wayanad local

മാനന്തവാടി ഗവ. വൊക്കേഷനല്‍ സ്‌കൂള്‍ വേദിയാവുന്നത് അഞ്ചാം തവണ

മാനന്തവാടി: ജില്ലാതലത്തില്‍ റവന്യൂ കായികമേളയ്ക്ക് രണ്ടു തവണ മീനങ്ങാടി വേദിയായപ്പോള്‍ മാനന്തവാടി ഗവ. ജിവിഎച്ച്എസ്എസ് മൈതാനത്ത് കായികമാമാങ്കം വിരുന്നെത്തുന്നത് അഞ്ചാം തവണ.
91ഓളം ഇനങ്ങളില്‍ സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായാണ് മല്‍സരങ്ങള്‍. ദൂരെ നിന്നെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് താമസിക്കുന്നതിന് പ്രത്യേക സൗകര്യമൊരുക്കിയിട്ടുണ്ട്.
കൂടാതെ മൂന്നു ദിവസങ്ങളിലായി മേളയില്‍ പങ്കെടുക്കുന്ന കായികതാരങ്ങള്‍ക്ക് രാവിലെയും ഉച്ചയ്ക്കും രാത്രിയും ഭക്ഷണം സൗജന്യമായി നല്‍കുന്നതിനും സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി.
ഉച്ചയ്ക്ക് 1,000 പേര്‍ക്കുള്ള ഭക്ഷണമാണ് തയ്യാറാക്കുക. മല്‍സരങ്ങളില്‍ പങ്കെടുക്കുന്നവരെയും വിരുന്നെത്തുന്നവരെയും സഹായിക്കാന്‍ സ്‌കൂളിലെ എന്‍സിസി, എസ്പിസി, ജെആര്‍സി, എന്‍എസ്എസ്, സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് വിദ്യാര്‍ഥികളും സജീവമാവും. കായികമേള ജനകീയവും കൂടുതല്‍ കാര്യക്ഷമവുമാക്കുന്നതിന് ജനപ്രതിനിധികള്‍, സംഘടനാ നേതാക്കള്‍, അധ്യാപകര്‍, എന്നിവരെ ഉള്‍പ്പെടുത്തി വിവിധ കമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ട്.
ഇന്നു രാവിലെ 11.30ന് രജിസ്‌ട്രേഷന്‍ ആരംഭിക്കും. ഉച്ചയ്ക്ക് രണ്ടു മുതല്‍ സബ്ജൂനിയര്‍ വിഭാഗം ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും 600 മീറ്റര്‍, 80 മീറ്റര്‍ ഹര്‍ഡില്‍സ്, ജൂനിയര്‍ ആണ്‍കുട്ടികളുടെ ജാവലിന്‍ ത്രോ, ജൂനിയര്‍ പെണ്‍കുട്ടികളുടെ ട്രിപ്പിള്‍ ജംപ് തുടങ്ങി ഒമ്പതോളം മല്‍സരങ്ങള്‍ നടക്കും. നാളെ രാവിലെ 10ന് കായികതാരങ്ങളുടെ മാര്‍ച്ച്പാസ്റ്റ്. ഉദ്ഘാടനത്തോടനുബന്ധിച്ച് കണിയാമ്പറ്റ, മാനന്തവാടി, പയ്യംപള്ളി, നല്ലൂര്‍നാട്, കാട്ടിക്കുളം സ്‌കൂളുകളിലെ എസ്പിസി വിദ്യാര്‍ഥികള്‍ ഡിസ്‌പ്ലേ അവതരിപ്പിക്കും. കായികമേള മന്ത്രി പി കെ ജയലക്ഷ്മി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി അധ്യക്ഷത വഹിക്കും. ദേശീയതാരം എം എസ് വിപിന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.
കായികമേളയുടെ ലോഗോ രൂപകല്‍പന ചെയ്ത എ ജില്‍സിന് മാനന്തവാടി നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ പ്രദീപ ശശി ഉപഹാരം നല്‍കും. പരിപാടിയില്‍ വിവിധ സാമൂഹിക-സാംസ്‌കാരിക പ്രതിനിധികള്‍ പങ്കെടുക്കും. എക്കാലത്തെയും പോലെ നാട്ടുകാരുടെ അകമഴിഞ്ഞ പിന്തുണ ഇത്തവണയുമുണ്ടാവും.
Next Story

RELATED STORIES

Share it