wayanad local

മാനന്തവാടി ടൗണ്‍ഹാള്‍ വിട്ടുനല്‍കാനുള്ള ഹൈക്കോടതി വിധി; സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കാന്‍ നീക്കം തുടങ്ങി

മാനന്തവാടി: മുനിസിപ്പല്‍ ടൗണ്‍ഹാള്‍ സ്ഥലം ഉടമയ്ക്കു വിട്ടുനല്‍കാനുള്ള ഹൈക്കോടതി വിധിക്കെതിരേ സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കാനുള്ള നീക്കങ്ങള്‍ പുതിയ ഭരണസമതി ആരംഭിച്ചു.
ഇതിന്റെ ഭാഗമായി ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകരുമായി ഭരണസമിതിയംഗങ്ങള്‍ ചര്‍ച്ച നടത്തി. കഴിഞ്ഞ ജൂണ്‍ 25നായിരുന്നു ടൗണ്‍ഹാള്‍ നില്‍ക്കുന്ന സ്ഥലം സംബന്ധിച്ച് സര്‍ക്കാര്‍ നല്‍കിയതും പിന്നീട് മാനന്തവാടി ഗ്രാമപ്പഞ്ചായത്ത് കക്ഷി ചേര്‍ന്നതുമായ കേസ് ഹൈക്കോടതി തള്ളിയത്.
1969ല്‍ മാനന്തവാടി ഗ്രാമപ്പഞ്ചായത്തിന് സ്ഥലമുടമ നല്‍കിയ ഭൂമി ബസ്സ്റ്റാന്റ് നിര്‍മിക്കാത്തതിനാല്‍ 1974ല്‍ മുന്‍സിഫ് കോടതി മുഖേന തിരിച്ചു പിടിക്കുന്നതിന് അനുകൂല വിധി സമ്പാദിച്ചിരുന്നു. ഭൂമി ലഭിക്കാത്തതിനാല്‍ 1988ല്‍ വീണ്ടും ഹൈക്കോടതിയെ സമീപിക്കുകയും 1992ല്‍ ഭൂമി വിട്ടുനല്‍കാന്‍ കഴിയാത്തതിനാല്‍ നഷ്ടപരിഹാരമായി 4,93,558 രൂപ ഉടമയ്ക്കു നല്‍കാന്‍ വിധിയാവുകയും ചെയ്തു.
ഇതിനെതിരേയാണ് വീണ്ടും 1998ല്‍ കോടതിയില്‍ സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ നല്‍കിയത്. ഇതു തള്ളിക്കൊണ്ടാണ് ജൂണില്‍ ഹൈക്കോടതി വിധി വന്നത്.
എന്നാല്‍, ഇതിനെതിരേ അപ്പീല്‍ നല്‍കാന്‍ ഇതുവരെ പഞ്ചായത്ത് തയ്യാറായിരുന്നില്ല. പുതിയ മുനിസിപ്പല്‍ ഭരണസമിതി അധികാരമേറ്റതോടെയാണ് കോടതിവിധിയുടെ പകര്‍പ്പ് ലഭിച്ചത്. ഈ സാഹചര്യത്തിലാണ് സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കാന്‍ തീരുമാനിച്ചത്. ഇതിനിടെ, ഭൂമിയുടെ ഇപ്പോഴത്തെ അവകാശികളുമായി കോടതിക്ക് പുറത്തുള്ള ഒത്തുതീര്‍പ്പിന്റെ സാധ്യതകളും ആരായുന്നതായാണ് വിവരം.
കോടതിയിലുള്ള കാലതാമസം ഒഴിവാക്കാനും മുനിസിപ്പാലിറ്റിയുടെ ഏക പൊതുകേന്ദ്രം എത്രയും പെട്ടെന്നു നവീകരിച്ച് പൊതുജനങ്ങള്‍ക്ക് ഉപകാരപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയുമാണ് ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്കു നീക്കം നടക്കുന്നത്.
Next Story

RELATED STORIES

Share it