wayanad local

മാനന്തവാടി ബിവറേജസ് ഔട്ട്‌ലെറ്റ് സമരം: ആവേശം പകരാന്‍ ദയാഭായ് ഇന്നെത്തും

മാനന്തവാടി: 75 ദിവസം പൂര്‍ത്തിയാവുന്ന മാനന്തവാടി ബിവറേജസ് ഔട്ട്‌ലെറ്റിനെതിരായ ആദിവാസി സ്ത്രീകളുടെ സമരത്തിന് ആവേശം പകരാന്‍ പ്രമുഖ ആദിവാസി ക്ഷേമ- സാമൂഹിക പ്രവര്‍ത്തകയായ ദയാഭായ് ഇന്നു സമരപ്പന്തലിലെത്തും.
വൈകീട്ട് നാലിന് ആദിവാസി സ്ത്രീകള്‍ക്കൊപ്പം ദയാഭായ് സത്യഗ്രഹത്തില്‍ പങ്കെടുക്കും. അഞ്ചിന് ഗാന്ധിപാര്‍ക്കില്‍ സംയുക്ത ലഹരിവിരുദ്ധ സമിതി സംഘടിപ്പിക്കുന്ന പൊതുയോഗത്തില്‍ സംസാരിക്കും. പൊതുയോഗത്തോടനുബന്ധിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന കലാകാരന്മാര്‍ ആദിവാസി കലാപരിപാടികളും നാടന്‍പാട്ടുകളും നാടകവും അവതരിപ്പിക്കും.
ഇതിനു ശേഷം ദയാഭായ് അമിത മദ്യപാനത്തെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം 16കാരന്‍ ആത്മഹത്യ ചെയ്ത അഞ്ചുകുന്ന് വേങ്ങാരം കോളനിലെത്തും. രാത്രിയില്‍ ഇവിടെ താമസിക്കും.
കോളനിയില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ മദ്യത്തിനടിമകളാവുകയും എട്ടോളം യുവാക്കള്‍ കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ മരിക്കുകയുമുണ്ടായ സാഹചര്യം കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു.
മദ്യവിപത്തിനെക്കുറിച്ച് കോളനിവാസികളുമായി ദയാഭായ് ആശയസംവാദം നടത്തും.
നാളെ രാവിലെ സമരസഹായ സമിതിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റിലേക്ക് നടത്തുന്ന മാര്‍ച്ച് ദയാഭായ് ഉദ്ഘാടനം ചെയ്യുമെന്നും സമിതി കോ-ഓഡിനേറ്റര്‍ മുജീബ് റഹ്മാന്‍ അറിയിച്ചു.
Next Story

RELATED STORIES

Share it