മാനനഷ്ട കേസുകളില്‍ ക്രിമിനല്‍ നടപടിയാവാം: സുപ്രിംകോടതി

ന്യൂഡല്‍ഹി: മാനനഷ്ട കേസുകളില്‍ ക്രിമിനല്‍ നടപടിയാവാമെന്ന് സുപ്രിംകോടതി. മാനനഷ്ട കേസുകള്‍ സംബന്ധിച്ച ഇന്ത്യന്‍ കുറ്റകൃത്യനിയമ(ഐപിസി)ത്തിലെ 499, 500 വകുപ്പുകളുടെ ഭരണഘടനാ സാധുത സുപ്രിംകോടതി ശരിവച്ചു. വ്യക്തിസ്വാതന്ത്ര്യത്തിനുമേല്‍ കടന്നുകയറ്റം പാടില്ലെന്നും അഭിപ്രായ സ്വാതന്ത്ര്യം അനിയന്ത്രിത സ്വാതന്ത്ര്യം അല്ലെന്നും ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ ദീപക് മിശ്രയും പ്രഫുല്ല സി പന്തും അടങ്ങുന്ന ബെഞ്ചിന്റെ ഉത്തരവ്.
499, 500 വകുപ്പുകള്‍ അനുസരിച്ച് മാനനഷ്ട കേസുകളിലെ ക്രിമിനല്‍ നടപടി ഭരണഘടനാപരമാണെന്നും അഭിപ്രായ സ്വാതന്ത്ര്യം പരിഗണിക്കുമ്പോള്‍ വ്യക്തിസ്വാതന്ത്ര്യം പരിഗണിക്കാതിരിക്കാനാവില്ലെന്നും ബെഞ്ച് നിരീക്ഷിച്ചു. മാനനഷ്ടത്തിന് രണ്ടുവര്‍ഷം വരെ തടവ് ആവാമെന്ന ഐപിസി 499, 500 വകുപ്പുകള്‍ പ്രകാരമാണ് കോടതിവിധി.
മാനനഷ്ട കേസുകളില്‍ ക്രിമിനല്‍ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി, ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാള്‍, ബിജെപി രാജ്യസഭാംഗം സുബ്രഹ്മണ്യന്‍ സ്വാമി തുടങ്ങിയവര്‍ സമര്‍പ്പിച്ച ഒരുകൂട്ടം ഹരജികള്‍ തള്ളിയാണ് രണ്ടംഗ ബെഞ്ച് വിധി പ്രഖ്യാപിച്ചത്. ഈ വകുപ്പുകള്‍ ഭരണഘടനാ വിരുദ്ധമാണെന്നും അവ റദ്ദാക്കണമെന്നുമായിരുന്നു ഹരജിക്കാരുടെ പ്രധാന വാദം.
ജീവിക്കാനുള്ള അവകാശം ഉറപ്പുവരുത്തുന്ന ഭരണഘടനയുടെ 21ാം വകുപ്പില്‍ പ്രശസ്തിക്കുള്ള അവകാശം കൂടി ഉള്‍പ്പെടുന്നതാണെന്ന് കോടതി വ്യക്തമാക്കി. ക്രിമിനല്‍ അപകീര്‍ത്തി നിയമം ഭരണഘടനാ വിരുദ്ധമല്ലെന്നും ഐപിസി പ്രകാരം അതു കുറ്റമായി തുടരുമെന്നും കോടതി പറഞ്ഞു.
അഭിപ്രായസ്വാതന്ത്ര്യത്തിനുള്ള അവകാശം മറ്റുള്ളവര്‍ക്കു ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ക്കുമേലുള്ള കടന്നുകയറ്റമാവരുതെന്നു വ്യക്തമാക്കിയ ബെഞ്ച്, കോടതികളില്‍ നിലവിലുള്ള ഇത്തരം കേസുകളില്‍ വാദം തുടരാനും നിര്‍ദേശം നല്‍കി.
24 ഹരജികളാണ് ഇന്നലെ രണ്ടംഗ ബെഞ്ച് പരിശോധിച്ചത്. അപകീര്‍ത്തി കേസുകള്‍ ക്രിമിനല്‍ നടപടിക്രമത്തില്‍ നിന്ന് ഒഴിവാക്കണമെന്നും ഇത് അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുമെന്നും എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ അടക്കം നിരവധി മാധ്യമസ്ഥാപനങ്ങളും സംഘടനകളും ഉന്നയിച്ചിരുന്നു. ഇവരുടെ ആവശ്യങ്ങള്‍കൂടിയാണ് സുപ്രിംകോടതി വിധിയോടെ നിരാകരിക്കപ്പെട്ടത്.
ഐപിസിയിലെ 499, 500 വകുപ്പുകള്‍ റദ്ദാക്കണമെന്ന ഹരജിക്കാരുടെ ആവശ്യത്തെ കേന്ദ്രസര്‍ക്കാരും ചില സംസ്ഥാനങ്ങളും ശക്തമായി എതിര്‍ത്തു. ഈ വകുപ്പുകള്‍ റദ്ദാക്കിയാല്‍ സമൂഹത്തിലെ പ്രശസ്തരായ ആളുകള്‍ അവഹേളിക്കപ്പെടുന്നതു പതിവാകുമെന്നും അത് സമൂഹത്തില്‍ അരാജകവാദത്തിനു കാരണമാവുമെന്നും കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരായ അറ്റോണി ജനറല്‍ മുകുള്‍ റോഹത്ഗി വാദിച്ചു.
Next Story

RELATED STORIES

Share it