wayanad local

മാനന്തവാടിയില്‍ സ്ഥാനമാനങ്ങള്‍ക്കായി സജീവ ചര്‍ച്ച

മാനന്തവാടി: മുനിസിപ്പാലിറ്റി ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍ സ്ഥാനങ്ങള്‍ക്കും പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് പദവികള്‍ക്കുമായുള്ള ചര്‍ച്ചകള്‍ മുന്നണിയിലും പാര്‍ട്ടികളിലും സജീവം.
മുനിസിപ്പാലിറ്റിയില്‍ ഭരണത്തിലേറിയ എല്‍ഡിഎഫില്‍ സിപിഎം ചെയര്‍മാനെ തീരുമാനിക്കുന്നതിന് ഏരിയാ കമ്മിറ്റി യോഗം ഇന്നു ചേരും. ഇതിനിടെ, എല്‍ഡിഎഫ് ഘടകക്ഷിയായ സിപിഐ മാനന്തവാടി മുനിസിപ്പാലിറ്റിയിലും തവിഞ്ഞാല്‍ പഞ്ചായത്തിലും വൈസ് ചെയര്‍പേഴ്‌സണ്‍ പദവികള്‍ക്കായി അവകാശവാദവുമുന്നയിച്ചിട്ടുണ്ട്.
മാനന്തവാടി മുനിസിപ്പാലിറ്റിയില്‍ എല്‍ഡിഎഫിന് ലഭിച്ച 20 സീറ്റുകളില്‍ 18 എണ്ണം സിപിഎമ്മിനും രണ്ടുസീറ്റ് സിപിഐക്കുമാണ്. സിപിഐ പിന്തുണയുണ്ടെങ്കില്‍ മാത്രമേ എല്‍ഡിഎഫിന് ഭരിക്കാന്‍ കഴിയുകയുള്ളൂ.
തവിഞ്ഞാല്‍ പഞ്ചായത്തിലും ആകെയുള്ള 22 സീറ്റുകളില്‍ 11 സീറ്റ് മാത്രമാണ് എല്‍ഡിഎഫിന് ലഭിച്ചത്.
യുഡിഎഫ്-10, ബിജെപി- 1 ആണ് ഇവിടെ എതിര്‍പക്ഷത്തുള്ളത്. എല്‍ഡിഎഫിന് ലഭിച്ച സീറ്റുകളില്‍ രണ്ടെണ്ണം സിപിഐയുടേതാണ്. അതുകൊണ്ടു തന്നെ ഇവിടെയും വൈസ് പ്രസിഡന്റ് പദവി സിപിഐക്ക് നല്‍കേണ്ടിവരും. രണ്ടിടത്തും പട്ടികവര്‍ഗ ജനറല്‍ വിഭാഗത്തിനാണ് ചെയര്‍മാന്‍ പദവികള്‍ സംവരണം ചെയ്യപ്പെട്ടിരിക്കുന്നത്. മാനന്തവാടി മുനിസിപ്പാലിറ്റിയില്‍ പട്ടികവര്‍ഗ വനിതയെ ചെയര്‍മാന്‍ പദവി നല്‍കി വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് പാര്‍ട്ടിയിലെ പരിചയസമ്പന്നനായ നേതാവിനെ കൊണ്ടുവരാനുള്ള ആലോചനകളും സജീവമാണ്.
സിപിഐക്ക് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പദവികള്‍ നല്‍കാനാണ് നീക്കം. തിരുനെല്ലിയില്‍ സിപിഎം സ്ഥാനാര്‍ഥിയായി ജയിച്ച മായാദേവിയെ പ്രസിഡന്റാക്കാനാണ് നീക്കം. തൊണ്ടര്‍നാട് പഞ്ചായത്തില്‍ 15ല്‍ എട്ടു സീറ്റുകള്‍ നേടിയ ഇടതു മുന്നണിയില്‍ സിപിഐ അംഗങ്ങളില്ല. ജനറല്‍ വിഭാഗത്തിനായുള്ള പ്രസിഡന്റ് പദവിയിലേക്ക് പി എ ബാബുവിന്റെ പേരാണ് ഉയര്‍ന്നുകേള്‍ക്കുന്നത്.
എടവക പഞ്ചായത്തില്‍ കോണ്‍ഗ്രസ്സിലെ ഉഷ വിജയനും വെള്ളമുണ്ടയില്‍ ലീഗിലെ തങ്കമണിയും പ്രസിഡന്റ് പദവിയിലെത്തും. വെള്ളമുണ്ടയില്‍ ആകെയുള്ള 22ല്‍ 11 സീറ്റുകളും യുഡിഎഫിലെ ലീഗിന് സ്വന്തമായി ലഭിച്ചിട്ടുണ്ടെങ്കിലും കോണ്‍ഗ്രസ്സിന് വൈസ് പ്രസിഡന്റ് പദവി നല്‍കി മുന്നണി മര്യാദ പാലിക്കുമെന്നാണ് കോ ണ്‍ഗ്രസ്സിന്റെ പ്രതീക്ഷ.
Next Story

RELATED STORIES

Share it