wayanad local

മാനന്തവാടി നഗരസഭ: മുന്നണികളില്‍ അസ്വാരസ്യം

മാനന്തവാടി: മുനിസിപ്പാലിറ്റിയായി ഉയര്‍ത്തപ്പെട്ട മാനന്തവാടിയില്‍ ഇരു മുന്നണികളിലും അസ്വാരസ്യങ്ങള്‍ പുകയുന്നു. 36 സീറ്റുകളുള്ള മുനിസിപ്പാലിറ്റിയില്‍ ആറെണ്ണം സി.പി.ഐക്ക് വിട്ടുനല്‍കി 30ല്‍ സി.പി.എം. മല്‍സരിക്കാന്‍ തീരുമാനമായെങ്കിലും മുന്നണിക്കുള്ളിലും ഇരു കക്ഷികള്‍ക്കുള്ളിലും അതൃപ്തി നിഴലിച്ചിരിക്കുകയാണ്. ചെറൂര്‍, കൊയിലേരി, കുഴിനിലം, താഴെയങ്ങാടി, ചെറ്റപ്പാലം, കുറുക്കന്മൂല വാര്‍ഡുകളാണ് സി.പി.ഐക്ക് വിട്ടുനല്‍കിയത്.  ഒരുസീറ്റ് എന്‍.സി.പിക്ക് നല്‍കാനൊരുക്കമായിരുന്നെങ്കിലും അവര്‍ മല്‍സരിക്കാത്തതിനെതുടര്‍ന്ന് സി.പി.എം. തന്നെ ഏറ്റെടുക്കുകയായിരുന്നു.

യുവജന വിഭാഗത്തെയും ജയസാധ്യതയുള്ളവരെയും തടഞ്ഞുകൊണ്ടാണ് സി.പി.എം. സ്ഥാനാര്‍ഥികളെ കണ്ടെത്തുന്നതെന്ന ആക്ഷേപം വ്യാപകമാണ്. സി.പി.ഐയില്‍ നിന്ന് രാജിവച്ച എ.ഐ.വൈ.എഫ്. ജില്ലാ നേതാവിന് സി.പി.എം. സീറ്റ് നല്‍കിയിട്ടില്ല. അതോടൊപ്പം വിജയസാധ്യതയുള്ള താഴെയങ്ങാടിയുള്‍പ്പെടെയുള്ള സീറ്റുകള്‍ സി.പി.എം. വിട്ടുനല്‍കിയതിലും അതൃപ്തി പുകയുന്നുണ്ട്. സി.പി.ഐയാവട്ടെ, മാലിന്യപ്രശ്‌നത്തില്‍ സി.പി.എമ്മിനെതിരേ പരസ്യമായി രംഗത്തുവന്നത് മുന്നണിക്കുള്ളില്‍ പ്രതിഷേധത്തിനിടയാക്കിയിരിക്കുകയാണ്. സി.പി.എമ്മില്‍ നിന്നു സി.പി.ഐയിലെത്തി മാനന്തവാടിയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നയാള്‍ പാര്‍ട്ടിയെ തെറ്റായ പാതയിലേക്കാണ് നയിക്കുന്നതെന്ന പരാതിയും സി.പി.ഐക്കുണ്ട്.

യു.ഡി.എഫിലാവട്ടെ, കേരള കോണ്‍ഗ്രസ്സിന് സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് പരസ്യപ്രസ്താവനയുമായി പാര്‍ട്ടി രംഗത്തുവന്നു. അതേസമയം, മുനിസിപ്പാലിറ്റിയിലെ യു.ഡി.എഫ്. സീറ്റ് വിഭജനം പൂര്‍ത്തിയായി. മുസ്‌ലിം ലീഗുമായുള്ള തര്‍ക്കമാണ് സീറ്റ് വിഭജനം പൂര്‍ത്തിയാവാന്‍ തടസ്സമായിരുന്നത്. ആകെയുള്ള 36 സീറ്റുകളില്‍ ലീഗ് ഒമ്പതു സീറ്റുകള്‍ ആവശ്യപ്പെടുകയും കോണ്‍ഗ്രസ് നാലു സീറ്റുകള്‍ നല്‍കാമെന്നു സമ്മതിക്കുകയും ചെയ്തിരുന്നു. എന്നാല്‍, അഞ്ചു സീറ്റുകള്‍ ലഭിക്കണമെന്ന ലീഗിന്റെ വാശി സീറ്റ് വിഭജനം പൂര്‍ത്തിയാക്കാന്‍ തടസ്സമായി.

ഒടുവില്‍ അഞ്ചാമത്തെ സീറ്റില്‍ പൊതു സ്വതന്ത്രനെ നിര്‍ത്താമെന്ന വ്യവസ്ഥയില്‍ എരുമത്തെരുവ് സീറ്റ് ലീഗിന്റെ കണക്കിലുള്‍പ്പെടുത്തിയാണ് വെള്ളിയാഴ്ച രാത്രി സീറ്റ് ചര്‍ച്ച അവസാനിപ്പിച്ചത്. ചെറ്റപ്പാലം, മാനന്തവാടി ടൗണ്‍, ഒഴക്കോടി, കുഴിനിലം സീറ്റുകളിലാണ് ലീഗ് മല്‍സരിക്കുക. കേരള കോണ്‍ഗ്രസ്സിന് സീറ്റ് നല്‍കിയില്ല. ബാക്കി മുഴുവന്‍ സീറ്റുകളിലും കോണ്‍ഗ്രസ് മല്‍സരിക്കും.
Next Story

RELATED STORIES

Share it