മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി ഡിസിസി പുനസ്സംഘടന

തിരുവനന്തപുരം: കോണ്‍ഗ്രസ്സില്‍ പുനസ്സംഘടന പൂര്‍ത്തിയാവുന്നതിനിടെ ഡിസിസികളില്‍ പുതുതായി നിലവില്‍ വന്നത് ജംബോ കമ്മിറ്റികള്‍. കെപിസിസിയുടെ മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി ഗ്രൂപ്പുകാരെയും ഇഷ്ടക്കാരെയും തിരുകിക്കയറ്റിയതാണ് കാരണം. കോഴിക്കോട് ഡിസിസിയില്‍ 82 പേരുള്ളപ്പോള്‍ തൃശ്ശൂരില്‍ 79ഉം കണ്ണൂരില്‍ 78ഉം പേരെയാണ് ഉള്‍പ്പെടുത്തിയത്. മറ്റ് ജില്ലകളുടെ സ്ഥിതിയും വിഭിന്നമല്ല. ഇതോടെ നേതാക്കള്‍ക്കിടയിലും അസംതൃപ്തി പടരുകയാണ്.
ഏട്ടു ജില്ലകളിലെ പുനസ്സംഘടനയ്ക്കാണ് കെപിസിസി നേതൃത്വം ഇതുവരെ അംഗീകാരം നല്‍കിയത്. നേരത്തെ ഡിസിസി ഭാരവാഹികളുടെ എണ്ണം 30-35 ആയിരുന്നു. എന്നാല്‍, പലസ്ഥലങ്ങളിലും ഇത് ഇരട്ടിയായി വര്‍ധിച്ചു. കോഴിക്കോട് ഡിസിസിക്കാണ് ഏറ്റവുമധികം ഭാരവാഹികളുള്ളത്. 82 പേരെയാണ് ഇവിടെ കുത്തിനിറച്ചത്. ശനിയാഴ്ച രാത്രി പുറത്തിറക്കിയ കൊല്ലത്തെ ഭാരവാഹി പട്ടികയില്‍ 63 പേരാണ് ഉണ്ടായിരുന്നത്. എന്നാല്‍, ഇന്നലെ ഇത് 69 ആയി വര്‍ധിച്ചു. കണ്ണൂരില്‍ 78 പേരെ ഉള്‍പ്പെടുത്തി. തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിമതനായി മല്‍സരിച്ച പി കെ രാഗേഷിനെയും ഉള്‍പ്പെടുത്തണമെന്ന് എ ഗ്രൂപ്പ് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇക്കാര്യം പരിഗണിച്ചില്ല. തൃശ്ശൂരില്‍ 79 പേരാണുള്ളത്. കോട്ടയത്ത് 43 പേരെയും മലപ്പുറത്ത് 33 പേരെയും ഉള്‍പ്പെടുത്തി. ഇനി പുനസ്സംഘടിപ്പിക്കാനുള്ളതില്‍ തിരുവനന്തപുരം ഡിസിസി സമര്‍പ്പിച്ചിരിക്കുന്നത് 95 പേരുടെ പട്ടികയാണ്. ഇതില്‍ കെപിസിസിയുടെ വകകൂടി ആവുമ്പോള്‍ അംഗങ്ങളുടെ എണ്ണം സെഞ്ച്വറി കടന്നേക്കും. എറണാകുളം, ആലപ്പുഴ ജില്ലകളും 80 ഓളം പേരുള്ള പട്ടികയാണ് നല്‍കിയിട്ടുള്ളത്. പത്തനംതിട്ടയില്‍ 59 ഭാരവാഹികളുണ്ട്.
