മാനദണ്ഡങ്ങള്‍ കാറ്റില്‍പറത്തി അധ്യാപകരെ നിയമിക്കുന്നു: മുന്‍ പരീക്ഷാ കണ്‍ട്രോളര്‍

കാസര്‍കോട്: യുജിസി മാനദണ്ഡങ്ങള്‍ കാറ്റില്‍പറത്തി കേന്ദ്ര സര്‍വകലാശാലയില്‍ അധ്യാപകരെ നിയമിക്കുന്നതായി സര്‍വകലാശാല മുന്‍ പരീക്ഷാ കണ്‍ട്രോളര്‍ വി ശശികുമാര്‍. വൈസ് ചാന്‍സലറുടെ നേതൃത്വത്തില്‍ സര്‍വകലാശാലയെ ഏകാധിപത്യത്തിന്റെ വേദിയാക്കി മാറ്റുകയാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രഫ. ജി ഗോപകുമാര്‍ വൈസ് ചാന്‍സലര്‍ ആയതിനുശേഷം 89 അധ്യാപകരെയാണ് നിയമിച്ചത്.
പാര്‍ലമെന്റ് പാസാക്കിയ കേന്ദ്ര സര്‍വകലാശാലാ നിയമ പ്രകാരം സര്‍വകലാശാലാ അധ്യാപക നിയമനത്തില്‍ ഹെഡ്ഓഫ് ഡിപാര്‍ട്ട്‌മെന്റ്, ഡീന്‍ എന്നിവര്‍ സെലക്ഷന്‍ കമ്മിറ്റിയില്‍ ഉണ്ടാവണം. എന്നാല്‍ ഇവര്‍ ഉണ്ടായിട്ടും ഇവരെ ഉള്‍പ്പെടുത്താതെയാണ് നിയമനം നടത്തിയത്. വൈസ് ചാന്‍സലര്‍ അനധികൃതമായി പ്രകാശന്‍ പെരിയാട്ട് എന്ന അധ്യാപകനെ നിയമിക്കുകയും പിന്നീട് പിരിച്ചുവിടുകയും ചെയ്തതിലൂടെ സര്‍വകലാശാലയ്ക്ക് 24 ലക്ഷം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്. യുജിസി നിശ്ചയിച്ച യോഗ്യത അട്ടിമറിച്ചുകൊണ്ടായിരുന്നു നിയമനങ്ങള്‍ ഏറെയും. ഒരു പ്രഫസര്‍ ആവണമെങ്കില്‍ മൂന്ന് പിഎച്ച്ഡി വിദ്യാര്‍ഥികളെയെങ്കിലും പുറത്തിറക്കണമെന്ന ചട്ടം അട്ടിമറിച്ച് ഒരു കുട്ടിയെ ഗൈഡ് ചെയ്താല്‍ മതിയെന്ന് വരുത്തി ത്തീര്‍ത്തു.
ഇത് ഇപ്പോഴത്തെ പ്രോ വൈസ് ചാന്‍സലര്‍ ജയപ്രസാദിനെ നിയമിക്കാന്‍ വേണ്ടിയായിരുന്നു. യുജിസി ചട്ടം അനുസരിച്ച് പ്രഫസര്‍, അസോ. പ്രഫസര്‍ തസ്തികയില്‍ ഒബിസി സംവരണം നിലവിലില്ലാതിരുന്നിട്ടും 2015ല്‍ ഡിപാര്‍ട്ട്‌മെന്റ് എജ്യൂക്കേഷനില്‍ ഒബിസി ക്വാട്ടയിലാണ് പ്രഫസറെ നിയമിച്ചത്. രജിസ്ട്രാര്‍ നിയമനത്തില്‍ മൂന്നാം റാങ്ക് ലഭിച്ചയാള്‍ക്ക് യുജിസി രേഖപ്പെടുത്തിയ മിനിമം യോഗ്യത പോലും ഇല്ലായിരുന്നു. ഇതില്‍ ഒമ്പതാം റാങ്കിലായിരുന്നു വി ശശിധരന്‍. മഹാത്മാഗാന്ധി, കേരള, കാലിക്കറ്റ് സര്‍വകലാശാലകളിലെ അപേക്ഷകരൊന്നും റാങ്ക് ലിസ്റ്റില്‍ കയറിപ്പറ്റിയില്ല.
വിവരാവകാശ പ്രകാരം ഈ നിയമനത്തിന്റെ വിവരം ചോദിച്ചതിന്റെ പേരില്‍ സര്‍വകലാശാല തനിക്ക് നല്‍കാനുള്ള 27 ലക്ഷത്തോളം രൂപ തടഞ്ഞുവച്ചിരിക്കുകയാണ്. പലിശയടക്കം ഇത് ഇപ്പോള്‍ 33 ലക്ഷം രൂപ വരും. കേന്ദ്ര സര്‍വകലാശാലയില്‍ ജോലിചെയ്യുന്നതിനാല്‍ എംജി യൂനിവേഴ്‌സിറ്റിയില്‍ നിന്ന് വിരമിച്ചതില്‍ ലഭിക്കേണ്ട പെന്‍ഷന്‍ പോലും താന്‍ വാങ്ങിയില്ലെന്നും വി ശശികുമാര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it