wayanad local

മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റികളില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ പ്രതിസന്ധിയില്‍

മാനന്തവാടി: മുനിസിപ്പാലിറ്റിയാക്കി ഉയര്‍ത്തിയതോടെ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയില്‍ നിന്ന് ഒഴിവാക്കപ്പെട്ട മാനന്തവാടിയിലും സുല്‍ത്താന്‍ ബത്തേരിയിലും ആദിവാസികളുള്‍പ്പെടെയുള്ള ആയിരക്കണക്കിന് തൊഴിലാളികള്‍ തൊഴിലും എടുത്ത തൊഴിലിന്റെ കൂലിയും ലഭിക്കാതെ പ്രതിസന്ധിയില്‍.
മാനന്തവാടിയില്‍ 7,327ഉം സുല്‍ത്താന്‍ ബത്തേരില്‍ 5,893ഉം പേരായിരുന്നു തൊഴില്‍ കാര്‍ഡെടുത്ത് തൊഴിലുറപ്പ് പദ്ധതിയെ ആശ്രയിച്ചിരുന്നത്. അഞ്ചു വര്‍ഷം മുമ്പ് ആരംഭിച്ച പദ്ധതിയില്‍ ലഭിക്കുമായിരുന്ന 100 തൊഴില്‍ദിനങ്ങളെ ആശ്രയിച്ചായിരുന്നു മിക്ക ആദിവാസി കോളനികളിലും അടുപ്പ് പുകഞ്ഞിരുന്നത്.
കോളനിയിലെ പുരുഷന്മാര്‍ മദ്യത്തിനടിമകളായതോടെ സ്ത്രീകള്‍ തൊഴിലുറപ്പ് ജോലിക്ക് പോവുകയും ഇങ്ങനെ കിട്ടുന്ന തുകകൊണ്ട് സബ്‌സിഡി നിരക്കിലുള്ള അരിയും സാധനങ്ങളും വാങ്ങിയായിരുന്നു ആദിവാസികളുടെ ജീവിതം.
മുനിസിപ്പാലിറ്റിയായതോടെ ഇവര്‍ക്കായി അയ്യങ്കാളി പദ്ധതി പ്രകാരം തൊഴില്‍ ലഭിക്കുമെന്നു പറയപ്പെടുന്നുണ്ടെങ്കിലും ഇതു സംബന്ധിച്ച് യാതൊരു നടപടികളും മൂന്നു മാസം കഴിഞ്ഞിട്ടും ആരംഭിച്ചിട്ടില്ല. എന്‍ആര്‍ഇജിഎ പദ്ധതിയില്‍ ജോലി ചെയ്തു വന്നിരുന്ന ജീവനക്കാര്‍ ഇപ്പോഴും ജോലി തുടരുന്നുണ്ടെങ്കിലും നിലവില്‍ വേതനം ലഭിക്കാത്ത സാഹചര്യമാണുള്ളത്.
ഇരു മുനിസിപ്പാലിറ്റികളിലും നേരത്തെ ജോലി ചെയ്ത വകയിലുള്ള കുടിശ്ശികയും ഇതുവരെ ലഭ്യമായിട്ടില്ല. 300 തൊഴിലാളികള്‍ക്കായി മാനന്തവാടിയില്‍ 28,78,000 രൂപയും 118 പേര്‍ക്കായി സുല്‍ത്താന്‍ ബത്തേരിയില്‍ 8,72,000 രൂപയും പദ്ധതിയില്‍ നിന്നു ലഭിക്കാനുണ്ട്. ഇതിനായി മുനിസിപ്പല്‍ ഓഫിസുകള്‍ കയറിയിറങ്ങുന്ന തൊഴിലാളികളോട് എപ്പോള്‍ തുക നല്‍കാന്‍ കഴിയുമെന്ന മറുപടി പോലും പറയാന്‍ ഉദ്യോഗസ്ഥര്‍ക്കു കഴിയുന്നില്ല.
ജില്ലയില്‍ നെല്‍കൃഷിയും കാപ്പി കൃഷിയും തകര്‍ച്ചയിലെത്തിയതോടെയാണ് കൂലിപ്പണിക്കാര്‍ തൊഴിലുറപ്പിനെ ആശ്രയിച്ചുതുടങ്ങിയത്. ഇതും നിലച്ചതോടെ മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റികളിലെ കോളനികള്‍ ഉള്‍പ്പെടെ വറുതിയിലേക്ക് നീങ്ങുകയാണ്.
Next Story

RELATED STORIES

Share it