മാധ്യമ ഭീമന്മാരെയും നിയമം പഠിപ്പിക്കണം

കെ  പി  വി
രാജ്യം നിയമസാക്ഷരത കൈവരിക്കാന്‍ എത്രയോ കാലം കഴിയേണ്ടിവരും. മറ്റു പല രാജ്യങ്ങളിലും പൊതുവായ നിയമങ്ങള്‍ കുട്ടിക്കാലം മുതല്‍ക്കുള്ള പഠനങ്ങളുടെ ഭാഗമാണ്. നിയമങ്ങള്‍ സ്വയം പഠിക്കണം. ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളും സങ്കീര്‍ണമായ നിയമങ്ങളില്‍ യാതൊരുവിധ അറിവും ഇല്ലാത്തവരാണ്. ഈ അജ്ഞതയാണ് ഭരണക്കാരും കോടതികളും അഭിഭാഷകരും പോലിസും രാഷ്ട്രീയക്കാരും മുതലെടുക്കുന്നത്. മിക്ക സംസ്ഥാനങ്ങളിലും കോടതി നടപടികള്‍ ഇപ്പോഴും ഇംഗ്ലീഷിലാണ്. മാതൃഭാഷയിലാക്കിയാല്‍ നിയമങ്ങള്‍ ജനങ്ങള്‍ പഠിച്ചുപോവുമോ എന്നാവും ഭയം.
നിയമങ്ങളിലെ കാതലായ മാറ്റങ്ങള്‍ക്കും പുതിയ നിയമങ്ങള്‍ ഉണ്ടാക്കുന്നതിലും പൊതുജനാഭിപ്രായം കണക്കിലെടുക്കാറുമില്ല. ഇതൊക്കെ നമ്മുടെ നാട്ടില്‍ ഒരുവിഭാഗത്തിന്റെ കുത്തകയാണ്. നിയമങ്ങള്‍ പഠിക്കാനും പ്രയോഗിക്കാനും ചര്‍ച്ചചെയ്യാനും ആധികാരികമായി അഭിഭാഷകരെയും കോടതികളെയും നിയോഗിച്ചിരിക്കുകയാണ്. ജനങ്ങള്‍ ഇന്നു നിയമങ്ങള്‍ അറിയുന്നതും പഠിക്കുന്നതും പൊതുവില്‍ മാധ്യമങ്ങളിലൂടെയാണ്. കൃത്യമായ നിയമപഠനം ഒരു മാധ്യമത്തിലും ഇല്ലെങ്കിലും ഓരോ കേസിന്റെയും വിചാരണയിലൂടെയും വിധിയിലൂടെയും കുറച്ച് നിയമങ്ങള്‍ നമ്മള്‍ മനസ്സിലാക്കിവരുന്നു. ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ വഹിക്കുന്ന പങ്ക് അഭിനന്ദനീയമാണ്. ഇങ്ങനെ മാധ്യമങ്ങളിലൂടെ നിരന്തരം കിട്ടിയ അറിവുകളുടെ ഫലമായി ചില കാര്യങ്ങള്‍ ജനങ്ങള്‍ പഠിച്ചുകഴിഞ്ഞിട്ടുണ്ട്. അക്കൂട്ടത്തില്‍ ഒന്നാണ് ബലാല്‍സംഗത്തിന് ഇരയായ പെണ്‍കുട്ടികളുടെ പേരു വെളിപ്പെടുത്തരുതെന്നത്. പല ബലാല്‍സംഗക്കേസുകളിലെയും പെണ്‍കുട്ടികളുടെ പേരുകള്‍ പുറംലോകം അറിഞ്ഞിട്ടില്ല. പത്രമാധ്യമങ്ങളിലോ ദൃശ്യമാധ്യമങ്ങളിലോ സാധാരണ പേരുകള്‍ വെളിപ്പെടുത്താറില്ല. എന്നാല്‍, ജമ്മുകശ്മീരിലെ കഠ്‌വയില്‍ ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട എട്ടുവയസ്സുകാരിയുടെ പേരും വിലാസവും ചിത്രവും വ്യാപകമായി പ്രചരിക്കപ്പെട്ടു. ഇപ്പോഴും പ്രചരിക്കപ്പെടുന്നു. ഇന്ത്യയിലെ മാധ്യമ ഭീമന്മാരാണ് ഇതു വളരെ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചതെന്നു മനസ്സിലാക്കണം. അറിയപ്പെടുന്ന നിയമജ്ഞരും നിയമം പഠിച്ചവരും സേവനമനുഷ്ഠിക്കുന്ന പ്രമുഖ സ്ഥാപനങ്ങളാണ് ഇവയെല്ലാം.
