wayanad local

മാനന്തവാടി ബിവറേജസിന് മുന്നിലെ സമരത്തിന് ജനപിന്തുണയേറുന്നു

മാനന്തവാടി: വള്ളിയൂര്‍ക്കാവ് റോഡില്‍ പ്രവര്‍ത്തിക്കുന്ന ബിവറേജസ് കോര്‍പറേഷന്റെ ഔട്ട്‌ലെറ്റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ആദിവാസികള്‍ ആരംഭിച്ച സമരത്തിന് ജനപിന്തുണയേറുന്നു. ഒരാഴ്ചയായി തുടരുന്ന സമരത്തിന് പരിഹാരമുണ്ടാക്കാന്‍ അധികൃതരുടെ ഭാഗത്തുനിന്നു യാതൊരു നീക്കവും ഉണ്ടാവാത്തതിനെ തുടര്‍ന്നു വരും ദിവസങ്ങളില്‍ ഔട്ട്‌ലെറ്റ് ഉപരോധമുള്‍പ്പെടെയുള്ള സമരങ്ങള്‍ക്ക് നേതൃത്വം നല്‍കാനാണ് സമരക്കാര്‍ തയ്യാറെടുക്കുന്നത്. 45 ദിവസം തുടര്‍ച്ചയായി സമരം നടത്തി ചീപ്പാട് പ്രവര്‍ത്തിച്ചുവന്ന വിദേശമദ്യശാല അടച്ചുപൂട്ടിക്കാന്‍ നേതൃത്വം നല്‍കിയ ആദിവാസി ഫോറം തന്നെയാണ് മാനന്തവാടിയിലും സമരത്തിലുള്ളത്.
താലൂക്കിലെ മാനന്തവാടി, പനമരം ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് 1,500 വീട്ടമ്മമാര്‍ ഒപ്പിട്ട നിവേദനം മുഖ്യമന്ത്രി, എക്‌സൈസ് മന്ത്രി, പട്ടികവര്‍ഗ ക്ഷേമ മന്ത്രി, ജില്ലാ കലക്ടര്‍ എന്നിവര്‍ക്ക് നല്‍കിയിരുന്നു. എന്നാല്‍, യാതൊരു നടപടിയുമുണ്ടാവാത്തതിനെ തുടര്‍ന്നാണ് ജനുവരി 27 മുതല്‍ മദ്യാശാലയ്ക്കു മുന്നില്‍ അനിശ്ചിതകാല സമരത്തിന് തുടക്കം കുറിച്ചത്. മഹാത്മാഗാന്ധി രക്തസാക്ഷി ദിനത്തിലുള്‍പ്പെടെ എല്ലാ ദിവസങ്ങളിലും ആദിവാസി സ്ത്രീകള്‍ ഷാപ്പിനു മുന്നിലെ സമരത്തിനെത്തുന്നുണ്ട്.
പയ്യംപള്ളി, പുതിയിടം, പൊട്ടന്‍കൊല്ലി കോളനികളിലെ ആദിവാസി സ്ത്രീകളാണ് സമരരംഗത്തുള്ളത്. രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് അഞ്ചു വരെയാണ് മദ്യപിക്കാനെത്തുന്നവര്‍ക്ക് മുന്നില്‍ കൈക്കുഞ്ഞുങ്ങളുമായി ആദിവാസി സ്ത്രീകള്‍ സമരത്തിലുള്ളത്.
ഗാന്ധിനഗര്‍ റസിഡന്‍ഷ്യല്‍ അസോസിയേഷന്‍, ജില്ലാ മദ്യനിരോധന സമിതി, വെല്‍ഫയര്‍ പാര്‍ട്ടി, എസ്ഡിപിഐ എന്നിവയുടെ പിന്തുണ സമരക്കാര്‍ക്കുണ്ട്. മാനന്തവാടി എന്‍ജിനീയറിങ് കോളജ്, താഴെയങ്ങാടി സുനന്ദ ട്രൈബല്‍ കോളജ് തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നു വിദ്യാര്‍ഥികളും ഐക്യദാര്‍ഡ്യവുമായി കഴിഞ്ഞ ദിവസങ്ങളില്‍ സമരപ്പന്തലിലെത്തി.
മദ്യശാല അടച്ചുപൂട്ടാന്‍ തയ്യാറായില്ലെങ്കില്‍ വരും ദിവസങ്ങളില്‍ ഉപരോധ സമരം ഉള്‍പ്പെടെ നടത്താനാണ് ഇവരുടെ തീരുമാനം. പയ്യംപള്ളി കോളനിയ്‌ലെ പ്രസീത, അക്കമ്മ, വെള്ള എന്നിവരാണ് സമരത്തിന് നേതൃത്വം നല്‍കുന്നത്.
Next Story

RELATED STORIES

Share it