kozhikode local

മാനഭംഗക്കേസ് ഒതുക്കാന്‍ ശ്രമം: ചോമ്പാല എസ്‌ഐക്കെതിരേ കേസെടുക്കാന്‍ ഉത്തരവ്‌

വടകര: അഴിയൂര്‍ സുനാമി കോളനിയില്‍ വീട്ടമ്മയെ അയല്‍വാസി മാനഭംഗം ചെയ്ത കേസ് ഒതുക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍  എസ്‌ഐക്കും വനിതാ സിവില്‍ പോലിസ് ഉദ്യോഗസ്ഥക്കുമെതിരേ കേസെടുക്കാന്‍ ഉത്തരവ്.  ചോമ്പാല  എസ്‌ഐ നസീര്‍, വനിതാ കോണ്‍സ്റ്റ്ബിള്‍ ശ്രീദേവി എന്നിവര്‍ക്കെതിരേ മാനഭംഗത്തിനിരയായി യുവതി നല്‍കിയ പരാതിയിലാണ് കോഴിക്കോട് ജില്ലാ പോലിസ് കംപ്ലൈന്റ് അതോറിറ്റി ജഡ്ജ് ഗോപിക്കുട്ടന്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണത്തിന് ഉത്തരവിട്ടത്.
വീട്ടമ്മയുടെ പരാ പോലിസ് പരാതിയില്‍ പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്ന് പോലിസ് കംപ്ലയിന്റ് അതോറിറ്റി കണ്ടെത്തി.   ഇരുവര്‍ക്കും എതിരേ കേസ് രജിസ്റ്റര്‍ ചെയ്യാനും മാര്‍ച്ച് 31ന് നേരിട്ട് ഹാജരാവാനും ജഡ്ജി  നിര്‍ദേശിച്ചു. ഇക്കഴിഞ്ഞ  ഒക്ടോബര്‍ 6നായിരുന്നൂ കേസിനാസ്പദമായ സംഭവം. രണ്ടു മക്കളോടൊപ്പം  അഴിയൂര്‍ സുനാമി കോളനിയില്‍ താമസിക്കുന്ന യുവതിയെ അയല്‍വാസിയായ അശോകന്‍ വീട്ടില്‍ കയറി ആക്രമിക്കുകയും മാനഭംഗപ്പെടുത്തുകയും ചെയ്തുവെന്നായിരുന്നു പരാതി. പരിക്കുകളോടെ ആശുപത്രിയിലായ  വീട്ടമ്മയെ പരാതി ലഭിച്ചിട്ടും   പോലിസ് തിരിഞ്ഞു നോക്കിയില്ല. ആശുപത്രിയില്‍ ഡിസ്ചാര്‍ജ് ചെയ്തു ഉമ്മയോടൊപ്പം ചോമ്പാല സ്റ്റേഷനില്‍ മൊഴി നല്‍കാനെത്തിയ യുവതിയോട് അപമര്യാദയായി പെരുമാറിയ പോലിസ്  പ്രതിക്കനുകൂലമായ നിലപാടെടുക്കാന്‍ സമ്മര്‍ദം ചെലുത്തുകയും ചെയ്തു. മൊഴിയില്‍  കൃത്രിമം നടത്തുകയും  വീട്ടമ്മ പറഞ്ഞ പ്രധാന കാര്യങ്ങള്‍ ഒഴിവാക്കുകയും ചെയ്തു. ഉച്ചയ്ക്ക്  നല്‍കിയ മൊഴി രാത്രി 8.45 എന്നാക്കി മാറ്റി.
6നു രാത്രി തന്നെ ഇന്റിമാഷന്‍ ലഭിച്ചിട്ടും 7ന് രാത്രി എന്നാണ് എഫ്‌ഐ ആറില്‍ രേഖപ്പെടുത്തിയത്. മാത്രവുമല്ല വനിതാ കോണ്‍സ്റ്റബിള്‍ മൊഴി രേഖപ്പെടുത്തുമ്പോള്‍  സമീപത്ത് നിലയുറപ്പിച്ച പുരുഷ പോലിസുകാര്‍ വീട്ടമ്മയെ പരിഹസിക്കുകയും ചെയ്തു. കേസ് അട്ടിമറിക്കാനുള്ള പോലിസ് നീക്കം തേജസ് റിപോര്‍ട്ട് ചെയ്തതോടെ എസ്ഡിപിഐ അടക്കമുള്ള സംഘടനകള്‍ രംഗത്തു വന്നു. ഇതേതുടര്‍ന്ന് പ്രതിയെ അറസ്റ്റ് ചെയ്യാന്‍ പോലിസ് നിര്‍ബന്ധിതമായി. പിന്നീട് വീട്ടമ്മ നല്‍കിയ പരാതിയില്‍  പോലിസ് കംപ്ലയിന്റ് അതോറിറ്റി  വടകര റൂറല്‍ എസ്പിയോട് വിശദീകരണം ചോദിച്ചിരുന്നു. എന്നാല്‍, തൃപ്തികരമായ വിശദീകരണമല്ല ജില്ലാ പോലിസ് മേധാവി നല്‍കിയത്. കേസ് അടുത്ത മാസം 31ന് വീട്ടും പരിഗണിക്കും.
Next Story

RELATED STORIES

Share it