wayanad local

മാനന്തവാടിയില്‍ മുന്നണികള്‍ വിജയപ്രതീക്ഷയില്‍

മാനന്തവാടി: തിരഞ്ഞെടുപ്പ് ഫലം നാളെ പുറത്തുവരാനിരിക്കെ നിയോജക മണ്ഡലത്തിലെ ഇരു മുന്നണി നേതാക്കളും വിജയ പ്രതീക്ഷയില്‍. ഇന്നലെ മുഴുവന്‍ കൂട്ടിയും കിഴിച്ചും കണക്കുകള്‍ കൊണ്ട് വിജയമുറപ്പിക്കുന്ന തിരക്കിലായിരുന്നു തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയവര്‍. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 1,67,097 വോട്ടര്‍മാരാണുണ്ടായിരുന്നത്. ഇതില്‍ 74.25 ശതമാനം പോളിങ് നടന്നപ്പോള്‍ യുഡിഎഫിലെ ജയലക്ഷ്മിക്ക് ലഭിച്ച ഭൂരിപക്ഷം 12,734 ആയിരുന്നു. ഇതിനു ശേഷം 2014ല്‍ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും 2015ലെ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിലും മണ്ഡലത്തിലെ വോട്ടര്‍മാര്‍ കൂടുതല്‍ വോട്ട് നല്‍കിയത് എല്‍ഡിഎഫിനാണ്.
എന്നാല്‍, കഴിഞ്ഞ അഞ്ചു വര്‍ഷമായി മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങളും മണ്ഡലം നിറഞ്ഞുനില്‍ക്കാന്‍ കഴിഞ്ഞതും ജയലക്ഷ്മിക്ക് തുണയാവുമെന്ന പ്രതീക്ഷയാണ് യുഡിഎഫിന്. 2011ല്‍ വെള്ളമുണ്ട, തവിഞ്ഞാല്‍, എടവക, പനമരം പഞ്ചായത്തുകളില്‍ നിന്നായിരുന്നു യുഡിഎഫിന് ഏറ്റവുമധികം വോട്ടുകള്‍ ലഭിച്ചത്. ഈ വോട്ടുകള്‍ മുഴുവനായി നിലനിര്‍ത്താന്‍ കഴിഞ്ഞില്ലെങ്കിലും തിരുനെല്ലി പഞ്ചായത്തും മാനന്തവാടി മുനിസിപ്പാലിറ്റിയിലും എതിര്‍ സ്ഥാനാര്‍ഥി നേടുന്ന മേല്‍ക്കൈ മറികടക്കാന്‍ ഈ പഞ്ചായത്തുകളില്‍ നിന്നു ലഭിക്കുന്ന വോട്ടുകള്‍ക്ക് കഴിയുമെന്നാണ് യുഡിഎഫ് കേന്ദ്രങ്ങളുടെ കണക്കുകൂട്ടല്‍. ഭൂരിപക്ഷം എത്രയെന്നു പ്രവചിക്കാന്‍ തയ്യാറല്ലെങ്കിലും വിജയിക്കുമെന്ന കണ്ടെത്തലിലാണ് യുഡിഎഫ്. എല്‍ഡിഎഫ് കേന്ദ്രങ്ങളാവട്ടെ, യുഡിഎഫിലുണ്ടായ അടിയൊഴുക്കുകളെയാണ് ആശ്രയിക്കുന്നത്. അവസാന സമയങ്ങളില്‍ ജയലക്ഷ്മിക്കെതിരേ ന്യൂനപക്ഷ മേഖലകളില്‍ സേവ് കോണ്‍ഗ്രസ് ഫോറം നടത്തിയ പ്രചാരണങ്ങള്‍ ഏറെ ഗുണം ചെയ്യുമെന്നാണ് ഒ ആര്‍ കേളുവിന്റെ വിജയത്തിന് അടിസ്ഥാനമായി എല്‍ഡിഎഫ് കാണുന്നത്. കോണ്‍ഗ്രസ്സിലുണ്ടായ പ്രശ്‌നങ്ങളും ജയലക്ഷ്മിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങളും പ്രമുഖ യുഡിഎഫ് നേതാക്കള്‍ പ്രചാരണത്തില്‍ നിന്നു വിട്ടുനിന്നതും ഭരണവിരുദ്ധ തരംഗവുമെല്ലാം അനുകൂലമാണെന്ന കണക്കുകൂട്ടലിലാണ് എല്‍ഡിഎഫ്.
തൊണ്ടര്‍നാട്, തവിഞ്ഞാല്‍, എടവക പഞ്ചായത്തുകളില്‍ ലീഡ് ആര്‍ക്കും ലഭിക്കില്ല. അതുകൊണ്ടുതന്നെ ഒ ആര്‍ കേളുവിന്റെ വിജയം എല്‍ഡിഎഫ് ഉറപ്പിച്ചിരിക്കുകയാണ്. 2006ല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ സി കുഞ്ഞിരാമന്‍ മണ്ഡലത്തില്‍ നിന്നു വിജയിച്ചതൊഴിച്ചാല്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് മാത്രമാണ് മാനന്തവാടി നിയോജക മണ്ഡലം ഇടതുപക്ഷത്തോടൊപ്പം നിന്നത്. ഇരുമുന്നണികളും ഇഞ്ചോടിഞ്ച് പോരാടിയ മണ്ഡലത്തില്‍ ആരു ജയിച്ചാലും ഭൂരിപക്ഷം 5,000ത്തിന് മുകളിലെത്തില്ലെന്നാണ് വിലയിരുത്തല്‍.
Next Story

RELATED STORIES

Share it