wayanad local

മാനന്തവാടി കല്ല്യാട്ടുകുന്നില്‍ കുടിവെള്ളം കിട്ടാക്കനി

മാനന്തവാടി: ഒന്നേകാല്‍ കോടി രൂപയോളം ചെലവഴിച്ച് കൂറ്റന്‍ ടാങ്കും വീട്ടുമുറ്റത്ത് പൈപ്പുകളും സ്ഥാപിച്ചെങ്കിലും രണ്ടുവര്‍ഷം പിന്നിട്ടിട്ടും മാനന്തവാടി കല്ല്യാട്ടുകുന്നില്‍ കുടിവെള്ളത്തിനായി നെട്ടോട്ടം. മുന്‍മന്ത്രി പി കെ ജയലക്ഷ്മിയുടെ വികസന ഫണ്ടില്‍ നിന്നും ഒരു കോടി 28 ലക്ഷം രൂപ ചെലവഴിച്ചാണ് ടാങ്കും പൈപ്പുകളും സ്ഥാപിച്ചത്.
എന്നാല്‍, ടാങ്കിലേക്ക് വെള്ളമെത്തിക്കേണ്ട ചൂട്ടക്കടവ് ശുദ്ധ ജലപദ്ധതി കമ്മീഷന്‍ ചെയ്യാത്തതിനാല്‍ ഒരുതുള്ളി വെള്ളം പ്രദേശവാസികള്‍ക്ക് കിട്ടിയിട്ടില്ല. വേനല്‍ കഠിനമാവുന്നതോടെ പ്രദേശത്ത് കുടിവെള്ളക്ഷാമം രൂക്ഷമാവും.
നഗരസഭയിലെ നാലാം ഡിവിഷനിലാണ് കല്യോട്ടുകുന്ന് പ്രദേശം. പേരുപോലെ തന്നെ ഒരു കുന്നിന്‍പ്രദേശമായതിനാല്‍ കുടിവെള്ളത്തിന് വാട്ടര്‍ അതോറിറ്റിയുടെ പൈപ്പാണ് ഇവിടുത്തുകാരുടെ ആശ്രയം. എന്നാല്‍, രണ്ടും മൂന്നും ദിവസങ്ങള്‍ കഴിയുമ്പോള്‍ മാത്രമാണ് വെള്ളം എത്താറ്.
മറ്റു ദിവസങ്ങളില്‍ ദൂരങ്ങള്‍ താണ്ടിയാണ് പ്രദേശവാസികള്‍ വെള്ളം ശേഖരിക്കുന്നത്. പ്രശേത്തെ മുന്നൂറോളം കുടുംബങ്ങള്‍ക്ക് കുടിവെള്ളം ലഭ്യമാക്കുന്നതിനായിരുന്നു ടാങ്കും പൈപ്പുകളും സ്ഥാപിച്ചത്. ചൂട്ടക്കടവ് പദ്ധതി കമ്മീഷന്‍ ചെയ്ത് എത്രയും വേഗം കുടിവെള്ളം ലഭ്യമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Next Story

RELATED STORIES

Share it