ടൈംസ് ഓഫ് ഇന്ത്യ, ദ ഹിന്ദു, സ്റ്റേറ്റ്‌സ്മാന്‍, പയനിയര്‍, നവഭാരത് ടൈംസ്, എന്‍ഡിടിവി, ഫസ്റ്റ് പോസ്റ്റ്, ദ വീക്ക്, റിപബ്ലിക് ടിവി, ഡെക്കാന്‍ ക്രോണിക്കിള്‍, ഇന്ത്യ ടിവി, ഇന്ത്യന്‍ എക്‌സ്പ്രസ് എന്നീ മാധ്യമങ്ങളാണു നിരന്തരം നിയമലംഘനം നടത്തിയത്. ഇക്കാര്യത്തില്‍ ഡല്‍ഹി ഹൈക്കോടതി സ്വമേധയാ കേസെടുത്ത് 12 മാധ്യമസ്ഥാപനങ്ങള്‍ക്കും നോട്ടീസയച്ചു.
ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 228 എ പ്രകാരം ലൈംഗികാതിക്രമത്തിന് ഇരയാവുന്നവരുടെ പേരു വെളിപ്പെടുത്തുന്നത് രണ്ടുവര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. പോക്‌സോ (ലൈംഗികാതിക്രമങ്ങളില്‍ നിന്നു കുട്ടികള്‍ക്ക് സംരക്ഷണം നല്‍കുന്ന നിയമം) നിയമത്തിലെ 23ാം വകുപ്പു പ്രകാരം ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയാവുന്ന കുട്ടികളുടെ പേരു വെളിപ്പെടുത്തുന്നത് ചുരുങ്ങിയത് ആറുമാസം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഈ നിയമപ്രകാരം പേര്, വിലാസം, ചിത്രം, കുടുംബവിവരം, സ്‌കൂള്‍ വിവരം, അയല്‍പക്കത്തെക്കുറിച്ചുള്ള വിവരം തുടങ്ങിയവയൊന്നും വെളിപ്പെടുത്താനാവില്ല. ഇരയുടെ കുടുംബത്തിന് കാലാകാലങ്ങളില്‍ വേദനയുണ്ടാക്കുന്ന സംഭവങ്ങളാണ് ഇതെന്നു കോടതികള്‍ തന്നെ ഇതിനു മുമ്പു വ്യക്തമാക്കിയിട്ടുണ്ട്. കഠ്‌വ സംഭവത്തില്‍ ഡല്‍ഹി ഹൈക്കോടതി അടിയന്തരമായാണു നടപടികള്‍ സ്വീകരിച്ചത്. സംഭവത്തിന്റെ ഗൗരവം ബോധ്യപ്പെട്ടതിനാലാവാം നോട്ടീസ് കൈപ്പറ്റിയ മാധ്യമസ്ഥാപനങ്ങളും തെറ്റുപറ്റിയതില്‍ കോടതിയില്‍ ഖേദം പ്രകടിപ്പിച്ചു. ഒരു മാധ്യമസ്ഥാപനവും കേസുമായി മുന്നോട്ടുപോയില്ല. അതുതന്നെ മാതൃകാപരമാണ്. നിയമത്തിലെ അറിവില്ലായ്മയും പെണ്‍കുട്ടി മരിച്ചതിനാല്‍ പേരു വെളിപ്പെടുത്താമെന്ന തെറ്റിദ്ധാരണയുമാണ് പ്രസിദ്ധീകരിക്കാന്‍ കാരണമായതെന്നു മാധ്യമസ്ഥാപനങ്ങളുടെ അഭിഭാഷകര്‍ കോടതിയില്‍ സമര്‍പ്പിച്ച മാപ്പപേക്ഷയില്‍ ബോധിപ്പിച്ചു. തെറ്റുപറ്റിയതില്‍ മാധ്യമ ഭീമന്മാര്‍ മാപ്പുപറഞ്ഞതിനാല്‍ ശിക്ഷ കോടതി പിഴയില്‍ ഒതുക്കി. ഓരോ മാധ്യമസ്ഥാപനത്തിനും 10 ലക്ഷം രൂപ വീതമാണു പിഴ. ബലാല്‍സംഗത്തിനിരയാവുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്ന സംസ്ഥാന ഫണ്ടിലേക്കാണു പിഴസംഖ്യ നിക്ഷേപിക്കേണ്ടത്. ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയാവുന്നവരുടെ പേരു വെളിപ്പെടുത്തരുതെന്ന നിയമത്തെക്കുറിച്ച് വ്യാപകമായും തുടര്‍ച്ചയായും പ്രചാരണം നടത്താനും കോടതി ഇവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിന്റെ പൈങ്കിളിവല്‍ക്കരണമോ മല്‍സരബുദ്ധിയോ ഇക്കാര്യത്തില്‍ ഉണ്ടായിട്ടില്ല. ശരിക്കും പറഞ്ഞാല്‍ നിയമത്തെക്കുറിച്ച് ശരിയായ അറിവില്ലാത്തതു തന്നെ കാരണം. ഇതിനു മുമ്പും ബലാല്‍സംഗത്തിനിരയായി മരിച്ചുപോയ കുട്ടികളുടെ പേരുവിവരം പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. അന്നൊന്നും ഒരു കോടതിയും നടപടികള്‍ എടുത്തില്ല.
ഈ നിയമം സംരക്ഷിക്കാനും നടപ്പാക്കാനും അതത് സര്‍ക്കാരുകള്‍ക്ക് ബാധ്യതയുണ്ട്. പോലിസും സര്‍ക്കാരും ഇക്കാര്യത്തില്‍ ഒന്നും ചെയ്തില്ല. മുന്തിയ മാധ്യമങ്ങള്‍ പേരുവിവരം പുറത്തുവിട്ടതോടെ രാജ്യം മുഴുവന്‍ അതു പ്രചരിക്കപ്പെട്ടു.  പൊതുപ്രവര്‍ത്തകരും മനുഷ്യാവകാശ സംഘടനകളും ഇക്കാര്യത്തില്‍ മൗനംപാലിച്ചു. ബലാല്‍സംഗം ചെയ്തു കൊലചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ പേരുവിവരം പ്രസിദ്ധീകരിക്കാമെന്നും അവരൊക്കെ ധരിച്ചുവച്ചിട്ടുണ്ടാവുമോ? പൈശാചികമായ സംഭവത്തിന്റെ നടുക്കത്തില്‍ വിട്ടുപോയതുമാവാം. ജമ്മുകശ്മീരിലെ സംഭവത്തില്‍ ഡല്‍ഹി ഹൈക്കോടതിയുടെ ഇടപെടലും മാധ്യമസ്ഥാപനങ്ങളുടെ മാപ്പുപറച്ചിലും ഇനിയങ്ങോട്ടും ഈ നിയമം ലംഘിക്കപ്പെടാതിരിക്കാന്‍ കാരണമാവണം. തുടര്‍ന്നും ലംഘിക്കപ്പെട്ടാല്‍ ഉടനെ തന്നെ അധികാരികള്‍ കര്‍ശന നടപടി എടുക്കുമെന്നു നമുക്കു പ്രതീക്ഷിക്കാം.                                                  ി
Next Story

RELATED STORIES

Share it