wayanad local

മാനന്തവാടി ഡിപ്പോയില്‍ യാര്‍ഡ് നിര്‍മാണം; തുക അനുവദിച്ചു

മാനന്തവാടി: യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും ഒരുപോലെ ദുരിതം വിതയ്ക്കുന്ന മാനന്തവാടി കെഎസ്ആര്‍ടിസി ഡിപ്പോയില്‍ യാര്‍ഡ് നിര്‍മാണത്തിന് 50 ലക്ഷം രൂപ അനുവദിച്ചു. ഒ ആര്‍ കേളു എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നാണ് തുക അനുവദിച്ചത്. 2015 ഫെബ്രുവരിയില്‍ പ്രവര്‍ത്തനമാരംഭിച്ച ഡിപ്പോയില്‍ യാര്‍ഡ് നിര്‍മിക്കാത്തതു വേനല്‍ക്കാലത്തും മഴക്കാലത്തും ഒരുപോലെ ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചിരുന്നു.
93 ബസ്സുകളാണ് ഡിപ്പോയില്‍. 87 ഷെഡ്യൂളുകള്‍ ഇവിടെ നിന്ന് ഓപറേറ്റ് ചെയ്യുന്നുണ്ട്. കണ്ടക്ടര്‍മാര്‍, ഡ്രൈവര്‍മാര്‍, ഓഫിസ് ജീവനക്കാര്‍ എന്നിവരുള്‍പ്പെടെ 540ഓളം പേര്‍ ഡിപ്പോയില്‍ ജോലി ചെയ്യുന്നു. കൂടാതെ മറ്റ് ഡിപ്പോകളില്‍ നിന്നുള്ള 30ഓളം ബസ്സുകളും സ്‌റ്റേ സര്‍വീസായി ഡിപ്പോയിലാണ് ബസ്സുകള്‍ നിര്‍ത്തിയിടുന്നത്. കുണ്ടുംകുഴിയുമായി കിടക്കുന്നതു ഡിപ്പോയില്‍ എത്തുന്ന യാത്രക്കാര്‍ക്കും ജിവനക്കാര്‍ക്കും ഏറെ ദുരിതമായി.
ചെറിയ മഴ പെയ്താല്‍ പോലും കുഴികളില്‍ വെള്ളം കെട്ടിക്കിടന്ന് യാര്‍ഡ് ചളിക്കുളമാവുന്നതോടെ നടക്കാന്‍ പോലും കഴിയാത്ത സാഹചര്യമാണ്. വേനല്‍ക്കാലത്താവട്ടെ പൊടി കാരണം ഡിപ്പോയില്‍ ബസ് കാത്തുനില്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. ഈ സാഹചര്യത്തിലാണ് നിരന്തര ഇടപെടലുകളെ തുടര്‍ന്ന് ഫണ്ട് അനുവദിച്ചതെന്ന് എംഎല്‍എ പറഞ്ഞു.
യാര്‍ഡ് കോണ്‍ക്രീറ്റ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. ഇതിനുള്ള ടെന്‍ഡറുകള്‍ സ്വീകരിച്ചു തുടങ്ങി. പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുന്നതോടെ യാത്രക്കാര്‍ക്ക് ഇരിപ്പിട സൗകര്യങ്ങള്‍ ഉള്‍പ്പെടെ സജ്ജീകരിക്കും. ദീര്‍ഘദൂര ബസ്സുകള്‍ കൂടി താഴെയങ്ങാടി ഡിപ്പോയിലെത്തി ആളുകളെ കയറ്റി പോവുന്ന രീതിയില്‍ ക്രമീകരിക്കും. യാര്‍ഡിന്റെ നിലവിലെ അവസ്ഥ കാരണം ദീര്‍ഘദൂര ബസ്സുകളൊന്നും ഡിപ്പോയില്‍ എത്താറില്ല.
Next Story

RELATED STORIES

Share it