wayanad local

മാനന്തവാടിയിലും സുല്‍ത്താന്‍ ബത്തേരിയിലും ഇഎസ്‌ഐ ഡിസ്‌പെന്‍സറി ; തീരുമാനം തൊഴിലാളികള്‍ക്ക് ആശ്വാസമാവും



മാനന്തവാടി: മാനന്തവാടിയിലും സുല്‍ത്താന്‍ ബത്തേരിയിലും ഇഎസ്‌ഐ ഡിസപെന്‍സറി ആരംഭിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ജില്ലയിലെ ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് ആശ്വാസമാവും. സംസ്ഥാനത്ത് 18 ഇഎസ്‌ഐ ഡിസപെന്‍സറികള്‍ ആരംഭിക്കാനാണ് തീരുമാനം. ഇതില്‍ രണ്ടെണ്ണമാണ് ജില്ലയ്ക്ക് ലഭിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക പദ്ധതി പ്രകാരം രാജ്യത്തെ എല്ലാ റവന്യൂ ജില്ലകളിലും ഇഎസ്‌ഐ ഡിസപെന്‍സറികള്‍ അനുവദിക്കുന്നതിന്റെ ഭാഗമായി ഭാഗമായാണ് സംസ്ഥാനത്തും നടപടി തുടങ്ങിയത്. നിലവില്‍ ഡിസ്‌പെന്‍സറികളില്ലാത്ത ഒരു ജില്ലയുമില്ല. ഇഎസ്‌ഐ പരിരക്ഷ ലഭിക്കേണ്ട 2000 മുതല്‍ 3000 വരെ തൊഴിലാളികള്‍ ഉള്‍ക്കൊള്ളുന്നതാണ് ആറു ഡിസപെന്‍സറികള്‍. രണ്ടായിരത്തില്‍ താഴെ തൊഴിലാളികള്‍ മാത്രമാണെങ്കിലും ഭാവിയിലെ വര്‍ധന കൂടി കണക്കിലെടുത്താണ് ശേഷിക്കുന്ന 12 എണ്ണത്തിന് അനുമതി നല്‍കിയത്. കോഴിക്കോട്, വയനാട്, ഇടുക്കി, കൊല്ലം, പാലക്കാട്, പത്തനംതിട്ട, എറണാകുളം, തിരുവനന്തപുരം, മലപ്പുറം ജില്ലകളിലാണ് പുതുതായി ഇഎസ്‌ഐ ഡിസപെന്‍സറികള്‍ ആരംഭിക്കുന്നത്. ജില്ലയില്‍ ഇഎസ്‌ഐ പരിരക്ഷയുള്ള നിരവധി തൊഴിലാളികളുണ്ട്. എന്നാല്‍, വേണ്ടത്ര ആശുപത്രികള്‍ ഇല്ലാത്തതിനാല്‍ തൊഴിലാളികള്‍ക്ക് ഈ ആനുകൂല്യം ലഭ്യമായിരുന്നില്ല. പുതിയ ഡിസ്‌പെന്‍സറികള്‍ തുടങ്ങുന്നതോടെ ഈ പ്രശനങ്ങള്‍ക്ക് പരിഹാരമാവും. ഇന്‍ഷുറന്‍സ് പദ്ധതിയില്‍ തുടരാനുള്ള പ്രതിമാസ വരുമാനപരിധി 15000 രൂപയില്‍ നിന്ന് 21000 രൂപയായി വര്‍ധിപ്പിച്ചത് കൂടുതല്‍ തൊഴിലാളികള്‍ക്ക് ഇഎസ്‌ഐ  ആനുകൂല്യത്തിന് അവസരമൊരുക്കും. പരിരക്ഷയുള്ള തൊഴിലാളി ചികില്‍സയ്ക്കും അവധി അപേക്ഷയ്ക്കുമെല്ലാം സമീപിക്കേണ്ടത് ഇഎസ്‌ഐ ഡിസപെന്‍സറികളെയാണ്. പുതുതായി ആരംഭിക്കുന്ന  ഡിസപെന്‍സറികളില്‍ ഡോക്ടറും എട്ടു ജീവനക്കാരുമാണ് ഉണ്ടാവുക. ആദ്യത്തെ മൂന്നു വര്‍ഷത്തെ പ്രവര്‍ത്തനച്ചെലവ് ഇഎസ്‌ഐ കോര്‍പറേഷന്‍ വഹിക്കുന്നതിനാല്‍ ഉടന്‍തന്നെ വാടകക്കെട്ടിടത്തില്‍ ഡിസപെന്‍സറികള്‍ പ്രവര്‍ത്തനം ആരംഭിക്കാനും സാധിക്കും. ഡിസപെന്‍സറിയിലേക്ക് ഡോക്ടര്‍മാരെയും ജീവനക്കാരെയും കാരാര്‍ അടിസ്ഥാനത്തിലോ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേനയോ ആണ് നിയമിക്കുക. മാനന്തവാടിയില്‍ ഡിസപെന്‍സറി പ്രവര്‍ത്തനം ആരംഭിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് ഒ ആര്‍ കേളു എംഎല്‍എ പറഞ്ഞു.
Next Story

RELATED STORIES

Share it