മാധ്യമവിചാരണ വേണ്ട; ചര്‍ച്ച മതി:ജ. സി എന്‍ രാമചന്ദ്രന്‍ നായര്‍

കൊച്ചി: മാധ്യമങ്ങളില്‍ ജനങ്ങളെ വിചാരണചെയ്യുന്ന രീതി നന്നല്ലെന്നും ചര്‍ച്ചാ ശൈലിയാണ് അഭികാമ്യമെന്നും ശമ്പള കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍. കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ 2014-15 ബാച്ചിന്റെ സനദ്ദാനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മാധ്യമ ചര്‍ച്ചകള്‍ സമൂഹനന്മ ലക്ഷ്യമാക്കിയുള്ളതാവണം. ചാനല്‍ ചര്‍ച്ചകള്‍ ജനങ്ങളെ ടിവിക്ക് മുമ്പില്‍ പിടിച്ചിരുത്താന്‍ വേണ്ടിയാവരുത്.

വിവാദങ്ങള്‍ക്കു മാത്രം പ്രാധാന്യം നല്‍കുമ്പോള്‍ സത്യം ബലികഴിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.  മാധ്യമവിചാരണയുടെ ഇരകള്‍ ഏറെയുണ്ട്. പല മാധ്യമങ്ങള്‍ക്കും വിവാദങ്ങള്‍ മാത്രമാണു വേണ്ടത്. പല കേസുകളിലും കോടതിയില്‍ വിചാരണ നടക്കുന്നതിനു മുമ്പുതന്നെ മാധ്യമങ്ങള്‍ വിധിപറയുന്ന അവസ്ഥയാണുള്ളത്. ഇതു ശരിയല്ല. ഇരുതലമൂര്‍ച്ചയുള്ള കത്തിയായി മാധ്യമവ്യവസായം മാറിക്കഴിഞ്ഞുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ സെര്‍ജി ആന്റണി അധ്യക്ഷത വഹിച്ചു. ഡോ. എം ലീലാവതി സമ്മേളനം ഉദ്ഘാടനം ചെയ്തു. 2014-15 ബാച്ചിലെ ജേണലിസം ആന്റ് കമ്മ്യൂണിക്കേഷന്‍, പബ്ലിക് റിലേഷന്‍സ് ആന്റ് അഡ്വര്‍ടൈസിങ്, ടിവി ജേണലിസം, വീഡിയോ എഡിറ്റിങ് കോഴ്‌സ് പരീക്ഷയിലെ ഒന്നാം റാങ്കുകാരായ വി ടി രതീഷ്, എം എന്‍ നിമിഷ, മിഥുന്‍ എസ് എന്നിവര്‍ക്കു കേരള മീഡിയ അക്കാദമി കാഷ് അവാര്‍ഡിനും രണ്ടാം റാങ്കുകാരായ ബി പി കാര്‍ത്തിക, എസ് അവനീത് വിഷ്ണു, ടി എം കാര്‍ത്തിക് എന്നിവര്‍ എം എന്‍ ശിവരാമന്‍ നായര്‍ മെമ്മോറിയല്‍ കാഷ് അവാര്‍ഡിനും അര്‍ഹരായി.  പി എസ് ജോണ്‍ മെമ്മോറിയല്‍ കാഷ് അവാര്‍ഡ് മൂന്നാം റാങ്കുകാരായ കെ ആര്‍ അമല്‍, എം കെ അഖില്‍, ജെ അഖിലശ്രീ എന്നിവര്‍ക്കു സമ്മാനിച്ചു.
Next Story

RELATED STORIES

Share it