World

മാധ്യമ പ്രവര്‍ത്തകരുടെ തടവിനെ ന്യായീകരിച്ച് ഓങ് സാന്‍ സൂച്ചി

ഹാനോയ്: റോയിറ്റേഴ്‌സ് മാധ്യമ പ്രവര്‍ത്തകരെ തടവിലാക്കിയ നടപടിയെ ന്യായീകരിച്ചു മ്യാന്‍മര്‍ നേതാവ് ഓങ് സാന്‍ സൂച്ചി. മാധ്യമ പ്രവര്‍ത്തകരെ തടവിലാക്കിയത് ആവിഷ്‌കാര സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയമല്ലെന്നും അവര്‍ക്ക് ജയില്‍ ശിക്ഷയ്‌ക്കെതിരേ അപ്പീല്‍ പോവാമെന്നും സൂച്ചി പറഞ്ഞു.
ഔദ്യോഗിക രഹസ്യരേഖകള്‍ കൈവശം വച്ചതിന് റോയിറ്റേഴ്‌സ് മാധ്യമ പ്രവര്‍ത്തകരായ വ ലോണ്‍ (32), കയ്വാവ് സോ (28) എന്നിവരെയാണു മ്യാന്‍മറില്‍ ഏഴു വര്‍ഷത്തേക്കു ജയിലിലടച്ചത്. ഔദ്യോഗിക രഹസ്യ നിയമത്തിന്റെ ലംഘനമാണെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി. മാധ്യമ പ്രവര്‍ത്തകരെ തടവിനു ശിക്ഷിച്ചുകൊണ്ടുള്ള കോടതിവിധിക്കു ശേഷം ഇതാദ്യമായാണ് വിഷയത്തില്‍ സൂച്ചിയുടെ പ്രതികരണം പുറത്തുവരുന്നത്. മാധ്യമപ്രവര്‍ത്തകരായതു കൊണ്ടല്ല ഔദ്യോഗിക രഹസ്യനിയമം അവര്‍ ലംഘിച്ചതു കൊണ്ടാണു കോടതിയുടെ ശിക്ഷാ നടപടിയെന്നു വിയറ്റ്‌നാമിലെ ഹാനോയില്‍ ലോക സാമ്പത്തിക ഫോറം സമ്മേളനത്തില്‍ സംസാരിക്കവേ സൂച്ചി പറഞ്ഞു. മാധ്യമ പ്രവര്‍ത്തകര്‍ അറസ്റ്റിലായതു സംബന്ധിച്ച് ഫോറം മോഡറേറ്ററുടെ ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു അവര്‍.
റോഹിന്‍ഗ്യന്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായി മ്യാന്‍മര്‍ സൈന്യം നടത്തുന്ന അതിക്രമങ്ങളെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകര്‍ റിപോര്‍ട്ട് ചെയ്തിരുന്നു. റഖൈനിലെ ഇന്‍ദിന്‍ ഗ്രാമത്തില്‍ 10 റോഹിന്‍ഗ്യരെ സൈന്യം കൂട്ടക്കൊല ചെയ്ത സംഭവം അന്വേഷിക്കുന്നതിനിടെ കഴിഞ്ഞ ഡിസംബറിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ഔദ്യോഗിക രഹസ്യ രേഖകള്‍ കൈവശം വച്ചെന്ന ആരോപണം വിചാരണയ്ക്കിടെ ഇരുവരും നിഷേധിച്ചിരുന്നു.

Next Story

RELATED STORIES

Share it