wayanad local

മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ഡ്രൈവര്‍ നിയമനം: ഇടതുപക്ഷവും ലീഗും ഒന്നിച്ചു; കോണ്‍ഗ്രസ് വിട്ടുനിന്നു

മാനന്തവാടി: ബ്ലോക്ക് പഞ്ചായത്തിന്റെ വാഹനത്തില്‍ ഡ്രൈവര്‍ നിയമനവുമായി ബന്ധപ്പെട്ടു ചേര്‍ന്ന യോഗത്തില്‍ കോണ്‍ഗ്രസ് വിട്ടുനിന്നു. ഇടതുപക്ഷവും ലീഗും ചേര്‍ന്ന് ലീഗ് നിര്‍ദേശിച്ചയാള്‍ക്ക് നിയമനം നല്‍കാന്‍ തീരുമാനിച്ചു.
ബ്ലോക്ക് പഞ്ചായത്തില്‍ യുഡിഎഫ് അധികാരം നിലനിര്‍ത്തിയതു മുതല്‍ കോണ്‍ഗ്രസ്സും ലീഗും നടന്നുവരുന്ന തര്‍ക്കമാണ് പുതിയ വഴിത്തിരിവിലെത്തിയത്. നേരത്തെ വാഹനത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് അനുഭാവിയായ ഡ്രൈവറെ തന്നെ നിയമിക്കണമെന്നായിരുന്നു അവരുടെ ആവശ്യം.
എന്നാല്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പട്ടികവര്‍ഗ വനിതകള്‍ക്കായി സംവരണം ചെയ്യപ്പെട്ടതു വഴി ലീഗിന് ലഭിക്കുകയും ഗീത ബാബു പ്രസിഡന്റാവുകയും ചെയ്തതോടെ പുതിയ ഡ്രൈവറെ നിയമിക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചു.
താല്‍ക്കാലിക ഡ്രൈവറെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളില്‍ മൂന്നു പേരുടെ അന്തിമ പട്ടിക തയ്യാറാക്കുകയും ചെയ്തു. എന്നാല്‍, നേരത്തെയുണ്ടായിരുന്ന ആള്‍ക്ക് തന്നെ വീണ്ടും നിയമനം നല്‍കണമെന്ന ആവശ്യത്തില്‍ കോണ്‍ഗ്രസ്സും പ്രസിഡന്റിന് കൂടി താല്‍പര്യമുള്ള ലീഗ് നോമിനിക്ക് നിയമനം നല്‍കണമെന്നു ലീഗും വാശിപിടിച്ചു. മൂന്നു ബോര്‍ഡ് യോഗങ്ങളിലും ഇതുസംബന്ധിച്ച തീരുമാനമായില്ല. നേതാക്കള്‍ നടത്തിയ ചര്‍ച്ചയിലും പ്രശ്‌ന പരിഹാരമുണ്ടായില്ല.
ഇന്നലെ നടന്ന ഭരണസമിതി യോഗത്തില്‍ ഇതു സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുമെന്ന് ഉറപ്പായതോടെ കോണ്‍ഗ്രസ് അംഗങ്ങള്‍ വിട്ടുനില്‍ക്കുകയാണുണ്ടായത്. തുടര്‍ന്ന് ഇടതുപക്ഷത്തിന്റെ പിന്തുണയോടെ ലീഗ് നിര്‍ദേശിച്ച ആളെ ഭരണസമിതി താല്‍ക്കാലികമായി ഡ്രൈവറായി നിയമിക്കുകയായിരുന്നു.
ബ്ലോക്ക് പഞ്ചായത്തിന്റെ ദൈനംദിന കാര്യങ്ങപോലും മുന്നോട്ടുകൊണ്ടുപോവാന്‍ വാഹനമില്ലാത്തതിനാലാണ് താല്‍ക്കാലികമായി ഡ്രൈവറെ നിയമിച്ചതെന്നും എംപ്ലോയ്‌മെന്റ് മുഖേന നിയമനം നടത്താന്‍ നടപടികളെടുക്കുമെന്നും പ്രസിഡന്റ് ഗീത ബാബു പറഞ്ഞു.
Next Story

RELATED STORIES

Share it