Flash News

മാനദണ്ഡങ്ങള്‍ പാലിക്കാത്ത ഡ്രൈവിങ് സ്‌കൂളുകള്‍ പൂട്ടും



നിഖില്‍ എസ് ബാലകൃഷ്ണന്‍

കൊച്ചി: മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കാതെ പ്രവര്‍ത്തിക്കുന്ന ഡ്രൈവിങ് സ്‌കൂളുകള്‍ക്ക് പൂട്ടിടുവാന്‍ മോട്ടോര്‍ വാഹന വകുപ്പ് ഇറങ്ങുന്നു. ഡ്രൈവിങ് സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കാന്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനമായി. റോഡ് സുരക്ഷ നടപ്പാക്കാനുള്ള യുഎന്‍ ആക്ഷന്‍ പ്ലാനിന്റെ ഭാഗമായി പുതിയ ഡ്രൈവിങ് പരിശീലനപദ്ധതി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ബന്ധപ്പെട്ട വകുപ്പിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ്  കര്‍ശന പരിശോധനകളുമായി രംഗത്തിറങ്ങാന്‍ മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിച്ചത്. ആദ്യപടിയായി കൃത്യമായ യോഗ്യതകളില്ലാതെ ഡ്രൈവിങ് സ്‌കൂളുകള്‍ നടത്തുന്ന മുഴുവന്‍ ഡ്രൈവിങ് സ്‌കൂള്‍ ഉടമകളെയും കണ്ടെത്തി പരിശീലനം നല്‍കി തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്യും. കൃത്യമായ പരിശീലനമോ വേണ്ടത്ര യോഗ്യതകളോ ഒന്നുമില്ലാത്ത പരിശീലകരാണ് പല സ്‌കൂളുകളിലും ഡ്രൈവിങ് പഠിപ്പിക്കുന്നത്. ഇതേതുടര്‍ന്നാണ് ലൈസന്‍സ് ടെസ്റ്റുകളില്‍ പലരും പരാജയപ്പെടുന്നതെന്നും മോട്ടോര്‍ വാഹന വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. പണം നല്‍കിയാല്‍ ലൈസന്‍സ് എടുത്തു നല്‍കുന്ന സ്ഥാപനങ്ങള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നതായി പല പരാതികളും മുമ്പും ലഭിച്ചിരുന്നു. ആര്‍ടി ഓഫിസിലെ ജീവനക്കാരുമായി കൈ കോര്‍ത്തുകൊണ്ടാണ് ഇത്തരത്തില്‍ തട്ടിപ്പ് നടത്തുന്നതെന്നും വിവരമുണ്ട്. വര്‍ധിച്ചു വരുന്ന റോഡ് അപകടങ്ങള്‍ക്കും ഇത് കാരണമാകുന്നുണ്ടെന്ന് മോട്ടോര്‍ വാഹന വകുപ്പ് കണ്ടെത്തിയിരുന്നു. മുന്നൂറോളം ഡ്രൈവിങ് സ്‌കൂളുകളാണ് എറണാകുളം ജില്ലയില്‍ മാത്രം പ്രവര്‍ത്തിക്കുന്നത്.  ഇവിടങ്ങളിലെ ഇന്‍സ്ട്രക്റ്റര്‍മാര്‍ക്ക് പല ബാച്ചുകളിലായി പരീക്ഷണാര്‍ഥം ആദ്യഘട്ടത്തില്‍ പരിശീലനം നല്‍കും. പിന്നീട്  ഡ്രൈവിങ് സ്‌കൂള്‍ പരിശീലകരുടെ യോഗ്യത കര്‍ശനമാക്കും. ഡ്രൈവിങ് പരിശീലനം നല്‍കുന്നവര്‍ക്ക് ഓട്ടോ മൊബൈല്‍, മെക്കാനിക്കല്‍ എന്നീ വിഷയങ്ങളില്‍ ഐടിഐയോ അല്ലെങ്കില്‍ ഡിപ്ലോമയോ വേണമെന്നും വാഹനമോടിച്ച് ഏറ്റവും ചുരുങ്ങിയത് അഞ്ച് വര്‍ഷത്തെയെങ്കിലും പരിചയം വേണമെന്നുമാണ് പുതിയ നിര്‍ദേശം. ഡ്രൈവിങ് സ്‌കൂള്‍ ഇന്‍സ്ട്രക്റ്റര്‍മാര്‍ക്ക് പരിശീലനം നല്‍കുന്നതിലൂടെ ഡ്രൈവിങിന്റെ നിലവാരം ഉയര്‍ത്തുക, ഡ്രൈവിങ് സ്‌കൂള്‍ ഇന്‍സ്ട്രക്റ്റര്‍മാര്‍ക്ക് കൃത്യമായ യോഗ്യതയുണ്ടെന്ന് ഉറപ്പുവരുത്തുക, ഇവരെ റോഡ് സുരക്ഷയുടെ പ്രവാചകരാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പരിശീലന പദ്ധതി ആവിഷ്‌കരിക്കുന്നത്. പരിശീലനത്തിന് എത്തുന്നവരെ കൗണ്‍സില്‍ ചെയ്യുക, വാഹനത്തിന്റെ പ്രവര്‍ത്തനങ്ങളും നിയന്ത്രണവും ബാലന്‍സും സംബന്ധിച്ച് കൃത്യമായി വിശദീകരിക്കുക, റോഡ് സുരക്ഷാ നിര്‍ദേശങ്ങള്‍ പഠിപ്പിക്കുക, ഡ്രൈവറുടെ മാനസിക നില എന്നിങ്ങനെ നാല് ഘട്ടങ്ങളായുള്ള സിലബസാണ് പരിശീലനത്തില്‍ നിര്‍ദേശിച്ചിരിക്കുന്നത്. അടുത്തമാസം ആദ്യവാരംതന്നെ പരിപാടിക്ക് തുടക്കമിടാനാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദേശിക്കുന്നത്.
Next Story

RELATED STORIES

Share it