മാനദണ്ഡമായി വിദ്യാഭ്യാസ ആവശ്യകതാ നയത്തെ ഉപയോഗിക്കരുത്‌

കൊച്ചി: വിദ്യാഭ്യാസ അവകാശ നിയമ പ്രകാരം സ്‌കൂളുകള്‍ക്ക് അനുമതി നിഷേധിക്കുന്നതിനുള്ള മാനദണ്ഡമായി വിദ്യാഭ്യാസ ആവശ്യകതാ നയത്തെ ഉപയോഗിക്കാന്‍ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. നിര്‍ബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം ഉറപ്പുവരുത്താന്‍ മതിയായ വിദ്യാലയങ്ങള്‍ ഒരു സ്ഥലത്ത് ഇല്ലായെന്ന് തോന്നുന്ന പക്ഷം അവിടെ സ്‌കൂള്‍ തുടങ്ങാന്‍ വേണ്ടിയാണ് വിദ്യാഭ്യാസ ആവശ്യകത പരിഗണിക്കേണ്ടതെന്നു സിംഗിള്‍ബെഞ്ച് വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാറിന്റെ അംഗീകാരത്തിനും എന്‍ഒസിക്കും വേണ്ടി അപേക്ഷ നല്‍കിയ ഐസിഎസ്ഇ, സിബിഎസ്ഇ, സംസ്ഥാന സിലബസുകള്‍ക്ക് കീഴിലെ യുപി, ഹൈസ്‌കൂള്‍ മാനേജ്‌മെന്റുകള്‍ സമര്‍പ്പിച്ച ഒരു കൂട്ടം ഹരജികള്‍ തീര്‍പ്പാക്കിയാണ് ഉത്തരവ്.
വിദ്യാഭ്യാസ ആവശ്യകത പരിഗണിച്ച് അംഗീകാരം നല്‍കാനാവില്ലെന്ന സര്‍ക്കാര്‍ വാദം കോടതി തള്ളി. അംഗീകാരം നല്‍കാന്‍ ഇത്തരമൊരു ഉപാധി വിദ്യാഭ്യാസ നിയമത്തില്‍ പരാമര്‍ശിക്കാത്തതിനാല്‍ വാദത്തിന് സാധൂകരണമില്ല. ഒരു അധികാരവും ഇത് സംബന്ധിച്ച് സര്‍ക്കാറിന് ലഭിച്ചിട്ടില്ലെന്നിരിക്കെ ഇത്തരമൊരു വാദം ഉന്നയിക്കാനോ നിയമമുണ്ടാക്കാനോ കഴിയില്ല. ഇതിനുള്ള അധികാരം കേന്ദ്ര സര്‍ക്കാറിനാണ്. നിയമ പ്രകാരമുള്ള മാനദണ്ഡങ്ങള്‍ പാലിക്കാന്‍ നിര്‍ബന്ധിക്കാന്‍ മാത്രമേ സംസ്ഥാന സര്‍ക്കാറിന് കഴിയൂ. ആവശ്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കാം. വിദ്യാഭ്യാസ ആവശ്യക പരിഗണിക്കേണ്ടത് സ്‌കൂളുകളുടെ പ്രവര്‍ത്തനം തടയാന്‍ വേണ്ടിയാവരുത്. ചട്ടത്തില്‍ ഇളവില്ലാത്തതിനാല്‍ പിന്നാക്ക പദവിയുള്ള സ്‌കൂളുകള്‍ക്കും സര്‍ക്കാറിന്റെ അംഗീകാരത്തോടെ മാത്രമേ പ്രവര്‍ത്തിക്കാനാവൂവെന്നും കോടതി വ്യക്തമാക്കി. അതേസമയം, പ്രീ സ്‌കൂളുകള്‍ക്ക് അംഗീകാരം വേണ്ടതില്ല.
എന്‍ഒസി അനുവദിക്കുന്നത് അംഗീകാരത്തിന്റെ അടിസ്ഥാനത്തിലാണ്. അംഗീകാരമുണ്ടെങ്കില്‍ സര്‍ക്കാര്‍ നയത്തിന്റെ ഭാഗമെന്ന പേരില്‍ എന്‍ഒസി തടഞ്ഞുവെക്കാനാവില്ല. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നയമല്ല, നിയമമാണ് ബാധകമേണ്ടതെന്നും കോടതി വ്യക്തമാക്കി.
Next Story

RELATED STORIES

Share it