kannur local

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ സിപിഎം ഫഌക്‌സുകള്‍

കണ്ണൂര്‍: ശുഹൈബ് വധക്കേസുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകര്‍ ഏകപക്ഷീയമായി വാര്‍ത്ത നല്‍കുന്നുവെന്നാരോപിച്ച് കണ്ണൂര്‍ നഗരത്തിലുടനീളം സിപിഎമ്മിന്റെ പേരില്‍ പ്രകോപനപരമായ ഫഌക്‌സ് ബോര്‍ഡുകള്‍. ധനരാജിനെ വെട്ടിനുറുക്കുമ്പോഴും കെ വി സുധീഷിനെ 38 വെട്ടുകളാല്‍ കൊലപ്പെടുത്തുമ്പോഴും മാധ്യമങ്ങള്‍ നിശബ്ദത പാലിക്കുകയായിരുന്നുവെന്നാണ് പ്രധാന ആരോപണം. മാധ്യമവേശ്യകളേ എന്നാണ് പല ഫഌക്‌സുകളിലെയും അഭിസംബോധന. നാദാപുരത്ത് ഷിബിനെ ലീഗുകാര്‍ വെട്ടിനുറുക്കിയപ്പോള്‍ ഇപ്പോള്‍ ശുഹൈബിന് വേണ്ടി ഓരിയിടുന്ന ആരെയും കണ്ടിരുന്നില്ലെന്ന് ഫഌകസില്‍ പറയുന്നു.
വലതുപക്ഷ മാധ്യമ മേലാളന്മാര്‍, കമ്മ്യൂണിസ്റ്റുകാരെ അരുംകൊല ചെയ്യുമ്പോള്‍ അന്ധരാവുന്ന വലതുപക്ഷ മാധ്യമ തമ്പുരാക്കന്മാര്‍ തുടങ്ങി നിരവധി ആരോപണങ്ങളും ഉയര്‍ത്തുന്നുണ്ട്. മാധ്യമപ്രവര്‍ത്തകയെയും  പോലിസുകാരനായ ഭര്‍ത്താവിനെയും പ്രതിക്കൂട്ടിലാക്കി സിപിഎം മുഖപത്രത്തില്‍ കഴിഞ്ഞ ദിവസം വാര്‍ത്ത വന്നിരുന്നു. പോലിസുകാരുടെ വാട്‌സാപ്പ് ഗ്രൂപ്പിലടക്കം ഇവരെ തല്ലണമെന്ന ആഹ്വാനവും നല്‍കി. കണ്ണൂരിലെ രാഷ്ട്രീയ സംഭവവികാസങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ ഭീഷണി വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കേരള പത്രപ്രവര്‍ത്തക യൂനിയന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഇന്നലെ പ്രതിഷേധ യോഗം ചേര്‍ന്ന് പ്രമേയം പാസാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നഗരത്തില്‍ പലയിടത്തും ഫഌക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്.
Next Story

RELATED STORIES

Share it