മാനഭംഗ വിവാദത്തില്‍ വഴിത്തിരിവ്; വ്യാജമൊഴി നല്‍കാന്‍ പോലിസ് സമ്മര്‍ദ്ദം ചെലുത്തി: ഹന്ദ്വാര പെണ്‍കുട്ടി

ശ്രീനഗര്‍: കശ്മീരിലെ ഹന്ദ്വാരയില്‍ സൈനികന്‍ പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയ വിവാദത്തില്‍ വഴിത്തിരിവ്. താന്‍ പീഡിപ്പിക്കപ്പെട്ടിരുന്നുവെന്നും കസ്റ്റഡിയിലെടുത്ത പോലിസ് തന്നെ ഭീഷണിപ്പെടുത്തി സൈനികന് അനുകൂലമായി മൊഴി രേഖപ്പെടുത്തുകയായിരുന്നെന്നും പെണ്‍കുട്ടി ഇന്നലെ മാതാപിതാക്കള്‍ക്കൊപ്പം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. യഥാര്‍ഥ സംഭവത്തിനു വിരുദ്ധമായി മൊഴി നല്‍കണമെന്ന് പോലിസ് നിര്‍ബന്ധിച്ചു. പിന്നീടാണ് ചില യുവാക്കള്‍ തന്നെ അപമാനിക്കാന്‍ ശ്രമിച്ചതാണെന്ന മൊഴി റിക്കാര്‍ഡ് ചെയ്ത് ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചതെന്നും പെണ്‍കുട്ടി വിശദീകരിച്ചു.
പെണ്‍കുട്ടിയെ സൈനികന്‍ മാനഭംഗപ്പെടുത്തിയെന്ന വാര്‍ത്ത വന്നതോടെ കഴിഞ്ഞമാസം കശ്മീരില്‍ വന്‍ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടിരുന്നു. ഹന്ദ്വാരയിലെ സൈനിക കാവല്‍പുര പ്രക്ഷോഭകര്‍ അഗ്‌നിക്കിരയാക്കി. തുടര്‍ന്ന് പോലിസ് നടത്തിയ വെടിവയ്പ്പില്‍ ക്രിക്കറ്റര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ കൊല്ലപ്പെട്ടു. മറ്റൊരിടത്ത് രണ്ട് പേരും വെടിയേറ്റു മരിച്ചു.
എന്നാല്‍, മാനഭംഗ വാര്‍ത്ത പ്രചരിച്ച ഉടനെ പോലിസ് പെണ്‍കുട്ടിയെ കസ്റ്റഡിയിലെടുത്തു. അന്വേഷിച്ചു ചെന്ന പിതാവിനെയും തടവിലാക്കി. തുടര്‍ന്നാണ് സൈനികന് അനുകൂലമായി മൊഴി രേഖപ്പെടുത്തി ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചത്. സ്‌കൂളില്‍നിന്നു വീട്ടിലേക്ക് വരവെ ചില ആണ്‍കുട്ടികളാണ് തന്നെ അപമാനിച്ചതെന്നു പെണ്‍കുട്ടി പറയുന്ന വീഡിയോ ആണ് പോലിസ് പുറത്തുവിട്ടത്. തന്നെക്കൊണ്ട് കള്ളം പറയിച്ച ഹന്ദ്വാരയിലെ ഉന്നത പോലിസ് ഓഫിസര്‍മാര്‍ക്കെതിരേ കേസെടുക്കണമെന്നും മാനഭംഗപ്പെടുത്തിയ സൈനികനെ അറസ്റ്റ് ചെയ്യണമെന്നും പെണ്‍കുട്ടി ആവശ്യപ്പെട്ടു. സൈനിക ബങ്കറിനടുത്ത പൊതു ശൗചാലയത്തില്‍ കയറിയ തന്നെ സൈനികന്‍ കയറിപ്പിടിക്കുകയായിരുന്നു. ഭയന്ന് നിലവിളിച്ചു പുറത്തേക്കോടിയാണു രക്ഷപ്പെട്ടതെന്ന് അവള്‍ വിശദീകരിച്ചു. കസ്റ്റഡിയില്‍ വച്ചും തന്നെ പോലിസുകാര്‍ പീഡിപ്പിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു. ഒരു ഓഫിസര്‍ ഏറെ നേരം തന്നോട് തര്‍ക്കിച്ചു.
അഞ്ചു പേര്‍ കൊല്ലപ്പെട്ടതിന്റെ ഉത്തരവാദിത്തം തനിക്കാണെന്ന് ഓഫിസര്‍മാര്‍ പറഞ്ഞപ്പോള്‍ സങ്കടം സഹിക്കാനായില്ല. നിര്‍ബന്ധിച്ച് റിക്കാര്‍ഡ് ചെയ്ത മൊഴി പരസ്യപ്പെടുത്തരുതെന്ന് പോലിസിനോട് ആവശ്യപ്പെട്ടെങ്കിലും സൈന്യത്തിന്റെ പ്രതിച്ഛായ നിലനിര്‍ത്താന്‍ അവര്‍ ഇതു പ്രചരിപ്പിച്ചു.
ഹന്ദ്വാര കോടതിയില്‍ ഹാജരാക്കുമ്പോള്‍ സൈനികനെതിരായി മൊഴി നല്‍കരുതെന്ന് പോലിസ് ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടി പറഞ്ഞു. ഹൈക്കോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് 27 ദിവസത്തിന് ശേഷമാണ് പെണ്‍കുട്ടിയെ കസ്റ്റഡിയിയില്‍നിന്നു പോലിസ് മോചിപ്പിച്ചത്.
Next Story

RELATED STORIES

Share it