kozhikode local

മാധ്യമ പ്രവര്‍ത്തകരുടെ തൊഴില്‍ സുരക്ഷ: പ്രതിഷേധ കൂട്ടായ്മ നടത്തി



കോഴിക്കോട്: മാധ്യമപ്രവര്‍ത്തകര്‍ക്ക് തൊഴില്‍മേഖലയി ല്‍ നേരിടുന്ന ഭീഷണികളും അരക്ഷിതാവസ്ഥയും ഇല്ലാതാക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ കമ്മിറ്റി പ്രസ്‌ക്ലബ് അങ്കണത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ചരിത്രകാരന്‍ ഡോ. എം ജി എസ് നാരായണന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ത്താശേഖരണത്തിനിടെ മലയാള മനോരമ ലേഖകന്‍ ടി ഡി ദിലീപിനെ മര്‍ദിച്ച ലഹരിമാഫിയാ സംഘത്തിനെതിരേ പ്രധാന വകുപ്പുകള്‍ അനുസരിച്ച് കേസെടുക്കണമെന്ന ആവശ്യം ഉന്നയിച്ചായിരുന്നു സമരം. പത്രസ്വാതന്ത്ര്യത്തിനെതിരേ ഉണ്ടാവുന്ന കടന്നാക്രമണം ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന് ഡോ. എം ജി എസ് നാരായണന്‍ പറഞ്ഞു. പോലിസും ലഹരിമാഫിയയും ഒത്തുകളിക്കുന്നുവെന്ന ആരോപണം ഗൗരവമായി കാണേണ്ടതുണ്ട്. ദിലീപ് എന്ന പത്രലേഖകനെതിരെ ഉണ്ടായ അതിക്രമത്തില്‍ പ്രതിഷേധിക്കാന്‍ മാധ്യമപ്രവര്‍ത്തകരും പൊതുജനങ്ങളും മുന്നോട്ട് വന്നത് ജനാധിപത്യം ജീവിച്ചിരിക്കുന്നുവെന്നതിന്റെ തെളിവാണ്. ഇത് അവസാനശ്വാസമാണോ എന്നറിഞ്ഞുകൂട. ഏതായാലും മാധ്യമസ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതില്‍ ജാഗ്രത വേണം എം ജി എസ് പറഞ്ഞു. പരിഷ്‌കൃത സമൂഹത്തില്‍ സ്വതന്ത്രമായ മാധ്യമപ്രവര്‍ത്തനം അത്യന്താപേക്ഷിതമാണെന്ന് മുസ്്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു. പൗരാവകാശങ്ങള്‍ക്ക് എന്താണ് സംഭവിക്കുന്നത് എന്ന് ആലോചിക്കാന്‍ സമയമായി എന്നാണ് ഇത്തരം സംഭവങ്ങള്‍ ഓര്‍മിപ്പിക്കുന്നതെന്ന് അഡ്വ. പി എസ് ശ്രീധരന്‍പിള്ള പറഞ്ഞു. ജനങ്ങളില്‍ ഉള്‍ഭീതി നിലനില്‍ക്കുന്ന ഒരു കാലത്തിലൂടെയാണ് നാം കടന്നുപോകുന്നതെന്ന് കെ ഇ എന്‍ കുഞ്ഞഹമ്മദ് അഭിപ്രായപ്പെട്ടു. കെ ജി പങ്കജാക്ഷന്‍, ഡിസിസി പ്രസിഡന്റ് അഡ്വ. ടി സിദ്ദീഖ്, സിപിഐ ജില്ലാ സെക്രട്ടറി ടി വി ബാലന്‍, യുവമോര്‍ച്ച നേതാവ് രജീഷ്, ബിഎംഎസ് നേതാവ് കെ ഗംഗാധരന്‍, എംഇഎസ് ജില്ലാ പ്രസിഡന്റ് സി ടി സക്കീര്‍ഹുസൈന്‍, എസ്ടിയു സംസ്ഥാന സെക്രട്ടറി യു പോക്കര്‍, വിനോദ് മേക്കോത്ത്്, സിവിഎം വാണിമേല്‍, പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന പ്രസിഡന്റ പി എ അബ്ദുല്‍ഗഫൂര്‍, ജനറല്‍ സെക്രട്ടറി സി നാരായണന്‍, നിയുക്ത ജില്ലാ പ്രസിഡന്റ് കെ പ്രേമനാഥ്, ജില്ലാ പ്രസിഡന്റ്് കമാല്‍ വരദൂര്‍, ജില്ലാ സെക്രട്ടറി എന്‍ രാജേഷ് , നിയുക്ത സെക്രട്ടറി കെ വിപുല്‍നാഥ് സംസാരിച്ചു.
Next Story

RELATED STORIES

Share it