‍സയ്ക്കു നല്‍കാമെന്നു പറഞ്ഞിട്ടുണ്ട്. സഹായപദ്ധതിയോട് ബസ്‌യാത്രക്കാരല്ലാത്തവരും സഹകരിച്ചതോടെ കക്ഷി-മത-ജാതിവിഭാഗീയതകള്‍ മറന്നുകൊണ്ടുള്ള കാരുണ്യത്തിന്റെയും സഹകരണത്തിന്റെയും ഉദാത്ത മാതൃകയാണ് നാട് കാണുന്നത്. ആധുനികതയുടെ കടന്നാക്രമണത്തില്‍ സ്‌നേഹവും സഹകരണവും ദുര്‍ബലമാവുന്നതിന്റെ ഉദാഹരണങ്ങള്‍ സംസ്ഥാനത്ത് വര്‍ധിച്ചുകൊണ്ടിരിക്കുന്നുണ്ട്. അണുകുടുംബം വ്യാപകമായതോടെ പൊതുവില്‍ മനുഷ്യര്‍ സ്വന്തം വീടുകളിലേക്ക് ഒതുങ്ങുകയും സാമൂഹികവേഴ്ചകളില്‍ നിന്നകന്നുനില്‍ക്കുകയും ചെയ്യുന്നു.

കുറ്റകൃത്യങ്ങളിലും ആത്മഹത്യയിലും ലൈംഗികപീഡനങ്ങളിലും സംസ്ഥാനം വളരെ മുന്നിലാണെന്നാണ് ഏറ്റവും പുതിയ പഠനങ്ങള്‍ വരെ സൂചിപ്പിക്കുന്നത്. ഭൗതികസൗകര്യങ്ങള്‍ക്കായുള്ള മല്‍സരത്തില്‍ എന്തും ചെയ്യാന്‍ മടിയില്ലാത്ത വിഭാഗങ്ങള്‍ ശക്തിപ്പെടുന്നു. കുഞ്ഞുങ്ങളെയും ഭാര്യമാരെയും കൊലപ്പെടുത്തുന്നവരും കുഞ്ഞുങ്ങളെ കൊല ചെയ്ത ശേഷം സ്വയം മരണം വരിക്കുന്നവരും വര്‍ധിച്ചുവരുന്നു. വിഷാദരോഗങ്ങളുടെ കാര്യത്തിലും സംസ്ഥാനം ഒന്നാം നിരയില്‍ തന്നെ.
ധാര്‍മിക മൂല്യങ്ങളുടെ തകര്‍ച്ച അതോടൊപ്പം ശക്തമാവുന്നുണ്ട്. ഭക്തി കുറയുന്നതുകൊണ്ടുണ്ടായതല്ല അത്. സ്വാര്‍ഥതയ്ക്കും ഭൗതികതയ്ക്കുമുള്ള മറുമരുന്നെന്ന നിലയിലുള്ള ഭക്തിപ്രവാഹം ഫലത്തില്‍ മനുഷ്യര്‍ക്കിടയില്‍ നീതിബോധവും സഹജീവിസ്‌നേഹവും ശക്തിപ്പെടുത്തുകയല്ല ചെയ്യുന്നത്.

ആ പശ്ചാത്തലത്തില്‍ പേരാമ്പ്രയിലെ നല്ല മനുഷ്യര്‍ നടത്തിയ ശ്രമം പ്രത്യേകം പ്രശംസയര്‍ഹിക്കുന്നുണ്ട്. ഫേസ്ബുക്ക്-വാട്ട്‌സ്ആപ്പ് കൂട്ടായ്മകള്‍ പല ഭാഗങ്ങളിലും ഈ മട്ടില്‍ നിധി സമാഹരിക്കുകയും പലരുടെയും ജീവിതം അര്‍ഥവത്താക്കുന്നതിനു കൈത്താങ്ങാവുകയും ചെയ്തിട്ടുണ്ട്. പലതും റിപോര്‍ട്ട് ചെയ്യാതെപോകാറാണ് പതിവ്. യഥാര്‍ഥത്തില്‍ സാമൂഹികബന്ധങ്ങള്‍ ദുര്‍ബലമാവുകയും മനുഷ്യര്‍ ഒറ്റപ്പെടുകയും ചെയ്യുമ്പോള്‍ അവര്‍ക്കു പ്രതീക്ഷ നല്‍കുകയും അവരെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തുകയും ചെയ്യുകയെന്നതാണ് മനുഷ്യത്വം. രാഷ്ട്രീയത്തിന്റെയും വിശ്വാസത്തിന്റെയും വിശ്വാസരാഹിത്യത്തിന്റെയും മതില്‍ക്കെട്ടുകള്‍ക്കപ്പുറത്തേക്കു വളരാന്‍ കഴിയുന്നതാണ് യഥാര്‍ഥ മാനവികത.
Next Story

RELATED STORIES

Share it