wayanad local

മാനന്തവാടിയെ മാലിന്യമുക്തമാക്കാന്‍ ബഹുജന കൂട്ടായ്മ



മാനന്തവാടി: വര്‍ഷകാലം ആരംഭിച്ചതോടെ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുകയും മഴക്കാലരോഗങ്ങള്‍ വ്യാപകമാവുകയും ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള പകര്‍ച്ചപ്പനികള്‍ പിടിപെട്ട് ആളുകള്‍ മരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി മാനന്തവാടി നഗരസഭയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സമഗ്ര ശുചീകരണ യജ്ഞം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഇന്നലെ രാവിലെ ഒമ്പതിന് ആരംഭിച്ച ശുചീകരണ പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനം നഗരസഭാധ്യക്ഷന്‍ വി ആര്‍ പ്രവീജ് നിര്‍വഹിച്ചു. ജനപ്രതിനിധികള്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍, സന്നദ്ധസംഘടനാ പ്രവര്‍ത്തകര്‍, യുവജന സംഘടനകള്‍, വിവിധ തൊഴിലാളി യൂനിയനുകള്‍, വ്യാപാരി സംഘടനകള്‍, വായനശാലാ പ്രവര്‍ത്തകര്‍, ആരോഗ്യവകുപ്പ് ജീവനക്കാര്‍, കുടുംബശ്രീ അംഗങ്ങള്‍, ആശാവര്‍ക്കര്‍മാര്‍, അങ്കണവാടി പ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍, എന്‍സിസി, സ്റ്റുഡന്റ്‌സ് പോലിസ് അംഗങ്ങള്‍, വിവിധ സ്ഥാപന ഉടമകള്‍, തൊഴിലാളികള്‍, നഗരസഭാ ജീവനക്കാര്‍, സര്‍വീസ് സംഘടനകള്‍ തുടങ്ങി വിവിധ മേഖലകളിലുള്ള നിരവധി ആളുകളാണ് മാനന്തവാടിയെ മാലിന്യവിമുക്തമാക്കാന്‍ മുന്നിട്ടിറങ്ങിയത്. കഴിഞ്ഞ ഒരാഴ്ചക്കാലമായി പരിസര ശുചീകരണവുമായി ബന്ധപ്പെട്ട് വിവിധ പരിപാടികളാണ് നഗരസഭയുടെ നേതൃത്വത്തില്‍ നടത്തിവരുന്നത്. ഇതിന്റെ ഭാഗമായി 36 ഡിവിഷനുകളിലും ആരോഗ്യശുചിത്വ കമ്മിറ്റികള്‍ ചേര്‍ന്ന് ബോധവല്‍ക്കരണ പരിപാടികളും ശുചിത്വ കാംപയിനും നടത്തിവരുന്നു. അതോടൊപ്പം നഗരസഭാ പരിധിയില്‍ ഉള്‍പ്പെടുന്ന നാലായിരത്തോളം കിണറുകളുടെ ക്ലോറിനേഷന്‍ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്. നഗരത്തിലെ വിവിധ കെട്ടിടങ്ങള്‍ക്ക് വശങ്ങളിലും പിന്‍വശത്തും കുന്നുകൂടിയ മാലിന്യങ്ങളും ടെറസിന് മുകളില്‍ കെട്ടിക്കിടക്കുന്ന വെള്ളവും കെട്ടിട ഉടമസ്ഥരോട് നീക്കം ചെയ്യാനും നഗരസഭ ആവശ്യപ്പെട്ടിട്ടുണ്ട്. നഗരസഭയില്‍ സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോധനം നടപ്പാക്കുന്നതിന്റെ ഭാഗമായി പൊതുപരിപാടികളില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ നിര്‍ബന്ധമാക്കാനും തീരുമാനിച്ചു. കൂടാതെ മാലിന്യ സംസ്‌കരണത്തിനായി മെറ്റീരിയല്‍ റിക്കവറി ഫെസിലിറ്റേഷന്‍ (എംആര്‍എഫ്), പ്ലാസ്റ്റിക് ഷ്രെഡിങ് യൂനിറ്റ് എന്നിവ പ്രവര്‍ത്തനം ആരംഭിക്കുന്നതിനായി 2017-18 വാര്‍ഷിക പദ്ധതിയില്‍ ആവശ്യമായ തുക വകയിരുത്തിയിരുത്തുകയും ചെയ്തിട്ടുണ്ട്. നഗരത്തില്‍ നടന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രദീപ ശശി, പി ടി ബിജു, കടവത്ത് മുഹമ്മദ്, ലില്ലി കുര്യന്‍, ശാരദ സജീവന്‍, ജേക്കബ് സെബാസ്റ്റ്യന്‍ നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it