wayanad local

മാനന്തവാടിയില്‍ ഫുട്പാത്തിലെ കൈവരിയില്‍ പരസ്യബോര്‍ഡുകള്‍ നിരോധിച്ചു

മാനന്തവാടി: നഗരത്തിലെ ഏറ്റവും തിരക്കേറിയ കോഴിക്കോട് റോഡ് ജങ്ഷനില്‍ നിര്‍മിച്ച കൈവരിയില്‍ ബാനറുകളും കൊടിതോരണങ്ങളും സ്ഥാപിക്കുന്നതു നിരോധിച്ചു. പരസ്യബോര്‍ഡുകള്‍ കാല്‍നടയാത്രക്കാര്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും ദുരിതമായിരുന്നു. ഇതു ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന നഗരസഭാ ഭരണസമിതി യോഗമാണ് തീരുമാനമെടുത്തത്. ഗാന്ധിപാര്‍ക്കിലെ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ച സ്ഥലത്തും പരസ്യങ്ങള്‍ക്ക് നിരോധനമുണ്ട്.
കൈവരികളുടെ ഉയരം കുറയ്ക്കണമെന്ന ആവശ്യം ഭരണസമിതി തള്ളി. തീരുമാനം മാര്‍ച്ച് അഞ്ചുമുതല്‍ നടപ്പാവും. മുന്‍മന്ത്രി പി കെ ജയലക്ഷ്മിയുടെ പ്രാദേശിക വികസന നിധിയില്‍ ഉള്‍പ്പെടുത്തിയാണ് നവീകരണത്തിന്റെ ഭാഗമായി നഗരത്തിന്റെ ഹൃദയഭാഗമായ കെടി ജങ്ഷനില്‍ കൈവരി നിര്‍മിക്കുകയും റോഡില്‍ ടൈല്‍ പാകുകയും ചെയ്തത്.
എന്നാല്‍, ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ വിവിധ രാഷ്ട്രീയകക്ഷികള്‍ ഈ കൈവരികള്‍ മുഴുവന്‍ മറയ്ക്കുന്ന രീതിയില്‍ നിരന്തരം ബാനറുകളും കൊടിതോരണങ്ങളും തൂക്കിയിരുന്നു. ജില്ലാ ആശുപത്രി, വില്ലേജ് ഓഫിസ്, നഗരസഭാ ഓഫിസ്, സബ് രജിസ്ട്രാര്‍ ഓഫിസ്, വിദ്യാലയം എന്നിവിടങ്ങളിലേക്കെല്ലാം നിത്യേന നൂറുകണക്കിന് ആളുകള്‍ സഞ്ചരിക്കുന്ന ഫുട്പാത്തിലെ കൈവരികളിലാണ് ഒരു നിയന്ത്രണവുമില്ലാതെ ബാനറുകളും മറ്റും സ്ഥാപിച്ചിരുന്നത്.
Next Story

RELATED STORIES

Share it