Kottayam Local

മാധ്യമ പ്രവര്‍ത്തകര്‍ക്കായി സാഹോദര്യത്തിന്റെ സന്ദേശം പകര്‍ന്ന് എസ് ഡിപിഐ ഇഫ്താര്‍ വിരുന്ന്



കോട്ടയം: എസ്ഡിപിഐ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിച്ച ഇഫ്താര്‍ സൗഹൃദ വിരുന്ന് പരസ്പര സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും സംഗമവേദിയായി. കോട്ടയം ഓര്‍ക്കിഡ് ഹോട്ടലില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി ഉദ്ഘാടനം ചെയ്തു. ആര്‍എസ്എസ്സിന്റെ ഫാസിസത്തിനെതിരേ ജനാധിപത്യമതേതര വിശ്വാസികള്‍ ഒരുമിച്ചുനില്‍ക്കേണ്ട കാലഘട്ടമാണിതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ ജനാധിപത്യത്തെ കശാപ്പു ചെയ്യുന്നവരാണ് രാജ്യം ഭരിക്കുന്നത്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു പോലും തടയിടുന്ന ഒരുതരം അടിയന്തരാവസ്ഥയാണ് രാജ്യത്ത് നിലനില്‍ക്കുന്നത്. അന്താരാഷ്ട്ര ഹ്രസ്വചലച്ചിത്ര മേളയില്‍ ആനുകാലിക വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയ മൂന്ന് ഡോക്യുമെന്ററികള്‍ക്കു കേന്ദ്രം അനുമതി നിഷേധിച്ചത് ഫാസിസത്തിനെതിരായ പോരാട്ടത്തെ ഭയന്നാണ്. ഇന്ത്യന്‍ ജനാധിപത്യം എങ്ങോട്ടാണ് പോവുന്നതെന്ന ആശങ്ക മാധ്യമ സമൂഹവും പങ്കുവയ്ക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജാതിമത വ്യത്യാസമില്ലാതെ നാം ഒന്നിച്ചുജീവിക്കണമെന്ന സന്ദേശത്തിന് വിള്ളല്‍ വീണുകൊണ്ടിരിക്കുകയാണെന്ന് ചടങ്ങില്‍ സംസാരിച്ച കോട്ടയം പ്രസ് ക്ലബ്ബ് സെക്രട്ടറി ഷാലു മാത്യു അഭിപ്രായപ്പെട്ടു. ജനാധിപത്യത്തിനും മാധ്യമ സ്വാതന്ത്ര്യത്തിനുമെതിരായ നീക്കങ്ങള്‍ വര്‍ധിച്ചുവരികയാണെന്ന ആശങ്ക ചടങ്ങില്‍ സംസാരിച്ച ഭൂരിഭാഗം മാധ്യമപ്രവര്‍ത്തകരും പങ്കുവച്ചു. എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി എം കെ മനോജ്കുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്്മല്‍ ഇസ്്മാഈല്‍, സംസ്ഥാന സെക്രട്ടറി റോയ് അറയ്ക്കല്‍, ജില്ലാ പ്രസിഡന്റ് യു നവാസ്, ജില്ലാ ജന. സെക്രട്ടറി സി എച്ച് ഹസീബ്, ജില്ലാ വൈസ് പ്രസിഡന്റുമാരായ പി കെ സിറാജുദ്ദീന്‍, ഷെമീര്‍ അലിയാര്‍, ജില്ലാ ഖജാഞ്ചി മുഹമ്മദ് സിയാദ് വാഴൂര്‍ പങ്കെടുത്തു. വിവിധ മാധ്യമ സ്ഥാപനങ്ങളെ പ്രതിനിധീകരിച്ച് നിരവധി പത്ര, ദൃശ്യമാധ്യമ പ്രവര്‍ത്തകരും ഇഫ്താര്‍ സൗഹൃദ വിരുന്നില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it