wayanad local

മാനന്തവാടി നഗരസഭാ ഭരണം പരാജയം: കോണ്‍ഗ്രസ്



മാനന്തവാടി: നഗരസഭയിലെ ഇടതുമുന്നണി ഭരണം പൂര്‍ണ പരാജയമാണെന്നു കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് ഒരു കോടി രൂപ മൂന്നുമാസം മുമ്പ് ലഭിച്ചിട്ടും പദ്ധതി തുടങ്ങാന്‍ കഴിഞ്ഞിട്ടില്ല. ടൗണില്‍ അനധികൃത നിര്‍മാണം നടക്കുമ്പോഴും ഭരണസമിതി മൗനംപാലിക്കുകയാണ്. വര്‍ഷങ്ങളായി ടൗണിലും പരിസര പ്രദേശങ്ങളിലും തെരുവോര കച്ചവടം നടത്തിവരുന്ന പാവപ്പെട്ട ആളുകളെ കുടിയൊഴിപ്പിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും പുനരധി വസിപ്പിക്കാന്‍ നടപടിയെടുത്തില്ല. വന്‍കിട മുതലാളിമാര്‍ക്ക് അനധികൃത നിര്‍മാണങ്ങള്‍ക്ക് ഒത്താശ ചെയ്തു കൊടുക്കുന്നത് ഇരട്ടത്താപ്പാണ്. നിലവില്‍ നിര്‍മാണത്തിലിരിക്കുന്ന പല കെട്ടിടങ്ങളിലും ചട്ടലംഘനമുണ്ട്. കോണ്‍ഗ്രസ്സിനെ വെല്ലുവിളിച്ച വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് നഗരസഭയിലെ രേഖകള്‍ പരിശോധിച്ച് കാര്യങ്ങള്‍ പഠിക്കണം. റോഡുകള്‍ സഞ്ചാരയോഗ്യമല്ലാതായിട്ട് മാസങ്ങളായി. അമ്പുകുത്തി റോഡ് ടാര്‍ ചെയത് രണ്ടാഴ്ചയ്ക്കുള്ളില്‍ തന്നെ തകര്‍ന്നു. പരാതി ഉണ്ടായിട്ടും നഗരസഭ നടപടി സ്വീകരിച്ചില്ല. മാലിന്യപ്രശ്‌നം അതിരൂക്ഷമാണ്. നഗരസഭാ ഓഫിസിന് മുന്നിലും ടൗണിലെ പല സ്ഥലങ്ങളിലുമായി പൈപ്പുകള്‍ പൊട്ടി മാസങ്ങളായി കുടിവെള്ളം പാഴാവുന്ന സാഹചര്യം ഉണ്ടായിട്ടും നടപടിയില്ല. സര്‍വ മേഖലയിലും പരാജയപ്പെട്ട ഭരണസമിതിക്കെതിരേ  ജനങ്ങള്‍ കോണ്‍ഗ്രസ്സിനൊപ്പം സമരത്തിനിറങ്ങണം. പ്രസിഡന്റ് ഡെന്നിസണ്‍ കണിയാരം, സെക്രട്ടറിമാരായ പി സരോജിനി, റഷീദ് പിലാക്കാവ് പങ്കെടുത്തു.
Next Story

RELATED STORIES

Share it