wayanad local

മാനന്തവാടി ഗവ. കോളജ്: പുതിയ കോഴ്‌സുകള്‍ അനുവദിച്ചെന്ന പ്രഖ്യാപനം പാഴായി

മാനന്തവാടി: കണ്ണൂര്‍ യൂനിവേഴ്‌സിറ്റിയുടെ കീഴില്‍ ജില്ലയിലുള്ള ഏക സര്‍ക്കാര്‍ കോളജില്‍ പുതിയ കോഴ്‌സുകള്‍ അനുവദിച്ചതായുള്ള മുന്‍ സര്‍ക്കാരിന്റെ അവകാശവാദം പാഴ്‌വാക്കായി.
പുതിയ ക്ലാസുകളിലേക്കുള്ള അലോട്ട്‌മെന്റ് നടപടികള്‍ ആരംഭിച്ചതോടെ കോഴ്‌സുകളോ സീറ്റുകളോ വര്‍ധിപ്പിച്ചതായുള്ള യാതൊരു അറിയിപ്പുകളും കോളജിലോ യൂനിവേഴ്‌സിറ്റി വെബ്‌സൈറ്റിലോ ലഭ്യമല്ല. ഈ അധ്യയനവര്‍ഷവും മുന്‍ വര്‍ഷങ്ങളേതു പോലെ 139 ഡിഗ്രി സീറ്റുകളിലേക്ക് തന്നെയുള്ള അഡ്മിഷന്‍ നടപടിക്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ബിഎസ്‌സി ഇലക്ട്രോണിക്‌സ്- 29, ബിഎ ഇംഗ്ലീഷ്- 30, ബിഎ ഇക്കണോമിക്‌സ്- 30, ബികോം- 50 എന്നിങ്ങനെയാണ് ഡിഗ്രി ക്ലാസുകളിലുള്ള പ്രവേശനം. ഏക പിജിയായ എംകോമിനാവട്ടെ 20 സീറ്റുകള്‍ മാത്രമാണ് ഈ വര്‍ഷവും. അപേക്ഷകരുടെ എണ്ണം 2000ത്തോളമാണ്. കഴിഞ്ഞ സര്‍ക്കാര്‍ അവസാന കാലത്ത് ബിഎ ഹിസ്റ്ററി, ബിഎ മലയാളം, ബിഎസ്‌സി ഫിസിക്‌സ് തുടങ്ങിയ കോഴ്‌സുകള്‍ അനുവദിച്ചതായി പ്രഖ്യാപനം നടത്തിയത് രാഷ്ട്രീയ ലക്ഷ്യം വച്ചായിരുന്നുവെന്നാണ് ഇപ്പോള്‍ ബോധ്യമാവുന്നത്. 1981ല്‍ ആരംഭിച്ച മാനന്തവാടി ഗവ. കോളജിനോട് തികഞ്ഞ അവഗണനയാണ് മുന്‍കാലങ്ങളിലുള്ള സര്‍ക്കാരുകളെല്ലാം കൈക്കൊണ്ടത്. ആവശ്യത്തിലധികം ഭൂമിം കെട്ടിടങ്ങളും കോളജിലുണ്ട്.
അനുവദിക്കപ്പെട്ട കോഴ്‌സുകള്‍ക്ക് പഠിപ്പിക്കാനാവശ്യമായ അധ്യാപകരുമുണ്ട്. എന്നാല്‍, സര്‍ക്കാരിന് സാമ്പത്തിക ബാധ്യതയില്ലാത്ത സീറ്റുകളുടെ എണ്ണം പോലും വര്‍ധിപ്പിക്കാന്‍ തയ്യാറാവുന്നില്ല. ബിഎ ഇംഗ്ലീഷ്, ബിഎ ഇക്കണോമിക്‌സ് കോഴ്‌സുകള്‍ക്കും ബിഎസ്‌സി ഇലക്ട്രോണിക്‌സിനും 30 സീറ്റുകള്‍ മാത്രമാണുള്ളത്. എയ്ഡഡ് കോളജുകള്‍ക്ക് 50 സീറ്റുകള്‍ വരെ അനുവദിച്ചു നല്‍കുമ്പോഴാണ് സര്‍ക്കാര്‍ കോളജില്‍ 30ല്‍ ഒതുങ്ങുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ അനുവദിക്കപ്പെട്ട എട്ട് എയ്ഡഡ് കോളജുകള്‍ക്ക് പോലും ആറും ഏഴും കോഴ്‌സുകള്‍ അനുവദിച്ചപ്പോഴാണ് ആദിവാസികളുള്‍പ്പെടെയുള്ളവര്‍ ആശ്രയിക്കുന്ന ഗവ. കോളജിനോട് മാറിമാറി വരുന്ന സര്‍ക്കാരുകള്‍ ചിറ്റമ്മനയം സ്വീകരിക്കുന്നത്.
Next Story

RELATED STORIES

Share it