ഏറെ വിവാദങ്ങള്‍ക്കും ആശയക്കുഴപ്പങ്ങള്‍ക്കും ശേഷമാണ് ഡിസിസികളുടെ പുനസ്സംഘടന പൂര്‍ത്തിയാവുന്നത്. ഇതില്‍ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ മാറുന്നവര്‍ക്ക് പകരമായി പുതിയ ഭാരവാഹികളെ നിശ്ചയിക്കാനായിരുന്നു തീരുമാനം.
10 വര്‍ഷം പൂര്‍ത്തിയായവര്‍, പ്രവര്‍ത്തനക്ഷമമല്ലാത്തവര്‍ എന്നിവരെ മാറ്റി പുതിയവരെ കണ്ടെത്താനും നിര്‍ദേശിച്ചിരുന്നു. പ്രവര്‍ത്തന പാരമ്പര്യം നോക്കി എണ്ണം കുറച്ച് പുതിയ പുനസ്സംഘടന നടത്തണമെന്നായിരുന്നു കെപിസിസി നിര്‍ദേശമെങ്കിലും ഇതൊന്നും പാലിക്കപ്പെട്ടില്ല. നേരത്തെയുള്ള ഗ്രൂപ്പ് സമവാക്യങ്ങള്‍ പാലിച്ച് ആദ്യം പട്ടിക തയ്യാറാക്കിയ ഗ്രൂപ്പ് നേതൃത്വങ്ങള്‍ പിന്നീട് വീണ്ടും പുതിയ പേരുകള്‍ നിര്‍ദേശിച്ചു.
സാമുദായിക സന്തുലനത്തിന്റെയും മറ്റും പേരിലാണ് പുതിയ പേരുകള്‍ വന്നത്. ഇത് കെപിസിസി പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവസാനവട്ട ചര്‍ച്ചയിലും അംഗീകരിക്കപ്പെട്ടു. പട്ടികയ്ക്ക് പുറത്തു നിന്നും പേരുകള്‍ ഉള്‍പ്പെടുത്തി തുടങ്ങിയതോടെ പല പരിഗണനകളുടെ പേരില്‍ കൂടുതല്‍ പേരുകള്‍ നിര്‍ദേശിക്കപ്പെട്ടു. ഇതോടെ ഇവയും അംഗീകരിക്കേണ്ട അവസ്ഥയിലായി. യൂത്ത്‌കോണ്‍ഗ്രസ്സില്‍ നിന്നും പ്രായം കൂടിയതിന്റെ പേരില്‍ ഒഴിവായവരെ അടുത്തകാലത്ത് ഡിസിസികളില്‍ ഉള്‍പ്പെടുത്തിയിരുന്നു. അവരെയും നിലനിര്‍ത്തിയിട്ടുണ്ട്. ഡിസിസി വൈസ് പ്രസിഡന്റ്, ട്രഷറര്‍, ജനറല്‍ സെക്രട്ടറി എന്നിവരെയാണ് പുതുതായി പുനസംഘടിപ്പിച്ചത്.
തിരഞ്ഞെടുപ്പ് അടുക്കുന്ന സമയമായതിനാല്‍ ആരേയും പിണക്കേണ്ടെന്ന നിലപാടാണു ഗ്രൂപ്പ് നേതൃത്വങ്ങള്‍ക്കുള്ളത്. എന്നാല്‍, ഇതിനെതിരേ ഒരുവിഭാഗം നേതാക്കള്‍ വിമര്‍ശനവുമായി രംഗത്തെത്തി. ഇപ്പോഴത്തെ പുനസ്സംഘടന പാര്‍ട്ടിയെ പൊതുജനങ്ങള്‍ക്ക് മുന്നില്‍ കളിയാക്കുകയും അപമാനിക്കുകയും ചെയ്യുന്നതാണെന്നും പട്ടികകള്‍ പൂര്‍ണമായി റദ്ദാക്കിയില്ലെങ്കില്‍ വലിയ വിലനല്‍കേണ്ടിവരുമെന്ന മുന്നറിയിപ്പുമായി എം ഐ ഷാനവാസ് രംഗത്തെത്തി.
Next Story

RELATED STORIES

Share it