Flash News

മാനവരാശിക്കെതിരായ കുറ്റകൃത്യം ; ആശങ്ക പ്രകടിപ്പിച്ച് യുഎന്‍ സമിതികള്‍



ജനീവ: മ്യാന്‍മറിലെ റാഖൈന്‍ സംസ്ഥാനത്തെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അക്രമങ്ങള്‍ മാനവരാശിക്കെതിരായ കുറ്റകൃത്യങ്ങളാവാന്‍ സാധ്യതയുണ്ടെന്ന് യുഎന്‍ മനുഷ്യാവകാശ സമിതികള്‍. ഈ സംഭവങ്ങളില്‍ അടിയന്തരമായി അന്വേഷണം നടത്താനും വിചാരണാ നടപടികള്‍ ആരംഭിക്കാനും മ്യാന്‍മര്‍ അധികൃതര്‍ തയ്യാറാവണമെന്നും സ്ത്രീകള്‍ക്കെതിരായ വിവേചനങ്ങള്‍ അവസാനിപ്പിക്കുന്നതിനുള്ള യുഎന്‍ സമിതിയും കുട്ടികളുടെ അവകാശങ്ങള്‍ക്കായുള്ള സമിതിയും ആവശ്യപ്പെട്ടു. ഫലപ്രദമായ അന്വേഷണത്തിനും വിചാരണാ നടപടികള്‍ വേഗത്തിലാക്കാനും മ്യാന്‍മര്‍ സര്‍ക്കാര്‍ തയ്യാറാവണം. കൊലപാതകം, ബലാല്‍സംഗം, ബലംപ്രയോഗിച്ച് ആട്ടിയോടിക്കല്‍ എന്നിവയടക്കം വടക്കന്‍ റാഖൈനിലെ റോഹിന്‍ഗ്യന്‍ സ്ത്രീകളുടെയും കുട്ടികളുടെയും മനുഷ്യാവകാശങ്ങള്‍ ഗുരുതരമായി ലംഘിക്കപ്പെടുന്നതില്‍ പ്രത്യേകിച്ച് ആശങ്കപ്പെടുന്നു. മാനവരാശിക്കെതിരായ കുറ്റകൃത്യങ്ങളുടെ പരിധിയില്‍ ഉള്‍പ്പെടുന്നവയാവാം ഇത്തരം മനുഷ്യാവകാശലംഘനങ്ങള്‍. സൈന്യത്തിന്റെയും മറ്റു സുരക്ഷാ ഏജന്‍സികളുടെയും ഉത്തരവുപ്രകാരം നടത്തുന്ന ഭീകരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ അവസാനിപ്പിക്കുന്നതില്‍ ഭരണനേതൃത്വം വീഴ്ചവരുത്തുന്നതില്‍ അതീവ ആശങ്ക രേഖപ്പെടുത്തുന്നതായും യുഎന്‍ സമിതികള്‍ പ്രസ്താവനയില്‍ അറിയിച്ചു. പലായനം ചെയ്ത റോഹിന്‍ഗ്യര്‍ സൈന്യം നടത്തുന്ന കൊലപാതകങ്ങളെയും ബലാല്‍സംഗങ്ങളെയും ഗ്രാമങ്ങള്‍ ചുട്ടെരിക്കുന്നതിനെയും കുറിച്ച് പറഞ്ഞിരുന്നു. പൗരത്വമില്ലാത്ത റോഹിന്‍ഗ്യന്‍ സ്ത്രീകളെയും കുട്ടികളെയും കടുത്ത പട്ടിണിയിലേക്കും ദാരിദ്രത്തിലേക്കും തള്ളിവിടാന്‍ നിര്‍ബന്ധിത പലായനം കാരണമാവുന്നു. റോഹിന്‍ഗ്യന്‍ സ്ത്രീകളും കുട്ടികളും രാജ്യത്തിനകത്തും പുറത്തേക്കും പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാവുന്ന സാഹചര്യത്തില്‍ അവരുടെ പ്രശ്‌നങ്ങള്‍ അഭിസംബോധന ചെയ്യാന്‍ മ്യാന്‍മര്‍ അധികൃതര്‍ തയ്യാറാവണമെന്നും അതിനായി അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ തേടണമെന്നും യുഎന്‍ സമിതികള്‍ ആവശ്യപ്പെട്ടു.  മ്യാന്‍മര്‍ സൈന്യത്തിന്റെ ആക്രമണത്തെത്തുടര്‍ന്ന് ഈ വര്‍ഷം ആഗസ്ത് 25 മുതല്‍ അഞ്ച് ലക്ഷത്തിലധികം റോഹിന്‍ഗ്യര്‍ അയല്‍ രാജ്യമായ ബംഗ്ലാദേശിലേക്കു പലായനം ചെയ്തിരുന്നു. മ്യാന്‍മറില്‍ നിന്ന് ബംഗ്ലാദേശിലേക്കുള്ള റോഹിന്‍ഗ്യന്‍ പലായനം അടിയന്തര ശ്രദ്ധ പതിയേണ്ട ഏറ്റവും വലിയ അഭയാര്‍ഥി പ്രതിസന്ധിയാണെന്ന് യുഎന്‍ അഭിപ്രായപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it